‘വികസനം’ എന്ന പദം ഒരു നവ ഇടതുപക്ഷ പരിപ്രേക്ഷ്യം ആവശ്യപ്പെടുന്നു. കവി റഫീഖ് അഹമ്മദ്

ട്രാൻസിഷൻ സ്‌റ്റഡീസ് പുറത്തിറക്കിയ ‘അതിവേഗ കടപ്പാതകൾ’
എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു കവി റഫീഖ് അഹമ്മദ്.
കെ – റെയിൽ ഒരു നിമിത്തമായി കണ്ടുകൊണ്ട് ലോകത്തും ഇന്ത്യയിലും കേരളത്തിലും വളരെ പ്രധാനപ്പെട്ട ചില സംവാദ വിഷയങ്ങളെ പൊതുസമൂഹത്തിലേക്ക് വീണ്ടും കൊണ്ടുവരിക എന്നതാണ് അതിവേഗ കടപ്പാതകൾ എന്ന പുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വികസനത്തെ സംബന്ധിച്ച് പല യുക്തികളും നിലനിൽക്കുന്നുണ്ട്. വികസനം ആരുടെ? എന്തു തരത്തിലുള്ള വികസനം? വളരെ കാലങ്ങളായിട്ട് സംവാദങ്ങൾ നടക്കുന്നുണ്ട്. നമ്മുടെ വ്യവസ്ഥാപിത ഇടതുപക്ഷം പോലും വികസനത്തെ സംബന്ധിച്ച ഒരു ഇടതുപക്ഷ പരിപ്രേക്ഷ്യം മുന്നോട്ട് വയ്ക്കുന്നില്ല. അതിലൊക്കെ പ്രവർത്തിക്കുന്നത് മുതലാളിത്തയുക്തികൾ തന്നെയാണ്.
ഇന്നത്തെ ലോകത്തിന്റെ അവസ്ഥയിൽ ജീവന്റെ നിലനിൽപു തന്നെ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനവുമൊക്കെയുള്ള ഒരു ലോകത്ത് ഒരു ചെറിയ വികസനശ്രമം പോലും അത്യധികം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. പക്ഷേ, അതിനെയൊക്കെയും മുതലാളിത്ത ലാഭേച്ഛയുടെയും ആഢംബരയുക്തികളുടെയും അടിസ്ഥാനത്തിലാണ് ഇടതുപക്ഷവും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള ചർച്ചകൾ വന്നപ്പോൾ ആളുകൾ ദുബായ്, സിംഗപ്പൂര്, മലേഷ്യ പോലുള്ള സ്ഥലങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് കേരളത്തെ വിലയിരുത്തുന്നത്. ഇത്തരത്തിലുള്ള ഒരുപാട് അയുക്തികമായിട്ടുള്ള പ്രശ്നങ്ങൾ വികസനത്തെ സംബന്ധിച്ച് നിലനിൽക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

ഇന്ന് ശാസ്ത്രം, കവികളും സാംസ്കാരിക പ്രവർത്തകരും പറയുന്നിടത്തേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന ശാസ്ത്രസങ്കൽപമൊന്നുമല്ല ഇന്ന് നിലനിൽക്കുന്നത്. പ്രകൃതിയെയും മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും കൂടി ഉൾകൊള്ളാൻ കഴിയാത്ത, ഒരു വികസനവും ശാശ്വതമല്ല എന്ന തിരിച്ചറിവിലേക്ക് ആധുനിക ശാസ്ത്രം എത്തിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഇതൊന്നും മുതലാളിത്ത വികസനത്തിനു വേണ്ടി മുറവിളി കൂട്ടുന്നവർ ഗൗനിക്കുന്നില്ല. ഇവർ പിന്തുടരുന്ന ശാസ്ത്രം ഏതാണെന്ന് നമുക്കറിയില്ല. വികസനം ആർക്കു വേണ്ടി, എന്തിനു വേണ്ടി, എങ്ങനെ? എന്നതിനെ കുറിച്ച് വളരെ ഗൗരവതരമായ സംവാദങ്ങൾക്ക് ആക്കം കൂട്ടാൻ “അതിവേഗ കടപ്പാതകൾ” എന്ന ഈ പുസ്തകം ഉപകരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു.
കാട്ടകാമ്പൽ കെ – റെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകൻ പി.എം. അഷ്റഫ് പുസ്തകം ഏറ്റുവാങ്ങി. നീതുദാസ് പുസ്തകം പരിചയപ്പെടുത്തി. ‘അതിവേഗ കടപ്പാതകൾ’ എന്ന ഈ പുസ്തകത്തിൽ പരിസ്ഥിതി, സാമ്പത്തിക ശാസ്ത്ര മേഖലയിലെ നിരവധി പ്രമുഖരുടെ ലേഖനങ്ങൾ ഉൾപ്പെടുന്നുണ്ട്.

 

(പുസ്തകം ആവശ്യമുള്ളവർക്ക്
8547698740 ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.)

Comments
error: Content is protected !!