വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച്‌ ലഹരിമരുന്ന് വില്‍പന; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച്‌ മാരക ലഹരിമരുന്നായ എം.ഡി.എം.എ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയിലായി. കക്കോടി മുക്ക് സ്വദേശിയായ ബാഗു എന്നറിയപ്പെടുന്ന കുന്നത്ത് പടിക്കല്‍ ബിനേഷിനെയാണ് (37) നാര്‍ക്കോട്ടിക് സെല്‍ അസി. കമീഷണര്‍ പി. പ്രകാശന്റെ നേതൃത്വത്തിലുള്ള ഡന്‍സാഫും നടക്കാവ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.

ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ എസ്. ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരം രാത്രികാല പരിശോധന ശക്തമാക്കിയ ഡന്‍സാഫ് നിരവധി ദിവസങ്ങളായി ഈസ്റ്റ്ഹില്‍, കാരപ്പറമ്ബ് ഭാഗങ്ങളില്‍ ലഹരിമരുന്ന് വില്‍പന നടത്തുന്ന സംഘത്തെക്കുറിച്ച്‌ അന്വേഷണം നടത്തിവരുകയായിരുന്നു. പ്രതിയില്‍നിന്ന് മൂന്ന് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കാരംസ് ക്ലബിന്റെ മറവിലായിരുന്നു ലഹരി വില്‍പന. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എം.ഡി.എം.എ രഹസ്യമായി എത്തിച്ചുനല്‍കാറാണ് പതിവ്. സുഹൃത്തുക്കളുടെയും ലഹരിക്ക് അടിപ്പെട്ടവരുടെയും വാഹനങ്ങളിലാണ് വില്‍പന.വാഹനം ദൂരെ നിര്‍ത്തിയശേഷം നടന്നു വന്നാണ് ലഹരിമരുന്ന് കൈമാറുക. വാഹനം ഏതെന്ന് മനസ്സിലാക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. സിവില്‍ സ്റ്റേഷനു സമീപത്ത് പ്രതി ലഹരിമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്ന മാഫിയ തലവനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആരാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് സംഘത്തലവന് മാത്രമേ അറിയൂ എന്നാണ് ഇയാളുടെ മൊഴി.നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍നിന്ന് 31,000 രൂപയും മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു.

ഡന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മനോജ് എടയേടത്ത്, സീനിയര്‍ സി.പി.ഒ കെ. അഖിലേഷ്, സി.പി.ഒമാരായ ജിനേഷ് ചൂലൂര്‍, അര്‍ജുന്‍ അജിത്ത്, നടക്കാവ് സ്റ്റേഷനിലെ എസ്.ഐമാരായ എസ്.ബി. കൈലാസ് നാഥ്, ശ്രീഹരി, കിരണ്‍ ശശിധരന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് മമ്ബാട് സീനിയര്‍ സി.പി.ഒ ഹരീഷ്, സി.പി.ഒ ഷാജിഖ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Comments

COMMENTS

error: Content is protected !!