വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് കേസെടുത്തു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ഫർസിൻ മജീദ് (28), കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ. നവീൻകുമാർ (34), സുനിത് കുമാർ എന്നിവർക്കെതിരെയാണ് കേസ്. കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന് പരാതിപ്പെട്ട രണ്ട് പ്രതികൾ മെഡിക്കൽ കോളജിൽ പൊലീസ് കാവലിൽ ചികിത്സയിലാണ്.

വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാണിക്കൽ എന്നീ വകുപ്പുകൾ ചുമത്തി വലിയതുറ പോലീസാണ് കേസെടുത്തത്. അതിക്രമം തടയുന്നതിനിടെ പരിക്കേറ്റതായി മുഖ്യമന്ത്രിയുടെ ഗൺമാനും പ്രൈവറ്റ് സെക്രട്ടറിയും പോലീസിൽ മൊഴി നൽകിയിരുന്നു.

അതേസമയം കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി വരവേ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍റെ വാദം പൊളിയുന്നു. വിമാനത്താവളത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ഡോക്ടറോ, മെഡിക്കൽ കോളേജിൽ നടത്തിയ വിശദപരിശോധനയിലോ പ്രതികൾ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ല. 

”മദ്യപിച്ച് ലക്കുകെട്ട രീതിയിൽ ബോധമില്ലാത്ത രീതിയിലാണ് ഇവർ മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയത്. മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു”, എന്നാണ് ഇ പി ജയരാജൻ ആരോപിക്കുന്നത്. മുഖ്യമന്ത്രി എണീറ്റ് ബാഗെടുക്കാൻ ഒരുങ്ങുകയും താൻ എഴുന്നേറ്റ് ബാഗെടുക്കാനും ശ്രമിക്കുമ്പോഴായിരുന്നു സംഭവമെന്നും ജയരാജന്‍ പറഞ്ഞു. പ്രതിഷേധക്കാരെ ജയരാജന്‍ തള്ളിമാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്.

വിമാനത്തിൽ 8 എ, 8 സി, 7 ഡി എന്നീ സീറ്റുകളിൽ യാത്ര ചെയ്തിരുന്നവരാണ് അതിക്രമം കാണിച്ചതെന്നാണ് എയർപോർട്ട് മാനേജർ വിജിത്ത് പരാതി നൽകിയിട്ടുള്ളത്. കണ്ണൂരിൽ നിന്നുമെത്തിയ മൂന്ന് യാത്രക്കാർ അതിക്രമം കാണിച്ചുവെന്ന് കാണിച്ച് ഇൻഡിഗോ ഗ്രൗണ്ട് ഹാൻഡിലിംഗ് മാനേജരും പരാതി നൽകിയിട്ടുണ്ട്. 

അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിന് ഇ പി ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്  പരാതി നൽകും. കെപിസിസി ഓഫീസ് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും. ജില്ലാ കേന്ദ്രങ്ങളിൽ  പ്രതിഷേധമുണ്ടാകും. 

Comments

COMMENTS

error: Content is protected !!