Uncategorized

പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കൊച്ചി, കൊയിലാണ്ടി, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒരേ സമയമാണ് റെയ്ഡ് നടക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഇന്ന് രാവിലെ എട്ട് മുതല്‍ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. രാഷ്ട്രീയ ബന്ധങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, കള്ളപ്പണ ഇടപാടുകള്‍ എന്നീ വിഷയങ്ങളിലാണ് ഫാരിസ് അബൂബക്കറിനെതിരെ അന്വേഷണം നടക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കൊച്ചിയിലേയും ചെന്നൈയിലേയും ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്.

92 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഫാരിസിന്റേതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ പേരില്‍ വിവിധയിടങ്ങളില്‍ ഇയാള്‍ക്ക് ഭൂമി ഇടപാടുകളുണ്ട്. ഇതില്‍ വിദേശത്ത് നിന്നടക്കം നിക്ഷേപമുണ്ട്. ചെന്നൈ ആസ്ഥാനമായി കാണിച്ചിരിക്കുന്ന കമ്പനികളില്‍ വിവിധ ഡയറക്ടര്‍മാരെയാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്.

ഇവരില്‍ പലരും വിദേശത്തുനിന്നുള്ളവരാണെന്നും സൂചനയുണ്ട്. പല കമ്പനികളുടെ നിക്ഷേപകര്‍ ആരാണെന്നും അവ്യക്തതയുണ്ട്. കമ്പനികളില്‍ രാഷ്ട്രീയ നിക്ഷേപമുണ്ടെന്നും ആദായ നികുതി വകുപ്പ് സംശയിക്കുന്നുണ്ട്.

നൂറ് കണക്കിന് കോടി രൂപയുടെ കള്ളപ്പണം നിക്ഷേപമായി എത്തിയെന്നാണ് ആദായ നികുതി വകുപ്പ് പ്രാഥമികമായി കണ്ടെത്തിയത്. ഇതിന്റെ ഭാഗമായാണ് റെയ്ഡ്. നിലവില്‍ ഫാരിസ് അബൂബക്കര്‍ ലണ്ടനിലാണെന്നാണ് സൂചന. അടിയന്തരമായി ഹാജരാകാന്‍ ഫാരിസിനോട് ആദായനികുതി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button