വിവാഹവും വിവാഹ മോചനവും. നിയമ പരിഷ്കരണം വേണമെന്ന് കോടതി
വിവാഹ നിയമങ്ങളിൽ പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി. വിവാഹത്തിനും വിവാഹമോചനത്തിനുമായി മതേതരമായ പൊതു നിയമം വേണമെന്നും ഇത് കാലഘട്ടത്തിൻ്റെ ആവശ്യമാണന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സമുദായ നിയമങ്ങൾക്കനുസരിച്ചുള്ള വിവാഹമാകാമെങ്കിലും എല്ലാ വിവാഹങ്ങളും നിയമ വിധേയമാക്കണമെന്നും കോടതി നിർദേശിച്ചു.
സ്ത്രീധന പീഡനവും ലൈംഗീക പീഡനവും ചൂണ്ടിക്കാട്ടി കുടുംബ കോടതി അനുവദിച്ച വിവാഹമോചന ഹർജികൾക്കെതിരായ ഭർത്താക്കൻമാരുടെ അപ്പീലുകൾ തള്ളിക്കൊണ്ടാന്ന് ജസ്റ്റീസുമാരായ എ.മുഹമ്മദ് മുഷ്താഖും കൗസർ എടപ്പഗത്തും അടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്.
ഭാര്യയുടെ ആഗ്രഹവും അനുമതിയുമില്ലാതെയുള്ള ലൈംഗീക ബന്ധം ബലാൽസംഗമാണന്നും വിവാഹമോചനത്തിന് മതിയായ കാരണമാണന്നും കോടതി വ്യക്തമാക്കി
ഭര്‍ത്താവിന്റെ സമ്പത്തിനോടുള്ള ആര്‍ത്തിയും ലൈംഗീകാഭിനിവേശവും സ്ത്രീയുടെ ജീവിതം ദുരിത പൂര്‍ണമാക്കും. നിരാശരായ അവര്‍ വിവാഹ മോചനത്തിനുവേണ്ടി പണവും ആഭരണവും ഉപേക്ഷിക്കാന്‍ തയ്യാറാവും. വിവാഹ മോചനത്തിനായുള്ള സ്ത്രീകളടെ അപേക്ഷകള്‍ കാലങ്ങളായ് നീതിപീഠങ്ങള്‍ക്ക് മുന്നില്‍ കെട്ടിക്കിടക്കുകയാണ്. സമൂഹത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സ്ത്രീയുടെ കണ്ണീര് കാണാനുള്ള ബാധ്യത കോടതിക്കുണ്ടെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.