മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷിക നിറവിൽ രാജ്യം; ഇന്ന് രാജ്യാന്തര അഹിംസാ ദിനം

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക നിറവിൽ രാജ്യം. ഇന്ന് രാജ്യാന്തര അഹിംസാ ദിനം. ഗാന്ധിജിയുടെ ജന്മവാർഷികം ഇന്ത്യയും ലോകവും വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തും.

 

സത്യാഗ്രഹമെന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മാർട്ടിൻ ലൂഥർ കിങിനെയും നെൽസൺ മണ്ടേലയെയും പോലുള്ള വലിയ ലോകനേതാക്കൾ തങ്ങളുടെ വഴികാട്ടിയും മാതൃകയുമായി സ്വീകരിച്ചത് മോഹൻദാസ് കരംചന്ദ് ഗാന്ധിയെ ആയിരുന്നു. നാഥുറാം ഗോഡ്‌സെ എന്ന മതഭ്രാന്തൻ 1948 ജനുവരി 30ന് വെടിയുതിർത്ത് ഇല്ലാതാക്കിയത് ലോകത്തെ എക്കാലത്തെയും വലിയ സ്വാതന്ത്ര്യ പ്രതീകത്തെയായിരുന്നു. ഒരു ജനതയുടെ, രാഷ്ട്രത്തിന്റെ ആത്മാവിനെയായിരുന്നു.

 

മാനവിക മൂല്യങ്ങളോടും സത്യത്തോടും അഹിംസയോടും മാത്രമായിരുന്നു ഗാന്ധിജിയുടെ കൂറ്. അദ്ദേഹത്തിന് ജീവിതം നിരന്തര സത്യാന്വേഷണത്തിനുള്ള യാത്രയായിരുന്നു. പുതിയ കാലത്തെ ഇന്ത്യയിൽ ഓരോ സാധാരണ ഇന്ത്യക്കാരന്റെയും ഉള്ളിൽ ഗാന്ധിജി ഓരോ ദിവസവും കൂടുതൽ കൂടുതൽ വളർച്ച നേടുന്നത് നമ്മൾ അറിയുന്നുണ്ട്. സത്യമാണ് ദൈവമെന്ന് ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകനുമായി അദ്ദേഹം ജീവിച്ചു. ആ പാതയിൽ മനുഷ്യരെ സധൈര്യം നയിച്ചു. വൈരുദ്ധ്യങ്ങളോട് ഗാന്ധിജി നിരന്തരം സംവദിച്ചു. പാരമ്പര്യത്തിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ അദ്ദേഹം ആധുനിക മൂല്യങ്ങളെ പൂർണമായും ഉൾക്കൊണ്ടു.

 

മുഴുവൻ മനുഷ്യരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ളത് ഈ ഭൂമിയിലുണ്ടെന്നും എന്നാൽ, ഒരാളുടെ പോലും ആർത്തിയെ തൃപ്തിപ്പെടുത്താൻ അതിന് കഴിയില്ലെന്നുമുള്ള ഗാന്ധിജിയുടെ നിരീക്ഷണം കാലാവസ്ഥാ വ്യതിയാനമൂലമുള്ള ദുരന്തങ്ങൾ ലോകത്തെ തുറിച്ചുനോക്കുന്ന ആധുനികകാലത്ത് ഏറെ പ്രസക്തമാണ്.
Comments

COMMENTS

error: Content is protected !!