വിവാഹ വാർഷിക ദിനത്തിൽ അനാമികക്ക് വീട് വെക്കാൻ സ്ഥലം സൗജന്യമായി നൽകി ദമ്പതികൾ
മേപ്പയ്യൂർ : വിവാഹ വാർഷിക ദിനത്തിൽ വീട് വെക്കാൻ സ്ഥലം നൽകി ദമ്പതിമാർ മാതൃകയായി. സ്വന്തമായി വീടോ,വീട് വെക്കാൻ സ്ഥലമോ ഇല്ലാത്ത മേപ്പയ്യൂർ, കീഴ്പ്പയൂരിലെ മുന്നൂറാം കണ്ടി അനാമികക്ക് വീട് വെക്കാനുള്ള സ്ഥലത്തിന്റെ രേഖകൾ കൈമാറിയത് കീഴ്പ്പയ്യൂരിലെ പൊതുപ്രവർത്തകനായ കെ ലോഹ്യയും ഭാര്യ ഷെറിനും ചേർന്നാണ്. അവരുടെ പത്തൊമ്പതാം വിവാഹ വാർഷിക ദിനത്തിലാണ് രേഖകൾ കൈമാറിയത്. മുന്നൂറാം കണ്ടി കേളപ്പന്റെ മകളാണ് അനാമിക.
ടാർപോളിൻ ഇട്ട ഒറ്റമുറിയിൽ വൈദ്യുതി പോലും ഇല്ലാതിരുന്ന അനാമികയുടെ ദുരിതം നേരത്തെ വാർത്തയായിരുന്നു. വൈദ്യുതിയില്ലാത്തത് മൂലം ഫോൺ ചാർജ് ചെയ്ത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെ വന്നപ്പോൾ വൈദ്യുതി മന്ത്രിയെ അനാമിക നേരിട്ട് വിളിക്കുകയും മണിക്കൂറുകൾക്കകം വൈദ്യുതി ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ വീട് വെച്ച് നൽകാൻ ചില സന്നദ്ധ സംഘടനകൾ രംഗത്തുവന്നുവെങ്കിലും ഭൂമി കൈവശമില്ലാത്തത് തടസ്സമായി. ദമ്പതികൾ വില കൊടുത്ത് വാങ്ങിയ 11 സെൻറ് ഭൂമിയിൽ നിന്നാണ് മൂന്ന് സെൻറ് സൗജന്യമായി നൽകിയത്.
ജനതാദൾ(എസ്) കോഴിക്കോട് ജില്ലാ പ്രസിഡണ്ടും മലബാർ ദേവസ്വം ബോർഡ് അംഗവുമാണ് കെ.ലോഹ്യ. ഭാര്യ ഷെറിൻ വടകര റൂറൽബാങ്ക് ജീവനക്കാരിയാണ് .