വിസ്മയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതി കിരണ്‍കുമാര്‍

നിലമേല്‍ സ്വദേശിനി വിസ്മയെന്ന പെണ്‍കുട്ടി സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത  കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതി കിരണ്‍കുമാര്‍ കേസ് പൂര്‍ണമായും കെട്ടിച്ചമച്ചതാണ്. കോടതിയില്‍ നിരപരാധിത്വം തെളിയിക്കും. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ല. സ്ത്രീധനപീഡനത്തെ തുടര്‍ന്നുള്ള ഒരു പ്രശ്‌നങ്ങളുമില്ലായിരുന്നെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും പ്രതി വ്യക്തമാക്കി. മോബൈല്‍ ഫോണ്‍ അടക്കമുള്ള തെളിവുകള്‍ കെട്ടിച്ചമച്ചത് ആണെന്നും കിരണ്‍ പറയുന്നു.

കേസില്‍ രണ്ട് ദിവസം മുമ്പ് പ്രതി കിരണ്‍ കുമാറിന് സുപ്രിം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ തുടരേണ്ട കാര്യമില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. ജസ്റ്റിസ് സഞ്ജയ് കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

സ്ത്രീധന പീഡനം, ഗാര്‍ഹീക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് കിരണ്‍ കുമാറിന് എതിരെ ചുമത്തിയിട്ടുള്ളത്. കേസ് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണ്. ഇതിനിടയിലാണ് കിരണ്‍ കുമാര്‍ ജയില്‍ മോചിതനായത്. സുപ്രീംകോടതിയുടെ ജാമ്യ ഉത്തരവ് കൊല്ലം കോടതിയിലും ജയിലിലും കൊടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കി. കിരണ്‍കുമാറിന്റെ അച്ഛന്‍ സദാശിവന്‍പിളള ഉള്‍പ്പെടെയുളളവരും അഭിഭാഷകരും കൊല്ലം ജില്ലാ ജയിലിന് മുന്നിലെത്തിയിരുന്നു.

കേസിന്റെ വിചാരണ പത്തിന് നടക്കും. 41 മത്തെ പ്രോസിക്യൂഷന്‍ സാക്ഷിയായി അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കും. പിന്നീടുളള ദിവസങ്ങളില്‍ പ്രതിഭാഗം ഹാജരാക്കുന്ന എട്ടു സാക്ഷികളുടെ വിസ്താരവും ഉണ്ടാകും. ഏപ്രില്‍ അവസാനവാരം കേസില്‍ വിധിപറയാനാകും വിധം നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് അഭിഭാഷകരുടെ പ്രതീക്ഷ. 

Comments

COMMENTS

error: Content is protected !!