വീടിനകത്ത് ദമ്പതിമാര്‍ തീകൊളുത്തി മരിച്ച നിലയില്‍

പന്തീരങ്കാവ്: വീടിനകത്ത് ദമ്പതിമാര്‍ തീകൊളുത്തി മരിച്ച നിലയില്‍. പാലാഴി പൊക്കനാരി മധുസൂദനന്‍ നായര്‍(76) ഭാര്യ പങ്കജാക്ഷിയമ്മ(66) എന്നിവരെയാണ് ബുധനാഴ്ച രാവിലെ പത്തരയോടെ മരിച്ച നിലയില്‍ കണ്ടത്.

വീട്ടില്‍ നിന്ന് കരച്ചിലും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കടന്നത്. അഗ്നിരക്ഷാ വിഭാഗം എത്തിയെങ്കിലും ചെറിയ വഴിയായതിനാല്‍ വാഹനത്തിന് അകത്ത് കടക്കാനായില്ല. അപ്പോഴേക്കും നാട്ടുകാര്‍ തീയണച്ചെങ്കിലും ഇരുവരുടേയും മരണം സംഭവിച്ചിരുന്നു.
മധുസൂദനന്‍ നായരെ കിടപ്പുമുറിയും പങ്കജാക്ഷിയമ്മയെ ഡൈനിങ് ഹാളിലുമാണ് കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുത്ത പുകയും പെട്രോളിന്റെ രൂക്ഷ ഗന്ധവും വീടിന് സമീപം വ്യാപിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ മധുസൂദന്‍ നായര്‍ കാനില്‍ പെട്രോള്‍ വാങ്ങി വരുന്നത് കണ്ടവരുണ്ട്. സെക്യൂരിറ്റി ജീവനക്കാരുന്ന മധുസൂദന്‍ നായര്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു. മകന്‍ ഷാജി ജോലിക്കും മരുമകള്‍ പുറത്തേക്കും പോയ സമയത്താണ് സംഭവമുണ്ടായത്.

പന്തീരങ്കാവ് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍ ഷാജി, റീന. മരുമക്കള്‍ ബിന്ദുമോള്‍, സതീഷ് കുമാര്‍.

Comments

COMMENTS

error: Content is protected !!