വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് പണം തട്ടിയെടുത്ത ആൾ പോലീസ് പിടിയിൽ

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത  പ്രതി പോലീസിന്റെ പിടിയിലായി. ഇടപ്പള്ളി നോര്‍ത്ത് കുന്നുംപുറം താമരശ്ശേരി വീട്ടില്‍ ടി എന്‍  നവാസിനെ (46) യാണ് കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

2014 മുതല്‍ നവാസ്  വീട്ടമ്മയുടെ സുഹൃത്താണ്. അവര്‍ക്ക് ഒരു സ്ഥാപനം തുടങ്ങാന്‍ ഇയാള്‍ 50,000 രൂപ സഹായിച്ചിരുന്നു. ഇതിനു പകരമായി ഇടപ്പള്ളി ടോളില്‍ മെഡിക്കല്‍ സ്ഥാപനം തുടങ്ങാന്‍ സഹായം നല്‍കിയാല്‍ മതി എന്നായിരുന്നു ധാരണ. വീട്ടമ്മയുടെ കൂടി സഹായത്തോടെ നവാസ് 2021-ല്‍ ഇടപ്പള്ളിയില്‍ സ്ഥാപനം തുടങ്ങി. ഇതിനിടെ വീട്ടമ്മയുടെയും കടയിലെയും മൊബൈല്‍ ഫോണുകള്‍ നവാസ് കൊണ്ടുപോയി അതില്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള സോഫ്റ്റ്വേര്‍ സ്ഥാപിച്ചു. അതിനു ശേഷം മാര്‍ച്ചില്‍ സ്ഥാപനത്തില്‍ സ്റ്റോക്കെടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി നവാസ് ബലാത്സംഗം നടത്തി പരാതിക്കാരിയറിയാതെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. തുടര്‍ന്ന് ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചു. ജൂണില്‍ വഴങ്ങാതിരുന്നപ്പോള്‍ പ്രതി കഠിനമായി മര്‍ദിച്ചു.
അന്ന് ഭര്‍ത്താവിനെ വിളിച്ചവരുത്തിയാണ് പ്രതിയുടെ കടയില്‍നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് നവാസ് പരാതിക്കാരിയുടെ ഭര്‍ത്താവിനെ വിളിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് കുടുംബം തകര്‍ക്കാതിരിക്കണമെങ്കില്‍ 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് ലോണെടുത്ത് അഞ്ച് ലക്ഷം രൂപ നവാസിന് കൈമാറിയതായി പോലീസ് പറഞ്ഞു. നവാസ് പിന്നെയും വീട്ടമ്മയ്‌ക്കെതിരെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ ദുഷ്പ്രചാരണം നടത്തി. വീട്ടമ്മയുടെ സ്ഥാപനത്തിനെതിരേ അധികാരികള്‍ക്ക് നിരന്തരം ഊമക്കത്തായി പരാതികള്‍ അയച്ചു.
Comments
error: Content is protected !!