വീട്ടില്‍ ബ്രോയിലര്‍ കോഴികളെ വളര്‍ത്തി വരുമാനം നേടാം; ഇത് വട്ടംകുളം ബ്രോയിലര്‍ ഗാഥ

‘നിങ്ങള്‍ കുറച്ച്  സ്ത്രീകള്‍ പത്ത് ബ്രോയിലര്‍ കോഴികളെ വളര്‍ത്തി ചന്തയില്‍ വില്‍ക്കാന്‍ വച്ചാല്‍ ആര് വാങ്ങിക്കാന്‍..?’, ‘നിങ്ങള്‍ വെറുതെ സമയവും പണവും അദ്ധ്വാനവുമൊക്കെ കളയുകയാണ്. – വട്ടംകുളത്തെ വനിതകള്‍ പുതിയൊരു സംരംഭത്തിന് തുടക്കമിട്ടപ്പോള്‍ പരിഹാസങ്ങള്‍ എറെയായിരുന്നു. ‘മാര്‍ക്കറ്റില്‍ നല്ല ഒന്നാന്തരം ബ്രോയിലര്‍ കോഴികള്‍ വിലക്കുറവില്‍ കിട്ടുമ്പോള്‍  നിങ്ങളുണ്ടാക്കുന്ന ബ്രോയിലര്‍  കോഴികള്‍ക്ക് എങ്ങനെ ഡിമാന്റ് ഉണ്ടാകും…?”- പരാജയപ്പെടുമെന്ന് പറഞ്ഞ്  പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും നിരവധി. ‘ഫാമിനാവശ്യമായ നല്ലയിനം കുഞ്ഞുങ്ങളേയോ തീറ്റയോ ലഭ്യമാക്കില്ല’ എന്നിങ്ങനെ ഭീഷണികളും ഉണ്ടായിരുന്നു.  ഈ പരിഹാസങ്ങള്‍ക്കും ഭീഷണികള്‍ക്കും പിന്നില്‍ പ്രദേശത്തെ ചില വന്‍കിട കോഴിഫാമുകളും അന്യസംസ്ഥാനത്ത് നിന്നുള്ള ഇറച്ചിക്കോഴി ഇറക്കുമതിക്കാരുമൊക്കെയുണ്ടായിരുന്നു. പക്ഷേ, വട്ടംകുളത്തെ വനിതാകൂട്ടായ്മ പതറിയില്ല, പിന്മാറിയില്ല. കുടുംബശ്രീയുടെ  കീഴില്‍ അവര്‍ കൈകോര്‍ത്തു നിന്നു.  അവരുടെ പുതിയ സംരംഭം വിജയിക്കുമെന്ന് അവര്‍ക്ക് ഉറച്ച ആത്മവിശ്വാസമുണ്ടായിരുന്നു. അടുക്കള മുറ്റത്ത് ചെറിയ യൂണിറ്റുകളായി ബ്രോയിലര്‍ കോഴികളെ വളര്‍ത്തി വിപണിയിലെത്തിക്കുന്നതായിരുന്നു അവരുടെ സംരംഭം.

 

മൃഗസംരക്ഷണവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും കുടുംബശ്രീ മിഷനും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം മലപ്പുറത്തെ വട്ടംകുളം പഞ്ചായത്തില്‍ തുടക്കമിട്ട ‘അടുക്കളമുറ്റത്തെ ഇറച്ചിക്കോഴി വളര്‍ത്തല്‍’ പദ്ധതിയാണ് ഈ വീട്ടമ്മമാരെ മൃഗസംരക്ഷണരംഗത്തെ പുതുസംരംഭകരാക്കിയത്. സൗജന്യനിരക്കില്‍  തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ ആവശ്യമായ ബ്രോയിലര്‍ കൂടുകള്‍ നിര്‍മ്മിച്ച് നല്‍കി, മൃഗസംരക്ഷണ വകുപ്പ് ആവശ്യമായ കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും നല്‍കി കുടുംബശ്രീ കൂട്ടായ്മ വഴി വിപണിയൊരുക്കി ബ്രോയിലര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2018 സെപ്റ്റംബറില്‍ ആരംഭിച്ച പദ്ധതി ഇന്ന് വിജയകരമായി മുന്നേറുകയാണ്.

വട്ടംകുളത്തെ ബ്രോയിലര്‍ വിപ്ലവത്തിന്റെ കഥ

 

മൃഗസംരക്ഷണവകുപ്പിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പദ്ധതികളിലൊന്നായിരുന്നു ‘അടുക്കളമുറ്റത്തെ മുട്ടക്കോഴിവളര്‍ത്തല്‍ പദ്ധതി’. ഈ പദ്ധതിയുടെ കീഴില്‍ മുട്ടക്കോഴി വളര്‍ത്തലിന് തുടക്കമിട്ട് മുറ്റത്തും മട്ടുപ്പാവിലും മുട്ടക്കോഴികളെ വളര്‍ത്തി വിജയം കൊയ്തവരും അത് വരുമാന മാര്‍ഗമാക്കിയവരും ഏറെയുണ്ട്. വന്‍കിട എഗ്ഗര്‍ യൂണികളേക്കാള്‍ നമ്മുടെ നാടിനനുയോജ്യം വീടുകള്‍ കേന്ദ്രീകരിച്ചുള്ള ചെറുകിട മുട്ടയുല്‍പ്പാദന യൂണിറ്റുകളാണെന്ന തിരിച്ചറിവായിരുന്നു വീട്ടുമുറ്റത്തെ മുട്ടക്കോഴി വളര്‍ത്തലിന്റെ പ്രചോദനം. പദ്ധതി ജനശ്രദ്ധ നേടിയതോടെ വീട്ടുവളപ്പില്‍ വളര്‍ത്താവുന്ന ഉല്‍പ്പാദന മികവേറിയ മുട്ടക്കോഴികളെ തേടി ആളുകള്‍ എത്തി തുടങ്ങി.

 

ഗ്രാമശ്രീ, ഗ്രാമലക്ഷമി തുടങ്ങിയ മുട്ടകോഴികളെല്ലാം ജനകീയമായി തീര്‍ന്നു. വീടകങ്ങള്‍ കോഴിമുട്ട കൊണ്ട് സമൃദ്ധമായെങ്കിലും ഇറച്ചി കോഴികള്‍ക്കായി ആശ്രയം അന്യസംസ്ഥാനങ്ങള്‍ തന്നെയായിരുന്നു.
‘ചെറിയ യൂണിറ്റുകളായി മുട്ടക്കോഴികളെ വളര്‍ത്തി വിജയം കൊയ്യാമെങ്കില്‍ പിന്നെന്തുകൊണ്ട് മിനി യൂണിറ്റുകളായി ബ്രോയിലര്‍ കോഴികളെ വളര്‍ത്തി വിജയം നേടാന്‍ സാധിക്കില്ല’ എന്ന വട്ടംകുളം ഗ്രാമപഞ്ചായത്ത് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. വി.കെ.പി. മോഹന്‍കുമാറിന്റെ ആശയമാണ് വട്ടംകുളം ബ്രോയിലര്‍ യൂണിറ്റുകള്‍ക്ക് തുടക്കമിട്ടത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം  എഴുതി തയ്യാറാക്കിയ രൂപരേഖ സമര്‍പ്പിച്ചപ്പോള്‍ മൃഗസംരക്ഷണവകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും പരിപൂര്‍ണ്ണ സമ്മതം, ഒപ്പം വകുപ്പുകളുടെ പൂര്‍ണ്ണ പിന്തുണയും. പിന്നീട് പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നതിനായി വട്ടംകുളം ഗ്രാമപഞ്ചായത്തിനെ തന്നെ തിരഞ്ഞെടുത്തപ്പോള്‍ പൂര്‍ണ്ണ സഹകരണവുമായി ഗ്രാമപഞ്ചായത്തും കുടുംബശ്രീ യൂണിറ്റുകളും ഒപ്പം നിന്നു.

 

 ‘വീട്ടില്‍ ബ്രോയ്‌ലര്‍ കോഴികളെ വളര്‍ത്തി വരുമാനം നേടാന്‍ ആഗ്രഹമുണ്ടോ’ എന്നന്വേഷിച്ച് പഞ്ചായത്ത് പരസ്യം ചെയ്തപ്പോള്‍ 40 -ലധികം വീട്ടമ്മമാര്‍ പദ്ധതിയില്‍ പങ്കാളികളാകാന്‍ ആവേശത്തോടെ രംഗത്തെത്തി. വിപണി ലക്ഷ്യമിട്ടുള്ള കോഴിവളര്‍ത്തലില്‍ മുന്‍പരിചയമൊന്നുമില്ലാതിരുന്ന ആ വീട്ടമ്മമാര്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓറിയന്റേഷന്‍ ക്യാമ്പുകളും മൃസംരക്ഷണവകുപ്പ് സാങ്കേതിക പരിശീലനങ്ങളും നല്‍കി. അതോടെ സ്ത്രീ സംരംഭകര്‍ക്ക് ബ്രോയിലര്‍ കോഴിവളര്‍ത്തലില്‍ ഒരു കൈ നോക്കാന്‍ ആത്മവിശ്വാസമായി.

 

പദ്ധതിയുടെ ചിലവ് എങ്ങനെ കുറയ്ക്കാം എന്നതായിരുന്നു അടുത്ത ചിന്ത. പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്രോയിലര്‍ കൂടുകള്‍ നിര്‍മ്മിച്ചാല്‍ കൂട് നിര്‍മ്മാണ ചിലവ് കുറയ്ക്കാമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ പഞ്ചായത്തിനും സമ്മതം. അങ്ങനെ 100 വീതം കോഴികള്‍ക്കായി 100 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മികച്ച കൂടുകള്‍ തൊഴിലുറപ്പ് പദ്ധതിയംഗങ്ങളുടെ പരിശ്രമത്തില്‍ 17-18 ദിവസം കൊണ്ട് തയ്യാറായി.

 

പരിശീലനങ്ങളും ഷെഡുകളും പൂര്‍ത്തിയായതോടെ മികച്ച ഹാച്ചറികളില്‍ നിന്ന് ഗുണമേന്മയുള്ള ബ്രോയിലര്‍ കുഞ്ഞുങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഓരോ യൂണിറ്റുകള്‍ക്കും എത്തിച്ചു നല്‍കി. ഒരുദിവസം പ്രായമായ 100 വീതം വളര്‍ച്ചാനിരക്ക് കൂടിയ ‘കോബ്’ ഇനത്തില്‍ ബ്രോയിലര്‍ കുഞ്ഞുങ്ങളെയാണ് ഒരോ യൂണിറ്റുകള്‍ക്കും സൗജന്യനിരക്കില്‍ ലഭ്യമാക്കിയത്. ഒപ്പം ഓരോ സംരംഭകര്‍ക്കും 350 കിലോയോളം തീറ്റയും. ആദ്യഘട്ടത്തില്‍ നൂറുവീതം കുഞ്ഞുങ്ങളേയും അവയ്ക്കുള്ള  തീറ്റയും നല്‍കുന്നതിനായി 12,000 രൂപ വീതമാണ് ഒരോ യൂണിറ്റുകള്‍ക്കും  മൃഗസംരക്ഷണ വകുപ്പ് ചിലവിട്ടത്.  അതുകൊണ്ട് അവസാനിച്ചില്ല, വനിതാ സംരംഭകര്‍ക്കായി തുടര്‍ പരിശീലനങ്ങളും, വിപണനം, മാംസസംസ്‌കരണം എന്നിവയിലെല്ലാം പ്രായോഗിക ക്ലാസുകളും ഇപ്പോഴും വട്ടംകുളത്ത് നടന്ന് വരുന്നു.

 

വട്ടംകുളം മോഡലില്‍ വൈവിധ്യങ്ങള്‍ ഏറെ

 

[Image: broiler]  ചെറുയൂണിറ്റുകളായി  100 കോഴികളെ ഡീപ് ലിറ്റര്‍ രീതിയില്‍  സൂരക്ഷിതമായി വളര്‍ത്താന്‍ കഴിയുന്ന കൂടുകള്‍ രൂപകല്‍പ്പന ചെയ്ത  ഡോ. വി.കെ.പി. മോഹന്‍ കുമാര്‍  തന്നെയാണ്.സാധാരണ മരപ്പൊടി (അര്‍ക്കപ്പൊടി) ഡീപ് ലിറ്ററായി വിരിച്ചാല്‍  കോഴികളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടുതലാണെന്ന്  കണ്ടതോടെ വിലയൊരല്പം  കൂടുതലാണെങ്കിലും  ചകിരിച്ചോറാണ് തറയില്‍ വിരിക്കുന്നത്.

 

കോഴികള്‍ക്ക് ഒരു കിലോ ശരീരഭാരം വെയ്ക്കാന്‍  എത്ര തീറ്റ നല്‍കണം എന്ന നിരക്കാണ്  തീറ്റ പരിവര്‍ത്തനശേഷി. മികച്ച രീതിയില്‍ നടത്തുന്ന  ബ്രോയിലര്‍  ഫാമുകളില്‍  ഇത് 1.6-1.65 വരെയാണ്,അതായത് 1 കിലോഗ്രാം ഭാരം വെയ്ക്കാന്‍ 1.65 കിലോഗ്രാം തീറ്റ നല്‍കണം. വട്ടംകുളം മോഡലില്‍ തീറ്റപരിവര്‍ത്തനശേഷി  ഇതിനേക്കാള്‍ മികച്ചതാണെന്നും 38-39 ദിവസത്തിനകം കോടികള്‍ 2.3-2.5 കിലോഗ്രാം തൂക്കം കൈവരിക്കുന്നുമുണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. മികച്ചയിനം കോഴികള്‍ ആയതുകൊണ്ട് മാത്രമല്ല ചെറുയൂണിറ്റുകളായി മികച്ച തീറ്റയും പരിചരണവും ശ്രദ്ധയും നല്‍കി  വളര്‍ത്തുന്നതിനാലാണ്  ഈ നേട്ടം.

 

ഒരു കാര്യംകൂടി കൂട്ടിച്ചേര്‍ക്കട്ടെ,  ബ്രോയിലര്‍ കോഴികള്‍ 40 ദിവസംകൊണ്ട് രണ്ട് കിലോയിലധികം ഭാരം വെയ്ക്കുന്നത് ഗ്രോത്ത് ഹോര്‍മോണുകളും മറ്റും കുത്തിവെക്കുന്നതുകൊണ്ടാണെന്ന് വാട്‌സാപ്പിലൂടെയും അല്ലാതെയും പ്രചരിപ്പിക്കുന്നവരും അത് വിശ്വസിച്ച് ആശങ്കപ്പെടുന്നവരും ഏറെയുണ്ട് നമ്മുടെ സമൂഹത്തില്‍. തീര്‍ച്ച, ഒരു ദിവസം വട്ടംകുളം ഗ്രാമത്തിലെ  ഈ വനിതാസംരംഭങ്ങള്‍ സന്ദര്‍ശിച്ചാല്‍ അവരുടെ അനാവശ്യ ആകുലതകള്‍ക്കെല്ലാം അറുതിയാവും എന്നതില്‍ സംശയമില്ല.

 

വില്ലന്‍ ഗുംബാറോ

 

ബ്രോയിലര്‍ കോഴികളെ ഫാം രീതിയില്‍ വളര്‍ത്തുമ്പോള്‍ സാധാരണ നിലയില്‍ മരണ നിരക്ക് 5 ശതമാനം വരെയാണെങ്കില്‍ വട്ടംകുളം മോഡലില്‍ കോഴികളുടെ മരണനിരക്ക് 2.5 ശതമാനത്തിലും ചുവടെയാണ്. ബ്രോയിലര്‍ കോഴികളുടെ അകാലമരണത്തിനുള്ള  പ്രധാന കാരണം വൈറസുകള്‍ കാരണമായുണ്ടാവുന്ന ഇന്‍ഫക്ഷ്യസ്  ബര്‍സല്‍  രോഗം അഥവാ ഗുംബോറോ രോഗമാണെന്ന് നിരന്തരമായ ഫാം നിരീക്ഷണത്തിലൂടെ  കണ്ടെത്തിയതോടെ  രോഗത്തെ പ്രതിരോധിക്കാന്‍ പ്രത്യേക പ്രതിരോധ കുത്തിവെയ്പ്പ് പ്രോട്ടോകോളും വട്ടംകുളം മോഡലില്‍ വികസിപ്പിച്ചിട്ടുണ്ട്. (3-6 ആഴ്ച പ്രായമുള്ള ബ്രോയ്‌ലര്‍ കോഴികളെ ബാധിക്കുന്ന പ്രധാന സാംക്രമിക വൈറസ് രോഗമാണ്  ഗുംബാറോ അഥവാ ഇന്‍ഫക്ഷ്യസ് ബര്‍സല്‍ രോഗം. പക്ഷികള്‍ക്ക് പ്രതിരോധശേഷി നല്‍കുന്ന അവയവങ്ങളെയും കോശങ്ങളെയും നശിപ്പിക്കുന്ന ഈ രോഗബാധയേറ്റാല്‍ മറ്റു പാര്‍ശ്വാണുബാധകള്‍ക്കും  സാധ്യതയേറെയാണ്. ഗുംബാറോ രോഗം പിടിപെട്ടാല്‍ പക്ഷികളിലെ  മരണനിരക്ക് 70% വരെയാകും ) .

 

ഇന്‍ഫക്ഷ്യസ്  ബര്‍സല്‍ രോഗത്തിനെതിരെ സാധാരണ  14-ാം ദിവസം  മാത്രമാണ്  പ്രതിരോധ മരുന്ന് നല്‍കാറുള്ളതെങ്കില്‍ 7-9, 16-18, 24-26 ദിവസങ്ങളിലായി മൂന്ന് പ്രതിരോധ കുത്തിവെയ്പ്പുകളാണ് വട്ടംകുളം മോഡലില്‍ നല്‍കുന്നത്. ബ്രോയിലര്‍ കോഴി വളര്‍ത്തലിലെ വില്ലനായ രോഗത്തെ സുരക്ഷിതമായ കുത്തിവെയ്പിലൂടെ പ്രതിരോധിക്കാന്‍ കഴിഞ്ഞെന്ന് മാത്രമല്ല ആന്റിബയോട്ടിക്കുകള്‍ അടക്കമുള്ള  മരുന്നുകളുടെ ഉപയോഗത്തെ പൂര്‍ണ്ണമായും  പടിക്ക് പുറത്ത് നിര്‍ത്താനും ഇതുവഴി  സാധ്യമായിരിക്കുന്നു.

 

വട്ടംകുളത്തെ തനിനാടന്‍ ബ്രോയിലര്‍

 

പൂര്‍ണ്ണമായും ജൈവ ചുറ്റുപാടില്‍ വളര്‍ത്തി വലുതാക്കിയ  നാടന്‍ ബ്രോയിലറുകളെ കുറിച്ച് നാടറിഞ്ഞതോടെ ‘വട്ടകുളം സ്വദേശി ചിക്കന്’  ഡിമാന്റായി. വിപണിയിലെ വിലയേക്കാള്‍ പത്തുരൂപ കൂടുതലാണെങ്കിലും യാതൊരു മരുന്നുകളോ, രാസവസ്തുക്കളോ നല്‍കാതെ  നമ്മുടെ വീട്ടുമുറ്റങ്ങളില്‍  ഉല്‍പ്പാദിപ്പിച്ച സുരക്ഷിതമായ  ‘സ്വദേശി  ചിക്കന്‍’  മാംസം വാങ്ങാന്‍ ആളുകള്‍ ഏറെയുണ്ട്.  ‘വട്ടംകുളം സേഫ് ചിക്കന്‍’ എന്ന പേരില്‍ സംസ്‌ക്കരിച്ച് പാക്ക് ചെയ്ത്  ശുദ്ധ ബ്രോയിലര്‍ മാംസം ഇന്ന് വിപണിയിലെത്തിയതോടെ  ജനപ്രിയതയും ഏറി.

 

വീട്ടമ്മമാര്‍ക്ക് സ്വയംതൊഴിലും വരുമാനവും നാട്ടുകാര്‍ക്ക് സുരക്ഷിതമായ ഇറച്ചിക്കോഴി മാംസവും ഉറപ്പു വരുത്തിയ ‘വട്ടംകുളം മോഡല്‍ അടുക്കളമുറ്റത്തെ ബ്രോയ്‌ലര്‍ കൃഷി’ ഇന്നിപ്പോള്‍  വിജയകരമായ ഒരു സംരംഭമായി  തീര്‍ന്നിരിക്കുന്നു.  വിവിധ യൂണിറ്റുകളില്‍ നിന്നായി 100 വീതമുള്ള നിരവധി ബാച്ച് ബ്രോയിലര്‍ കോഴികള്‍ വിപണിയിലെത്തിക്കഴിഞ്ഞു. 40 ദിവസത്തിനുള്ളില്‍ പഞ്ചായത്തിലെ  സംരംഭകരായ വനിതകള്‍ക്ക് 5 ലക്ഷം  രൂപയുടെ അധിക വരുമാനവും അത്രതന്നെ തുകയുടെ ആഭ്യന്തര മാംസ ഉല്‍പ്പാദനവും  ഉന്നമിട്ട പദ്ധതി ഇന്നതിന്റെ ലക്ഷ്യപ്രാപ്തിയിലാണ്. ഒന്നരമാസം കൊണ്ട് രണ്ടര കിലോഗ്രാം ഭാരമെത്തുന്ന നൂറ് വീതം കോഴികളെ വിപണിയിലെത്തിക്കുന്ന ഓരോ മിനി യൂണിറ്റുകള്‍ക്കും  ചിലവെല്ലാം കഴിച്ചാല്‍ 5500-റിലേറെ രൂപയുടെ ലാഭമുണ്ട്.

 

വട്ടംകുളം സേഫ് ചിക്കന്‍- വിപണിക്കായ് വിപുല മാര്‍ഗ്ഗങ്ങള്‍

 

ബ്രോയിലര്‍ മാംസം വിറ്റഴിക്കുന്നതിനായി  പല തവണകളായി വട്ടംകുളത്തിനടുത്ത നഗരമായ എടപ്പാളില്‍  കുടുംബശ്രീ വിപണനമേളകള്‍ നടത്തി കഴിഞ്ഞു. വിപണനത്തിനായി  വാട്‌സ്ആപ്പ് ഗ്രൂപ്പുകളടക്കം സജീവമാണ്. 100 കോഴികളുള്ള യൂണിറ്റില്‍ നിന്നും ഒറ്റ തവണയായി  മൊത്തം കോഴികളെയും വിറ്റഴിക്കാതെ ഘട്ടം ഘട്ടമായാണ് വിപണനം. 35 ദിവസം പ്രായമാകുമ്പോള്‍ 20-30 എണ്ണം കോഴികളെ വിപണിയിലെത്തിക്കും. പിന്നീട്  39, 42 ദിവസങ്ങളിലായി ബാക്കി വരുന്നവയെയും. വീട്ടമ്മമാര്‍ അവരുടെ വീടുകളില്‍ തന്നെ കോഴിമാംസം സംസ്‌ക്കരിച്ച് ചെറു പായ്ക്കറ്റുകളിലാക്കിയാണ് വിപണനം.  ഇങ്ങനെ ചെറു യൂണിറ്റുകളായി  മാംസം സംസ്‌ക്കരിക്കുന്നതിനാല്‍ മാലിന്യപ്രശ്‌നവും തുലോം കുറവ്. ഉറവിട മാലിന്യ  സംസ്‌ക്കരണത്തിനും ഏറെ എളുപ്പം.

 

പഞ്ചായത്തിന്റെയും, മൃഗസംരക്ഷണ വകുപ്പിന്റെയും സഹായത്തോടെ  പദ്ധതിയില്‍  അംഗങ്ങളായ  പലരും ഇപ്പോള്‍ സ്വന്തം ചിലവില്‍ കൂടുതല്‍ ഷെഡുകള്‍ പണികഴിപ്പിച്ച്  കുഞ്ഞുങ്ങളെയും തീറ്റയും വാങ്ങി അവരുടെ  സംരംഭം വിപുലീകരിച്ചിട്ടുണ്ട്.  മികച്ചയിനം കുഞ്ഞുങ്ങളെ  കണ്ടെത്തി നല്‍കാനും, പ്രതിരോധ കുത്തിവെയ്പ്പടക്കമുള്ള  സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കാനും  വിപണി കണ്ടെത്താനുമെല്ലാം  മൃഗസംരക്ഷണ വകുപ്പും, കുടുംബശ്രീ മിഷനും ഈ വീട്ടമ്മമാര്‍ക്ക് ഒപ്പം സജീവമായുണ്ട്. ആദ്യഘട്ടത്തില്‍ സൗജന്യമായാണ് കോഴിക്കുഞ്ഞുങ്ങളെ നല്‍കിയതെങ്കില്‍ രണ്ടാംഘട്ടം മുതല്‍ ഗുണഭോക്താക്കളില്‍  നിന്നും കുഞ്ഞുങ്ങളുടെ  വിലയീടാക്കുന്നുണ്ട്.   തങ്ങളുടെ ചെറുസംരംഭം ലക്ഷ്യം കണ്ടതോടെ ആദ്യഘട്ടത്തില്‍ തന്നെ  വിജയം വീട്ടമമ്മാര്‍ക്കും ആത്മവിശ്വാസവും ആവേശവുമായി. മാത്രമല്ല, ഇന്ന് ബ്രോയ്‌ലര്‍ കോഴി ഉല്‍പ്പാദനത്തില്‍ അറിവും അവഗാഹവും പരിചയസമ്പന്നതയുമുള്ളവരായി  മാറിയിരിക്കുന്നു അവരല്ലാവരും.

 

‘കേരളത്തിലെ മൂന്നിലൊന്ന് പഞ്ചായത്തുകളിലെങ്കിലും പിന്നാമ്പുറത്തെ ബ്രോയിലര്‍ കൃഷി പ്രോത്സാഹിപ്പിച്ചാല്‍ ഗാര്‍ഹിക  ബ്രോയ്‌ലര്‍ മാംസ ആവശ്യകതയുടെ വലിയൊരു പങ്ക് ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനും  സുരക്ഷിത മാംസം ഉറപ്പുവരുത്താനും കഴിയുമെന്ന്’  ഡോ. വി.കെ.പി. മോഹന്‍കുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. വെറ്ററിനറി ഡോക്ടര്‍മാരുടെ സര്‍വ്വീസ് സംഘടനയായ കേരള വെറ്ററിനേറിയന്‍സ് സര്‍വ്വീസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റുകൂടിയാണ,് വീട്ടമ്മമാര്‍ക്ക് മുന്നില്‍ സംരംഭകത്വത്തിന്റെ പുതിയ വഴികള്‍ പരിചയപ്പെടുത്തിയ ഡോ. വി.കെ.പി. മോഹന്‍കുമാര്‍.

 

ജലവും വൈദ്യുതി ഉപയോഗവും തീരെ കുറവ്, കുറഞ്ഞ സ്ഥല ആവശ്യകത, മാലിന്യം കുറവ്, ചിലവ് കുറവ,് അധിക വരുമാനം, സ്വയം തൊഴില്‍, സുരക്ഷിത മാംസം തുടങ്ങി അടുക്കളമുറ്റത്തെ ബ്രോയ്‌ലര്‍ കൃഷിയ്ക്ക് നേട്ടങ്ങള്‍ ഏറെ.
സംസ്‌ക്കരിച്ച മാംസം മൃഗാശുപത്രിയില്‍ തന്നെ സൂക്ഷിച്ച് വിപണനം നടത്തുന്നതിനായി  ചില്ലര്‍ മെഷീനുകളും ഫ്രീസറുകളും  വാങ്ങാന്‍ ഒരുങ്ങുകയാണ്് മൃഗാശുപത്രി അധികൃതര്‍.  ഒപ്പം റംസാന്‍ അടക്കം ഉത്സവകാലത്തെ  ലക്ഷ്യമാക്കി പുതിയ ബാച്ച്  ബ്രോയ്‌ലര്‍ കോഴികളെ വളര്‍ത്തി വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വട്ടംകുളത്തെ വീട്ടമ്മമാര്‍. വട്ടംകുളം ഗ്രാമപഞ്ചായത്തില്‍  നടപ്പിലാക്കിയ  പദ്ധതി പൊന്നാനി ബ്ലോക്കില്‍  കൂടി നടപ്പിലാക്കാനും ആസൂത്രണബോര്‍ഡിന് പദ്ധതി സമര്‍പ്പിച്ച്  സംസ്ഥാനമാകെ  വിപുലപ്പെടുത്താനും  ഒരുങ്ങുകയാണ് മൃഗസംരക്ഷണവകുപ്പ്.

 

വട്ടംകുളം വിശേഷങ്ങള്‍ ഇനിയുമേറെ

 

സുരക്ഷിതമായ ബ്രോയ്‌ലര്‍ മാംസഉത്പാദനത്തില്‍ മാത്രമല്ല മുട്ടക്കോഴി വളര്‍ത്തലിലും വട്ടക്കുളം ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ തന്നെ മാതൃകയായി മാറിയ ‘മുട്ടക്കോഴികള്‍ മുറ്റത്തും മട്ടുപ്പാവിലും’ എന്ന ആശയത്തിന് തുടക്കമിട്ടതും ഗ്രാമശ്രീ- മുട്ടക്കോഴി യൂണിറ്റുകള്‍ വീടുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചതും പത്ത് കൊല്ലങ്ങള്‍ക്ക് മുന്‍പ് വട്ടംകുളം പഞ്ചായത്തില്‍ നിന്ന് തന്നെയായിരുന്നുവെന്നത് കൗതുകകരമായ മറ്റൊരു ചരിത്രം. കോഴിമുട്ടയ്ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് വലിയതോതില്‍ ഒഴിവാക്കാന്‍ ഗ്രാമശ്രീ- മുട്ടക്കോഴി വളര്‍ത്തല്‍ മാതൃകാ പദ്ധതിയിലൂടെ വട്ടംകുളം പഞ്ചായത്തിന് സാധിച്ചതായി വെറ്ററിനറി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. ആയിരത്തില്‍ പരം മുട്ടക്കോഴികളെ വിപണിയില്‍ ലഭ്യമാക്കാന്‍ പ്രാപ്തിയുള്ള  എഗ്ഗര്‍നഴ്‌സറികള്‍ ഇന്ന് വട്ടംകുളത്തുണ്ട്. ഇതിന്റെ നടത്തിപ്പുകാര്‍ കുടുംബശ്രീ തന്നെയാണെന്നാണ് മറ്റൊരു കൗതുകം.
പഞ്ചായത്തില്‍ വിപുലമായ സര്‍വ്വേ നടത്തി വിധവകളെ കണ്ടെത്തി അവര്‍ക്ക്്  മുന്നോട്ടുള്ള ജീവിതത്തിന് ഒരു കൈത്താങ്ങാവാന്‍ മുട്ടക്കോഴികളെ  നല്‍കുന്ന ‘ആശ്രയ പദ്ധതിയ്ക്ക്’ വട്ടംകുളത്ത് തുടക്കം കുറിച്ചത്  ഈ വര്‍ഷമാണ്. ആശ്രയ പദ്ധതിയ്ക്ക്  കീഴില്‍ പഞ്ചായത്തിലെ 2000-ത്തോളം വിധവകള്‍ക്ക് പത്ത് എണ്ണം വീതം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ  വിതരണം ചെയ്ത് കഴിഞ്ഞു, ഒപ്പം ഓരോരുത്തര്‍ക്കും പത്ത് കിലോവീതം  തീറ്റയും. 80 ദിവസം പ്രായമായ 20,000 കോഴികളെ വിതരണം ചെയ്ത  പദ്ധതിയ്ക്ക് സാമ്പത്തിക സഹായം അനുവദിച്ചത് പൗള്‍ട്രി-വികസന കോര്‍പ്പറേഷനാണ്. 18 ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഈ കോഴികള്‍ മുട്ടയിടാന്‍ അടങ്ങുന്നതോടെ കുടുംബത്തിന് വരുമാന മാര്‍ഗ്ഗമൊരുങ്ങും.

 

വട്ടംകുളം- കേരളത്തിന്റെ മിനി നാമയ്ക്കല്‍

 

വളര്‍ത്തുപക്ഷി വ്യവസായത്തിന് പേരുകേട്ട തമിഴ്‌നാട്ടിലെ നഗരമാണ് നാമയ്ക്കല്‍. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന മുട്ടക്കോഴി, ഇറച്ചിക്കോഴി വളര്‍ത്തു കേന്ദ്രങ്ങളും  എഗ്ഗര്‍ നഴ്‌സറികളും ആ നഗരത്തിന്റെ പ്രത്യേകതയാണ്. നാമക്കലിനോളമില്ലെങ്കിലും ‘കേരളത്തിന്റെ മിനി നാമയ്ക്കല്‍’ എന്ന് വട്ടംകുളത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. കോഴി വളര്‍ത്തലില്‍ വട്ടംകുളത്തിന്റെ പെരുമയേറിയതോടെ സുഗുണ, വെങ്കിടേശ്വര തുടങ്ങിയ പൗള്‍ട്രി മേഖലയിലെ രാജ്യത്തെ വന്‍കിട സ്ഥാപനങ്ങള്‍ അവരുടെ ബ്രാഞ്ചുകളും സ്ഥാപനങ്ങളും വട്ടംകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോഴി വളര്‍ത്തലില്‍ ഈ ഗ്രാമം സ്വയം പര്യാപ്തയിലേക്ക് കുതിയ്ക്കുമ്പോള്‍ അതിനെല്ലാം  ചുക്കാന്‍ പിടിച്ച് പഞ്ചായത്ത് ഭരണ സമിതിയും സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. വി.കെ.പി. മോഹന്‍കുമാറും സജീവമായി രംഗത്തുണ്ട്.
Comments

COMMENTS

error: Content is protected !!