മഴവെള്ളസംഭരണം, കണികജലസേചനം; വേണ്ടത് കവുങ്ങ് കൃഷിയെ സംരക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍

കേരളത്തിലെ ഇതരജില്ലകള്‍പോലെ കൃഷിഭൂമിയുടെ തുണ്ടവത്കരണം നടന്നു കാസര്‍കോട്ടും. തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ പഠനമനുസരിച്ച് ജില്ലയിലെ 92.5 ശതമാനം കര്‍ഷകരുടെയും കൈവശം ഒരു ഹെക്ടറില്‍ താഴെ ഭൂമിയേ ഉള്ളൂ. കൃഷി ഏതായാലും ചെറുകിട-നാമമാത്ര കര്‍ഷകരാണ് മഹാഭൂരിപക്ഷവും. അവര്‍ കിട്ടുന്നവിലയ്ക്ക് ഉത്പന്നം വിറ്റ് നിത്യവൃത്തികഴിക്കുന്നവരാണ്. വന്‍കിട കര്‍ഷകരാണെങ്കില്‍ വിപണി മെച്ചപ്പെടുംവരെ പിടിച്ചുവെയ്ക്കും, അടയ്ക്കയാണെങ്കില്‍ പ്രത്യേകിച്ച്.

 

പുതിയ അടക്കയ്ക്ക് ക്വിന്റലിന് 22,000-23,500 രൂപയും പഴയതിന് 25,000-28,000 രൂപയുമാണ് കഴിഞ്ഞദിവസത്തെ വിപണിവില. ഒരുവര്‍ഷം പിടിച്ചുവെക്കാനുള്ള സാമ്പത്തിക-സ്ഥല സൗകര്യമുണ്ടെങ്കില്‍ ക്വിന്റലിന് 3,000 രൂപ അധികം കിട്ടുമെന്നര്‍ഥം. പക്ഷെ, ഭൂരിപക്ഷം കര്‍ഷകരും അതത് വര്‍ഷത്തെ അടയ്ക്കയാണ് കൊണ്ടുവരുന്നതെന്ന് ജില്ലയിലെ ഏറ്റവുംവലിയ അടയ്ക്കാവിപണിയായ ബദിയടുക്കയിലെ വ്യാപാരികള്‍ പറയുന്നു.

 

കവുങ്ങും പൂക്കുലയും ഉണങ്ങിയതിനാല്‍ അടുത്ത സീസണില്‍ വില കുതിച്ചുകയറാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതിന്റെ ഗുണം പക്ഷെ ഭൂരിപക്ഷം കര്‍ഷകര്‍ക്കും കിട്ടില്ല. കാരണം അവരുടെ പക്കല്‍ അടയ്ക്ക ഉണ്ടാകില്ല.

 

ബദിയടുക്കയില്‍ മുപ്പതോളം അടയ്ക്കാവ്യാപാരികളുണ്ട്. മുമ്പ് മംഗളൂരു ബന്ദറിലെ വിപണിയാണ് കാസര്‍കോടന്‍ അടയ്ക്കയുടെ വില തീരുമാനിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ബദിയടുക്കയാണ്. ബന്ദറില്‍നിന്ന് അടയ്ക്ക മൊത്തമായി വാങ്ങിയിരുന്ന ഗുജറാത്തിലെ വന്‍കിടക്കാര്‍ ഇന്ന് ബദിയടുക്കയില്‍ തങ്ങി നേരിട്ട് വാങ്ങി കൈയോടെ ഗുജറാത്തിലേക്ക് കയറ്റിയയക്കുന്നു. അറുപതിലേറെ ഗുജറാത്തി വ്യാപാരികള്‍ ബദിയടുക്കയില്‍ സ്ഥിരമായി തങ്ങുന്നു.

 

”ഗുണമേന്‍മയുള്ള, വലിപ്പംകൂടിയ അടയ്ക്ക ഈപ്രദേശത്താണ്. അങ്ങനെയാണ് ഇവിടുത്തെ വിപണിക്ക് പ്രാധാന്യംകിട്ടിയത്.”-15 വര്‍ഷമായി അടയ്ക്കാവ്യാപാരം നടത്തുന്ന അബൂബക്കര്‍ പറയുന്നു. പക്ഷെ, കാലാവസ്ഥ ഈ പോക്കുപോയാല്‍ ഈ വിപണിയും പൂട്ടിപ്പോകുമെന്ന് അദ്ദേഹവും മുന്നറിയിപ്പ് നല്‍കുന്നു.

 

അടയ്ക്കയുമായി ബന്ധപ്പെട്ട സമസ്തമേഖലയെയും വരള്‍ച്ച മാരകമായി ബാധിച്ച സാഹചര്യത്തില്‍ സ്വന്തംനിലയ്ക്ക് പ്രതിസന്ധി തരണംചെയ്യാന്‍ ഈ മേഖലയ്ക്ക് കഴിയില്ല. സര്‍ക്കാര്‍ ഇടപെടല്‍ കൂടിയേ തീരൂ. പക്ഷെ, കൃഷി വകുപ്പിന്റെ സമീപനം ഒട്ടും ആശാവഹമല്ല.

 

കൃഷി വകുപ്പിന്റെ സമീപനം

 

കഴിഞ്ഞ മഴയില്‍ കവുങ്ങിനും കരുമുളകിനും കുമിള്‍രോഗം വ്യാപകമായപ്പോള്‍ ജില്ലാ കൃഷി വകുപ്പ് ഇടപെട്ടു. 7,174 ഹെക്ടറില്‍ കവുങ്ങിന് മഹാളിയും 553 ഹെക്ടറില്‍ കുരുമുളകിന് ദ്രുതവാട്ടവും ബാധിച്ചെന്നും കര്‍ഷകര്‍ക്ക് അടിയന്തരസഹായം നല്‍കാന്‍ 7.727 കോടി രൂപ അനുവദിക്കണമെന്നുകാണിച്ച് അവര്‍ തലസ്ഥാനത്തേക്ക് എഴുതി.

 

കവുങ്ങിനുമാത്രം 500 കോടിയിലേറെ നഷ്ടമുണ്ടായപ്പോഴാണ് ഈ തുക ആവശ്യപ്പെട്ടതെന്ന് ഓര്‍ക്കണം. 5,000 രൂപ മരുന്നുതളിക്കും 5,000 രൂപ നഷ്ടപരിഹാരവുമായി ഹെക്ടറിന് മൊത്തം 10,000 രൂപ നല്‍കാമെന്നാണ് കണക്കാക്കിയത്. പക്ഷെ, സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചത് കുരുമുളകിനുമാത്രം-1,24,46,534 രൂപ. കവുങ്ങിന് ഒരുരൂപ നല്‍കിയില്ല.

 

രണ്ടുകോടിയുടെ പാക്കേജ് പരിഗണനയിലാണെന്ന് ഉദുമയിലെ ജനപ്രതിനിധി കെ.കുഞ്ഞിരാമന്റെ സബ്മിഷന് മറുപടിയായി കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ കഴിഞ്ഞ നവംബറില്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതാണ്. ആ തുക നടുപ്പുവര്‍ഷത്തെ വാര്‍ഷികപദ്ധതിയില്‍ പെടുത്തി ഭദ്രമാക്കി വെച്ചിരിക്കുന്നു, കര്‍ഷകര്‍ക്ക് കൊടുത്തിട്ടില്ല.
കൊടുക്കണമെങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കണം. എങ്ങനെ, ആര്‍ക്കൊക്കെ നല്‍കണമെന്ന് തീരുമാനിക്കണം. ഒരുപിടി ചുവപ്പുനാട അഴിയണം. അതുവരെ ജീവിച്ചിരിക്കാന്‍ ഭാഗ്യമുള്ളവര്‍ക്ക് കിട്ടും.

 

[Image: Arecanut]

 

കുരുമുളകിന് കൊടുത്ത 1.2 കോടിയുടെ കഥയോ? ദ്രുതവാട്ടം നേരിട്ട കര്‍ഷകര്‍ക്കല്ല അത് പോയത്. പകരം മുന്‍വര്‍ഷങ്ങളില്‍ കാലവര്‍ഷക്കെടുതിപോലെ പ്രകൃതിദുരന്തം നേരിട്ട കര്‍ഷകര്‍ക്ക് നല്‍കി; ഒരുതരം വകമാറ്റല്‍. ദ്രുതവാട്ടത്തിന് മരുന്നുവിതരണം വൈകിയതിനെതിരേ കര്‍ഷകര്‍ പലതലത്തിലും പരാതിപ്പെട്ടതാണ് കാരണം.

 

”എന്തുചെയ്താലും കുറ്റം. മനസ്സുമടുത്തു. അതുകൊണ്ടാണ് ആ വകയില്‍ കൊടുക്കാതിരുന്നത്.” -ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. പക്ഷെ, ഫലത്തില്‍ കര്‍ഷകരോട് പകവീട്ടുകയാണ് അവര്‍ ചെയ്തത്. പ്രകൃതിദുരന്തത്തിന് കിട്ടേണ്ട തുക ഇല്ലാതാക്കുകയുംചെയ്തു.

 

കാംപ്കോയുടെ റോള്‍

 

1970-കളില്‍ അടയ്ക്കാവിപണി തകര്‍ന്നപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ച പഠനകമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മംഗളൂരു ആസ്ഥാനമായി രൂപംകൊണ്ടതാണ് കേരള-കര്‍ണാടക സംയുക്ത സഹകരണ സ്ഥാപനമായ സെന്‍ട്രല്‍ അരക്കനട്ട് ആന്‍ഡ് കൊക്കോ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രൊസസിങ് കോ ഓപ്പറേറ്റീവ് ലിമിറ്റഡ് അഥവാ കാംപ്കോ.

 

അടയ്ക്കാവില താഴാതെ പിടിച്ചുനിര്‍ത്തുന്നതില്‍ കാംപ്കോയുടെ ഇടപെടല്‍ ഫലപ്രദമാണെന്ന് കര്‍ഷകരും സമ്മതിക്കുന്നു. 2017-18 വര്‍ഷം അവര്‍ അഞ്ചേകാല്‍ ലക്ഷം ക്വിന്റല്‍ അടയ്ക്ക സംഭരിച്ചു. 1,09,147 അംഗകര്‍ഷകര്‍ക്ക് ഗുണംകിട്ടി. കാംപ്കോയ്ക്കും മെച്ചമുണ്ടായി; 1742 കോടി രൂപ വിറ്റുവരവുണ്ടായി, 42 കോടിയിലേറെ അറ്റാദായംകിട്ടി.

 

കുമിള്‍രോഗം നേരിടാനുള്ള കോപ്പര്‍ സള്‍ഫേറ്റ് അടക്കമുള്ളവ അവര്‍ കര്‍ഷകര്‍ക്ക് കുറഞ്ഞവിലയ്ക്ക് നല്‍കുന്നുണ്ടെന്നത് നേര്. പക്ഷെ, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് മതിയാവില്ല. നടീല്‍വസ്തുക്കള്‍ അടക്കമുള്ളവ ചുരുങ്ങിയവിലയ്ക്ക് ലഭ്യമാക്കാന്‍ അവര്‍ മുന്‍കൈയെടുക്കണം. പുതിയ തൈകള്‍ക്ക് കടുത്ത ക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്.

 

വിട്ളയിലെ തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ഒരുലക്ഷം തൈയേ വര്‍ഷം ഉത്പാദിപ്പിക്കുന്നുള്ളൂ. ഇത് കൂട്ടണം. ഇല്ലെങ്കില്‍ അശാസ്ത്രീയമായി ഉത്പാദിപ്പിച്ച തൈകള്‍ വന്‍വിലയ്ക്ക് വിറ്റ് സ്വകാര്യമേഖല ലാഭംകൊയ്യും. കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിക്കാന്‍ കഴിയുന്നവരാണ് കാംപ്‌കോയുടെ തലപ്പത്ത്. കേന്ദ്ര സഹായം നേടാനും അവര്‍ വിചാരിച്ചാല്‍ കഴിയും.

 

തൊഴിലുറപ്പ് സാധ്യത

 

കഴിഞ്ഞതവണത്തെ പ്രളയം പരിഗണിച്ച് കാസര്‍കോട് ഒഴികെ കേരളത്തിലെ 13 ജില്ലകളിലും തൊഴിലുറപ്പ് പദ്ധതി ദിനങ്ങള്‍ 100-ല്‍നിന്ന് 150 ആക്കിയിരുന്നു. വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് കാസര്‍കോട്ടും ഇത് ബാധകമാക്കി കവുങ്ങ് കൃഷിക്കുകൂടി ഉപയോഗപ്പെടുത്തണം.

 

ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് അധികൃതര്‍ പറയുന്നു. രണ്ടുലക്ഷംപേര്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ടെങ്കിലും അറുപതിനായിരത്തോളംപേരാണ് സജീവമായി പങ്കെടുത്തിരുന്നത്. കഴിഞ്ഞവര്‍ഷം 70,000 വരെയായി. കൃഷിപ്പണിക്ക് സമയത്തിന് പണിക്ക് ആളെ കിട്ടാത്ത പ്രശ്‌നം പരിഹരിക്കാന്‍ ഇത് സഹായിക്കും.

 

മഴവെള്ളസംഭരണം പരമാവധി പ്രോത്സാഹിപ്പിക്കുക, ശാസ്ത്രീയരീതിയായ കണികജലസേചനം സര്‍ക്കാര്‍ സബ്സിഡിയോടെ വ്യാപകമാക്കുക, വിദേശ അടയ്ക്കയുടെ കടന്നുവരവ് ചെറുക്കുക തുടങ്ങിയവയും ഈ കൃഷിയുടെ നിലനില്‍പ്പിന് അനിവാര്യമാണ്.
Comments

COMMENTS

error: Content is protected !!