വീണ്ടും അപരാചിതരായി അർജന്റീന
വെംബ്ലിയിൽ കാലം സാക്ഷി.
കളി കാത്തു നിന്ന പതിനായിരങ്ങളും സാക്ഷി.
മറക്കാൻ വെമ്പുന്ന ഒരു സീസണിൽ പി എസ്ജിയുടെ കടും നീലക്കുപ്പായത്തിൽ നിന്നും അർജൻ്റീനൻ കുപ്പായത്തിലേക്ക് കയറി ഒരിക്കൽ കൂടി ഫുട്ബോളിൻ്റെ മാന്ത്രികൻ അവതരിച്ചിരിക്കുന്നു. യൂറോ കപ്പ് ജേതാക്കളും കോപ്പ അമേരിക്കൻ വിജയികളും തമ്മിലുള്ള ഫൈനലിസിമ്മ 29 കൊല്ലത്തിന് ശേഷം പുനരവതരിച്ചപ്പോൾ അർജൻ്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇറ്റലിയെ കീഴടക്കി. 28-ാം മിനുറ്റിൽ അതിസുന്ദരമായ ഡ്രിബ്ളിംഗിലൂടെ ജിയോവാനി ഡി ലോറൻസോയെ കാഴ്ചക്കാരനാക്കി മെസ്സികൊടുത്ത ക്രോസ്സ് വലയിലെത്തിച്ച് ലൗതാരോ മാർട്ടിനെസ്സ് കളിയുടെ വിധിയെഴുതിക്കഴിഞ്ഞിരുന്നു. തുടരെത്തുടരെ അസൂറിയൻ പ്രതിരോധ മതിൽക്കെട്ടു പൊളിച്ച് ഗോളിനടുത്തെത്തിയെങ്കിലും ഫിനിഷിങ്ങിൽ പാളിപ്പോയതിനും ഗോളി ഡോണറുമ്മയുടെ ഉഗ്രൻ സേവുകൾക്കും ഒടുവിൽ ആദ്യ പകുതിയുടെ അധിക സമയത്ത് എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിലൂടെ 2-0 ത്തിന് അർജൻ്റീന കളി സ്വന്തമാക്കി. രണ്ടാം പകുതിയുടെ ഒടുവിൽ മെസിയുടെ മറ്റൊരു അസിസ്റ്റിൽ പൗലോ ഡിബാല മൂന്നാമത്തെ ഗോളും നേടിയതോടെ റോബർട്ടോ മഞ്ചീനിയുടെ ഇറ്റലി തല താഴ്ത്തി. ഒടുവിലത്തെ മത്സരം കളിച്ച ഇതിഹാസതാരം ചെല്ലിനി കളം വിട്ടു. കളിയിലുടനീളം പ്ലേമേക്കറായി നിറഞ്ഞ് നിന്ന് കളം നിറഞ്ഞ ലയണൽ മെസ്സിയാണ് മാൻ ഓഫ് ദി മാച്ച്. രണ്ടാം പകുതിയിൽ മറ്റൊരു സുന്ദരമായ അസിസ്റ്റിൽ മെസ്സി പൗലോ ഡിബാലയെക്കൊണ്ട് ഗോളടിപ്പിച്ചതോടെ ആദ്യമേ എഴുതപ്പെട്ട ചരിത്രം പോലെ അർജൻറീനയുടെ അപരാജിതർ ഫൈനലിസമ്മയുടെ കപ്പുയർത്തി നൃത്തം തുടങ്ങിയിരുന്നു. ഖത്തറിലേക്ക് ഇനി ജേതാക്കളായിത്തന്നെ ചെന്നിറങ്ങാം .
ഷിജുകുമാർ സി.കെ