വെള്ളമില്ലാത്ത വൃത്തികെട്ട ശുചി മുറി; യാത്രക്കാരന് 20,000 ക നഷ്ടപരിഹാരം നൽകാൻ വിധി

കോഴിക്കോട്: തീവണ്ടിയാത്രക്കാരന് ശുചി മുറിയിൽ വെള്ളമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ലഭിച്ചില്ലെന്ന ആക്ഷേപത്തിൽ, പരാതിക്കാരന് 20,000 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ വിധി. ചാത്തമംഗലത്തെ കുറുവച്ചാലിൽ ശശിധരനാണ് പരാതിയുമായി കമ്മീഷന്റെ മുമ്പിലെത്തിയത്. 2013 ഒക്ടോബറിൽ ഒരു വിനോദ യാത്ര കഴിഞ്ഞ്, ശശിധരനും കുടുംബവുമൊന്നിച്ച് കോഴിക്കോട്ടേക്കുള്ള മടക്കയാത്രയിലായിരുന്നു ദുരനുഭവം. ബിക്കാനീർ കൊച്ചുവേളി എക്സ്പ്രസ്സിൽ ത്രിടയർ ഏസി കോച്ചിൽ മുൻകൂട്ടി റിസർവ് ചെയ്തായിരുന്നു യാത്ര. സ്വന്തം കമ്പാർട്ട്മെന്റിലെ ശുചി മുറിയിൽ രണ്ട് ദിവസവും വെള്ളമുണ്ടായിരുന്നില്ല. ശുചിമുറിയും കമ്പാർട്ട്മെന്റുമൊക്കെ അങ്ങേയറ്റം വൃത്തിഹീനമായിരുന്നു. മറ്റു കോച്ചുകളിലെ ശുചിമുറികളെ ആശ്രയിച്ചാണ് താനും കുടുംബവും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റിയതെന്ന് ശശിധരൻ പറയുന്നു.

ഇതെല്ലാം ഇദ്ദേഹം സ്വന്തം ഫോണിലെ ക്യാമറയിൽ പകർത്തി വെക്കുകയും ചെയ്തു. കോഴിക്കോട് സ്റ്റേഷനിൽ വന്നിറങ്ങിയ ഉടനെ സ്റ്റേഷൻ മാനേജർക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും പതിവു പോലെ അവരാരും അത് പരിഗണിച്ചില്ല. തുടർന്നാണ് 2013 നവമ്പറിൽ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. അഭിഭാഷക സഹായമില്ലാതെ സ്വന്തം നിലയിലാണ് കേസ്സ് വാദിച്ചത്.  അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതായതിന് റെയിൽവേക്ക് ഉത്തരവാദിത്തമില്ല എന്ന് സ്ഥാപിക്കാൻ റെയിൽവേ പല ന്യായങ്ങൾ നിരത്തിയെങ്കിലും അതൊന്നും കമ്മീഷൻ അംഗീകരിച്ചില്ല.

ശുചീകരണ ജീവനക്കാരെ നിയമിക്കുന്നതും വെള്ളം ഉറപ്പാക്കുന്നതുമുൾപ്പെടെയുള്ള കാര്യങ്ങൾ റെയിൽവേയുടെ ഉത്തരവാദിത്തത്തിൽപ്പെട്ടതാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. റെയിൽവേ കാണിച്ച നിരുത്തരവാദിത്തം പരാതിക്കാരന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമായെന്നും ആയതിന് നഷ്ടപരിഹാരം നൽകാൻ റെയിൽവേ ബാദ്ധ്യസ്ഥമാണെന്നും കമ്മീഷൻ വിധിച്ചു. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡണ്ട് പി സി പോളച്ചൻ, അംഗങ്ങളായ വി ബാലകൃഷ്ണൻ, എസ് പ്രിയ എന്നിവരുടേതാണ് വിധി. 2013 ൽ ഉണ്ടായ സംഭവത്തിൽ ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വിധി വരുന്നത്. ജില്ലാ ഉപഭോക്തൃ കമ്മീഷനൻ വിധിക്കെതിരെ റെയിൽവേ അപ്പീൽ പോകുമോ എന്ന് വ്യക്തമല്ല.

Comments

COMMENTS

error: Content is protected !!