വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ പ്രവർത്തനം പുനഃരാരംഭിച്ചു
കൊയിലാണ്ടി : നീണ്ടനാളത്തെ കാത്തിരിപ്പിനുശേഷം വെള്ളറക്കാട് റെയിൽവേസ്റ്റേഷൻ പ്രവർത്തനം പുനഃരാരംഭിച്ചു. ഇന്നുമുതൽ (തിങ്കളാഴ്ച) തീവണ്ടികൾ നിർത്തും. കോവിഡ് രൂക്ഷമായ കാലത്താണ് സ്റ്റേഷൻ താത്കാലികമായി അടച്ചത്.
അതേസമയം വെള്ളറക്കാട് സ്റ്റേഷനിൽ പ്രധാന തീവണ്ടികളെ ഒഴിവാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. വെള്ളറക്കാട് സ്റ്റേഷനിൽ നാല് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചുവെങ്കിലും നൂറുകണക്കിന് യാത്രക്കാർ ഉണ്ടായിരുന്ന കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ, മംഗലാപുരം- കോഴിക്കോട്, തൃശ്ശൂർ-കണ്ണൂർ തുടങ്ങിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
കോഴിക്കോട്ടേക്ക് യാത്രചെയ്തിരുന്ന ഉദ്യോഗസ്ഥരും വിദ്യാർഥികളും വ്യാപാരികളും തുടങ്ങി നൂറുകണക്കിന് യാത്രക്കാരാണ് രാവിലത്തെ കോയമ്പത്തൂർ ട്രെയിനിൽ വെള്ളറക്കാട് നിന്നും കയറിയിരുന്നത്. ഇത് നിർത്തലാക്കിയതോടുകൂടി കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കുന്നവർ ഏറെ ബുദ്ധിമുട്ടുകയാണ്. മേൽപ്പറഞ്ഞ വണ്ടികൾക്കുകൂടി സ്റ്റോപ്പ് അനുവദിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.