Uncategorized

വെള്ളിയാഴ്ചത്തെ ഹർത്താലിൽ കെ എസ്ആർടിസിക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

പോപ്പുലർ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ  കെ എസ് ആർ ടിസിക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ബസുകൾ നന്നാക്കാനുള്ള ചിലവുകൾക്ക് പുറമെ സർവീസ് മുടങ്ങിയതിനെത്തുടർന്നുണ്ടായ വരുമാന നഷ്ടവും അക്രമികളിൽ നിന്നും ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. കെ എസ് ആർ ടി സി കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്.

വെള്ളിയാഴ്ചത്തെ ഹർത്താലിൽ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്. നിരവധി കെ എസ്ആർടിസി ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹർത്താൽ നിയമവിരുദ്ധമായി നേരത്തെ തന്നെ കോടതി പ്രഖ്യാപിച്ചതാണ്. അത്തരത്തിൽ നിയമവിരുദ്ധമായ നടപടിയുടെ ഭാഗമായി ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വം സമരം ആഹ്വാനം ചെയ്തവർക്കുതന്നെയാണ്. അത് നേരത്തെ തന്നെ കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ശക്തമായ നടപടി ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ച് കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയോടും ഗതാഗത സെക്രട്ടറിയോടും കോടതി നിർദ്ദേശിച്ചു.

നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് പൊതുമുതലിൽ ഉണ്ടായ നഷ്ടത്തുക കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കുക. ഈ രണ്ട് മാർഗങ്ങളാണ് സർക്കാരിന് മുമ്പിലുള്ളത്. ഇതിൽ ഏത് നടപടിയാണ് സ്വീകരിക്കുക എന്നാണ് അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ സർക്കാർ കോടതിയിൽ അറിയിക്കേണ്ടത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button