വേനൽ മഴ ശക്തി പ്രാപിച്ചതോടെ ചളിയും വെള്ളക്കെട്ടും; ദേശീയപാതയിൽ യാത്രാദുരിതം

പയ്യോളി: ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന നന്തി മുതൽ പാലോളിപ്പാലം വരെയുള്ള ഭാഗത്ത് യാത്ര ദുരിതപൂർണ്ണമാണ്. വേനൽ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടും ദേശീയപാതയിൽ ഒഴുകി നിറയുന്ന ചളിയും കാരണം കാൽ നടയാത്ര പോലും പ്രയാസം. ശനിയാഴ്ച രാത്രി മുതൽ മഴ കനത്തത്തതോടെ ദുരിതപൂർണ്ണമാണ് ഇതുവഴിയുള്ള യാത്രകൾ. നിലവിലെ ദേശീയപാതയുടെ ഇരുഭാഗത്തും മീറ്ററുകളോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയാണ് നിർദിഷ്ട പാതയുടെ പണി മൂരാട് മുതൽ അയനിക്കാട് പള്ളി വരെ നടന്നുകൊണ്ടിരിക്കുന്നത്. റോഡിൽ നിറയുന്ന വെളളത്തിന് ഇരുവശങ്ങളിലേക്കും ഒഴുകിപ്പോകാൻ കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല, മൺകൂനയിൽനിന്ന് മണ്ണും ചളിയും റോഡിലേക്ക് ഒഴുകിപ്പരക്കുന്നു. ദേശീയപാത പലഭാഗത്തും ചളിയിൽ പുതഞ്ഞ നിലയിലാണ്. അയനിക്കാട് പള്ളി ബസ് സ്റ്റോപ്പിന് മുന്നിലും ഇരിങ്ങലിലും ചളി കെട്ടിക്കിടക്കുകയാണ്. പയ്യോളി രണ്ടാം ഗേറ്റിന് സമീപം സ്വകാര്യ ഹോട്ടലിന് മുന്നിലെ വളവിൽ റോഡിന്റെ മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങി.
സമാന അവസ്ഥയാണ് പയ്യോളി ടൗണിലും അയനിക്കാട് കുറ്റിയിൽപീടിക, പോസ്റ്റ് ഓഫിസ്, കളരിപ്പടി, മൂരാട് ഓയിൽമിൽ തുടങ്ങിയ സ്ഥലങ്ങളിലും.വെള്ളക്കെട്ട് ഒഴിവാക്കി പോകാൻ വാഹനങ്ങൾ എതിർദിശയിലേക്കിറക്കുമ്പോൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറി. വാഹനങ്ങൾ റോഡിന്റെ വശങ്ങളിലേക്ക് ഇറക്കാനും സാധിക്കുന്നില്ല. റോഡിലെ വെള്ളമൊഴുകിപ്പോകാൻ, പ്രവൃത്തിയുടെ കരാറുകാർ താൽക്കാലിക സംവിധാനങ്ങളൊന്നും ഏർപ്പെടുത്തുന്നില്ല. പതിനായിരങ്ങൾ സഞ്ചരിക്കുന്ന ദേശീയപാതയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികൾ യാത്രക്കാർക്ക് പരമാവധി പ്രയാസങ്ങൾ ഒഴിവാക്കി നടത്താൻ അധികൃതരും ശ്രമിക്കുന്നില്ല.

വടകര പാലോളിപ്പാലം-മൂരാട് ഭാഗത്ത് നിലവിലെ ദേശീയപാത പൊളിച്ച് പുതിയ പാതയുടെ പ്രവൃത്തി നടക്കുന്നുണ്ട്. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കഷ്ടിച്ച് ഏഴു മീറ്റർ മാത്രമുള്ള വരിയിലൂടെ കടന്നുപോകുന്നത് കാരണം വാഹനങ്ങൾ ഇഴഞ്ഞാണ് പോകുന്നത്. അതോടൊപ്പം മൂരാട് പാലത്തിലെ സ്ഥിരം വാഹനക്കുരുക്കുമാവുന്നതോടെ പയ്യോളിയിൽനിന്ന് വടകരയെത്താൻ പലപ്പോഴും മണിക്കൂറുകളാണ് എടുക്കുന്നത്. കാലവർഷംകൂടി കണക്കിലെടുത്താൽ സമാന്തര സംവിധാനങ്ങളൊരുക്കിയില്ലങ്കിൽ ഇതുവഴിയുള്ള യാത്ര ദുരിതപൂർണ്ണമാകും.

Comments

COMMENTS

error: Content is protected !!