വൈത്തിരി കടുവയിറങ്ങി; കറവപ്പശുവിനെ പട്ടാപ്പകൽ കൊലപ്പെടുത്തി
പഴയ വൈത്തിരിയിലെ ജനവാസ മേഖലയിൽ കടുവയിറങ്ങി. മേയാൻ വിട്ട കറവപ്പശുവിനെ കൊലപ്പെടുത്തി. മുള്ളൻപാറ ചങ്ങനക്കാട് അബ്ദുറഹ്‌മാന്റെ പശുവിനെയാണ് കൊന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വീടിന് 100 മീറ്റർ അകലെയുള്ള സ്വകാര്യത്തോട്ടത്തിൽ മേയാൻ വിട്ടതായിരുന്നു പശുവിനെ. കടുവയെ കണ്ടതോടെ ഓടിയ പശുവിനെ പിന്തുടർന്ന് പുഴയിലൂടെ ഓടിച്ചിട്ട് വനാതിർത്തിയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.
പശുവിനെ അന്വേഷിച്ച് പോയ അബ്ദുറഹ്‌മാൻ കടുവയെ നേരിട്ട് കണ്ടു. പശുവിനെ കൊലപ്പെടുത്തിയ ശേഷം ജഡത്തിന് സമീപം ഇരിക്കുന്ന നിലയിലാണ് കടുവയെ കണ്ടത്. പേടിച്ചരണ്ട അബ്ദുറഹ്‌മാൻ ബഹളം വെച്ചതോടെ കടുവ ഓടി മറഞ്ഞു. പശുവിന്റെജഡത്തിൽ നിന്നും കുറഞ്ഞ ഭാഗം ഭക്ഷിച്ചിട്ടുണ്ട്. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ സ്ഥലം സന്ദർശിച്ചു. പശുവിനെ കൊലപ്പെടുത്തിയ ഭാഗത്ത് രണ്ട് സ്ഥലങ്ങളിലായി ക്യാമറകൾ സ്ഥാപിച്ചു.
ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ കൂട് സ്ഥാപിക്കുമെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു. ജഡം പോസ്റ്റ്‌മോർട്ടം നടത്തി സംസ്‌കരിച്ചു.