വ്യാജമദ്യ, മയക്കുമരുന്ന് വ്യാപനം-ഓണം സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ പരിശോധന ശക്തമാക്കും
വ്യാജമദ്യം, മയക്കുമരുന്ന് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓണം സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് എ ഡി എം സി.മുഹമ്മദ് റഫീഖ്. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ എഡിഎമ്മിന്റെ ചേമ്പറിൽ നടന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ വിവിധ മേഖലകളിൽ ശക്തമായ റെയ്ഡുകളും വാഹന പരിശോധനകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. വകുപ്പിന് ലഭിക്കുന്ന എല്ലാ പരാതികളിന്മേലും സത്വര നടപടികൾ സ്വീകരിക്കും. കോളനികളും സ്കൂൾ പരിസരങ്ങളും സ്ഥിരമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യും. എക്സൈസ് – പോലീസ് – ഫോറസ്റ്റ് വകുപ്പുകൾ സംയുക്തമായി റെയ്ഡുകൾ സംഘടിപ്പിക്കും. അതിർത്തി പ്രദേശങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പട്രോളിങ് ശക്തമാക്കുകയും ഡോഗ് സ്ക്വാഡ്
ഉപയോഗിച്ച് വാഹന പരിശോധന നടത്തുകയും ചെയ്യും. വിദ്യാർത്ഥികളിൽ മദ്യ, മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി ജില്ലയിലെ സ്കൂളുകളിൽ രക്ഷിതാക്കളെയും ഉൾപ്പെടുത്തി ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
ഓണം സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. മൂന്ന് മേഖലകളിലായി സ്ട്രൈക്കിംഗ് ഫോഴ്സും റേഞ്ചുകളിൽ രഹസ്യവിവരം ശേഖരിക്കുന്നതിനായി ഇന്റലിജൻസ് ടീമും പ്രവർത്തിച്ചു വരുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ താമസ ഇടങ്ങളിൽ മിന്നൽ പരിശോധന നടത്തിവരുന്നു. മെഡിക്കൽ ഷോപ്പുകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗവുമായി ചേർന്ന് ലഹരി മരുന്നുകളുടെ ദൂരുപയോഗം തടയുന്നതിനായി നിരന്തരം പരിശോധനകളും നടത്തി വരുന്നുണ്ട്.
യോഗത്തിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീലത, കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ കെ പി സുധ, വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അബു എബ്രഹാം, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം സുഗുണൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ശ്രീജിത്ത്, നാർക്കോട്ടിക്സ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (സിറ്റി) പ്രകാശൻ പടന്നയിൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ജനകീയ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.