KERALA

വ്യാജ കോൾസെന്റർ വഴി 
പണംതട്ടൽ: നാലുപേർ പിടിയിൽ ; പിടിയിലായത്‌ അന്തർ സംസ്ഥാന തട്ടിപ്പുസംഘം

കൽപ്പറ്റ:  വ്യാജ കോൾസെന്റർ വഴി ഓൺലൈൻ വ്യാപാര ശൃംഖലകളുടെ പേരിൽ പണം തട്ടുന്ന അന്തർ സംസ്ഥാന സംഘത്തിലെ രണ്ട്‌ മലയാളികളടക്കം നാലുപേർ പിടിയിൽ. വയനാട് സൈബർ പൊലീസ് ഡൽഹിയിൽനിന്നാണ്‌ സംഘത്തെ പിടികൂടിയത്‌. 

വൈത്തിരി സ്വദേശിയിൽനിന്ന്‌ 12 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ കണ്ണികളാണ്‌ പിടിയിലായവർ. കോൾസെന്റർ നടത്തിപ്പുകാരായ ബിഹാർ ഗയ സ്വദേശി സിന്റു ശർമ (31), തമിഴ്നാട് സേലം സ്വദേശി അമൻ (19), ഡൽഹിയിൽ സ്ഥിരതാമസക്കാരായ എറണാകുളം സ്വദേശി അഭിഷേക് എസ്‌ പിള്ള (24), പത്തനംതിട്ട സ്വദേശി അനിൽ എന്ന പ്രവീൺ (24) എന്നിവരാണ് പിടിയിലായത്. 32  മൊബൈൽ ഫോണുകളും വിവിധ ഓൺലൈൻ ഷോപ്പിങ്‌ കമ്പനികളിൽനിന്ന്‌  സംഘടിപ്പിച്ച ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങളും പൊലീസ് പിടിച്ചെടുത്തു.

തട്ടിപ്പ് കേന്ദ്രമാണെന്നറിയാതെ സംഘത്തിന്റെ ഡൽഹിയിലെ ഓഫീസിൽ 15 സ്‌ത്രീകൾ ജോലിചെയ്തിരുന്നു. ഇവരെ കസ്‌റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു. ബിഹാർ സ്വദേശികളായ രോഹിത്, അവിനാശ് എന്നിവരെ പിടികൂടാനുണ്ടെന്നും അതിനായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ്‌ അറിയിച്ചു. മീഷോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാനപദ്ധതിയിൽ എക്‌സ്‌യുവി കാർ സമ്മാനമായി ലഭിച്ചെന്നാണ്‌ വൈത്തിരി സ്വദേശിയെ അറിയിച്ചത്‌. സന്ദേശത്തിൽ കണ്ട ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച പരാതിക്കാരനോട് രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ചെറിയ സംഖ്യ അടപ്പിച്ചാണ്‌ തട്ടിപ്പിന്റെ തുടക്കം. തുടർന്ന് തന്ത്രപൂർവം വിവിധ ഫീസ് ഇനത്തിൽ 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഇയാൾ സൈബർ പൊലീസിനെ സമീപിച്ചു. മാർച്ച്‌ രണ്ടു മുതൽ ജൂൺ ഒന്നുവരെയാണ്‌ പണം തട്ടിയത്‌.

തട്ടിപ്പുകാർ ഉപയോഗിച്ച സിം കാർഡുകളും പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകളും ദരിദ്രരായ ബംഗാൾ സ്വദേശികളുടെ പേരിലാണ്‌. ബിഹാറിലെ വിവിധ എടിഎമ്മുകളിൽനിന്നാണ്‌ പണം പിൻവലിച്ചത്‌. രണ്ടര മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ വ്യാജ കോൾസെന്റർ പ്രവർത്തിക്കുന്ന ഡൽഹിയിലെ പിത്തൻപുരയിൽ ഓഫീസ്‌ കണ്ടെത്തിയത്‌. ഇവിടെനിന്നാണ്‌ നാലുപേരെയും പിടികൂടിയത്‌. ഇവരെ കൽപ്പറ്റ സിജെഎം കോടതി റിമാൻഡ് ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button