കോച്ച് ഒ എം നമ്പ്യാർ അന്തരിച്ചു

അത്ലറ്റ് പി ടി ഉഷയുടെ  കായിക പരിശീലകന്‍ ഒ എം മാധവൻ ( ഒ എം നമ്പ്യാർ 89) അന്തരിച്ചു. കായിക പരിശീലകൻ എന്ന നിലയ്ക്ക് ദ്രോണാചാര്യ പുരസ്‌കാരവും പത്മശ്രീയും ലഭിച്ചിട്ടുണ്ട്. പക്ഷാഘാതത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

1976ല്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ നിന്നാണ് പി ടി ഉഷയുടെ പരിശീലകനാവുന്നത്.  ഉഷയെന്ന പെണ്‍കുട്ടിയെ കായിക ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതില്‍ നമ്പ്യാര്‍ നിര്‍ണായക പങ്കുവഹിച്ചു. 1990ല്‍ ബെയ്ജിങ് ഏഷ്യാഡില്‍ ഉഷ വിരമിക്കുന്നതുവരെ പരിശീലകനായി നമ്പ്യാരുണ്ടായിരുന്നു.

വടകര  മണിയൂര്‍ മീനത്തുകരയിലെ മണിയോത്ത് വീട്ടില്‍ 1932 ഫെബ്രുവരി 16നായിരുന്നു ജനനം. 15 വര്‍ഷം എയര്‍ഫോഴ്സില്‍ ജോലി ചെയ്തു. 1968ല്‍ പട്യാലയില്‍നിന്നും എന്‍ഐഎസ് പരിശീലന കോഴ്സ് പൂര്‍ത്തിയാക്കി. 1970ല്‍ കേണല്‍ ഗോദവര്‍മ രാജയുടെ ക്ഷണമനുസരിച്ചാണ് കേരളത്തില്‍ പരിശീലകനായി എത്തിയത്.

ഭാര്യ: ലീല. മക്കള്‍: മുരളീധരന്‍(റെയില്‍വേ, കണ്ണൂര്‍), സുരേഷ്ബാബു (ബിസിനസ്), ദിനേശ് (ക്ലര്‍ക്ക്, സായ് തിരുവനന്തപുരം), ബിന്ദു.  മരുമക്കള്‍: തുളസീദാസ്, ഹസിനി, മായ, ശ്രീലത. സഹോദരങ്ങള്‍: കമലാക്ഷിയമ്മ, പരേതരായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, പത്മനാഭന്‍ നമ്പ്യാര്‍, രാമചന്ദ്രന്‍ നമ്പ്യാര്‍.

Comments

COMMENTS

error: Content is protected !!