MAIN HEADLINES

ഷിൻസോ ആബെയ്ക്ക് വിട; മരണവാ‍ര്‍ത്ത ജപ്പാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു

ടോക്യോ: വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു. അൽപസമയം മുൻപാണ് ജാപ്പനീസ് മാധ്യമങ്ങൾ ഈ വാര്‍ത്ത പുറത്തുവിട്ടത്. ജപ്പാൻ സ‍ര്‍ക്കാരും മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെ കിഴക്കന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ വച്ചാണ് ആബേയ്ക്ക് നേരെ അക്രമി വെടിയുതിർത്തത്.

വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിൻസെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.വെടിയേറ്റ ഉടനെ ഹൃദയാഘാതം കൂടി ഉണ്ടായതാണ് ആരോഗ്യനില കൂടുതൽ വഷളാക്കിയത്. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിര്‍ണായക സ്വാധീനമുള്ള വ്യക്തിതത്വമായിരുന്നു. ഇന്ത്യയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സവിശേഷ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button