സംവിധായകൻ സിദ്ദിഖിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും
കൊച്ചിയില്‍ അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. രാവിലെ സിദ്ദിഖിന്‍റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൌരവലിക്കും, സിനിമ രംഗത്തുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ടാകും. തുടര്‍ന്ന് മൃതദേഹം അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക.
ചൊവ്വാഴ്ച വൈകീട്ട് 9 മണിയോടെയാണ് സംവിധായകന്‍ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. സിദ്ധിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാല്‍, റഹ്‍മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ധിഖിനെ സന്ദര്‍ശിച്ചിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ഹൃദയാഘാതം സംഭവിക്കുന്നതും മരണത്തിന് കീഴടങ്ങുന്നതും.