സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വൻ പ്രതിസന്ധിയിൽ

സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വൻ പ്രതിസന്ധിയിൽ. മിക്ക ജനകീയ ഹോട്ടലുകളും എട്ട് മാസത്തെ സബ്സിഡി കുടിശ്ശികയായതോടെ പൂട്ട് വീഴുന്ന സ്ഥിതിയിലാണ്.  പല ഹോട്ടലുകൾക്കും സബ്സിഡി ഇനത്തിൽ പത്ത് മുതൽ ഇരുപത് ലക്ഷത്തിലധികം രൂപ വരെ കിട്ടാനുണ്ട്.

20 രൂപ നിരക്കിൽ ദിവസവും അഞ്ഞൂറോളം ഊണ്. എണ്ണായിരം രൂപയുടെ ചെലവ്. മാസം സബ്സിഡി ഇനത്തിൽ കിട്ടേണ്ടത് ഒന്നേകാൽ ലക്ഷത്തോളം രൂപ. കഴിഞ്ഞ എട്ട് മാസത്തെ സബ്സിഡി കിട്ടാതായതോടെ  കടത്തിലാണ് കുടുബശ്രീ യൂണിറ്റ് നടത്തുന്ന ജനകീയ ഹോട്ടൽ.

ഓഫീസ്, സ്കൂൾ, കോളജ് എന്നുവേണ്ട പരിസരത്തെ സ്ഥാപനങ്ങളിൽ നിന്നെല്ലാം തുച്ഛമായ നിരക്കിൽ നല്ല ഭക്ഷണ തേടി ജനകീയ ഹോട്ടലിലേക്ക് ആളെത്തുന്നുണ്ട്. ആഴ്ചയിൽ ആറ് ദിവസവും ഊണ് കിട്ടും. 20 രൂപയിൽ 10 രൂപയാണ് സർക്കാർ സബ്സിഡി. ഏപ്രിൽ വരെയുള്ള സബ്സിഡിയാണ് ഏറ്റവും ഒടുവിൽ കിട്ടിയത്. സബ്സിഡി കിട്ടാതായതോടെ ആശുപത്രികളിലേക്കും മറ്റുമുള്ള വലിയ ഓർഡറുകൾ നിർത്തി. 

സംസ്ഥാനത്തെ 1198 ജനകീയ ഹോട്ടലുകളുടെയും അവസ്ഥയിതാണ്. 17 കോടിയോളം രൂപയാണ് സബ്സിഡി കുടിശ്ശിക. ബാധ്യത കൂടാതിരിക്കാൻ വിതരണം ചെയ്യുന്ന ഊണിന്റെ എണ്ണം കുറയ്ക്കാനാണ് കുടുംബശ്രീയുടെ അനൗദ്യോഗിക നിർദ്ദേശം. കുടിശ്ശിക ഘട്ടം ഘട്ടമായി തന്നെയാണ് നൽകാറുള്ളതെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് വിശദീകരിക്കുന്നത്.

Comments

COMMENTS

error: Content is protected !!