സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഓണ്‍ലൈന്‍ ഡേറ്റാബേസില്‍ പാക് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഓണ്‍ലൈന്‍ ഡേറ്റാബേസില്‍ പാക് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും വിവരങ്ങള്‍ ചോര്‍ത്തിയ ‘ടീം ഇന്‍സെയ്ന്‍ പികെ’ എന്ന ഹാക്കര്‍ സംഘം ഇവ ട്വിറ്ററില്‍ പരസ്യപ്പെടുത്തുകയും ചെയ്തു.

തിരുവനന്തപുരം കാട്ടാക്കടയിലെ ഒരു എയ്ഡഡ് സ്‌കൂളിലെ വിവരങ്ങളാണ് ചോര്‍ന്നത്. എസ്എസ്എല്‍സി ഐ.ടി പരീക്ഷ നടത്തുന്ന സോഫ്റ്റ്വെയറിലെ ലോഗിന്‍ വിവരങ്ങളോടൊപ്പം സ്‌കൂളിലെ കുട്ടികളുടെ പേര്, ചിത്രം, ക്ലാസ്, ഫോണ്‍ നമ്പര്‍, ഐഡി കാര്‍ഡ് നമ്പര്‍, രക്ഷിതാവിന്റെ പേര്, തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ചോര്‍ത്തിയത്.

ഇതോടൊപ്പം ചോര്‍ത്തിയ ഫോണ്‍ നമ്പറുകളിലേക്ക് 10 ദിവസം മുന്‍പ് ഹാക്കര്‍മാരുടെ സന്ദേശം ലഭിച്ചതോടെ രക്ഷിതാക്കള്‍ വിവരം സ്‌കൂളില്‍ അറിയിക്കുകയായിരുന്നു. പാക്കിസ്ഥാന്‍ മൊബൈല്‍ നമ്പറുകളില്‍ നിന്നായിരുന്നു സന്ദേശം. കംപ്യൂട്ടറിന്റെ ഐപി അഡ്രസ് പാക്കിസ്ഥാനിലേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സംഭവം സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ ഫെബ്രുവരി 28ന് കാട്ടാക്കട പൊലീസിന് പരാതി നല്‍കിയെങ്കിലും കേസ് എടുക്കാനോ മൊഴി രേഖപ്പെടുത്താനോ തയാറായില്ലെന്ന പരാതിയുണ്ട്. ‘സമ്പൂര്‍ണ’ എന്ന് പേരിട്ടിട്ടുള്ള ഓണ്‍ലൈന്‍ ഡേറ്റാബേസില്‍ പതിനാറായിരത്തിലേറെ സ്‌കൂളുകളുടെ വിവരങ്ങളുണ്ട്. ഇതില്‍ ഒരു സ്‌കൂളിന്റെ വിവരം മാത്രമാണ് ചോര്‍ന്നത്. പ്രധാന ഡേറ്റാ ബേസില്‍ ചോര്‍ച്ച ഉണ്ടായിട്ടില്ല. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡേറ്റാ സുരക്ഷ ഉറപ്പാക്കാനായി എല്ലാ സ്‌കൂളിലെയും ബന്ധപ്പെട്ടവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനൊരുങ്ങുകയാണ് അധികൃതര്‍.

Comments

COMMENTS

error: Content is protected !!