ലൈഫ് പദ്ധതിയിൽ അർഹതപ്പെട്ട എല്ലാ കുടുംബങ്ങൾക്കും വീട് നൽകും -മന്ത്രി ടി പി രാമകൃഷ്ണൻ 

വീടില്ലാത്ത അർഹതപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ലൈഫ് പദ്ധതി പ്രകാരം  വീട് നിർമിച്ചു നൽകുമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. വീടില്ലാത്തവർക്ക് വീട് നിർമിച്ച് നൽകാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും പഞ്ചായത്തുകൾ നടത്തണം.  മൂന്നു ഘട്ടങ്ങളിലായിട്ടാണ് ലൈഫ് പദ്ധതി പൂർത്തിരിക്കുക. മൂന്നാം ഘട്ടത്തിൽ വീടും സ്ഥലവും ഇല്ലാത്തവർക്ക് വീട് നൽകും ഇടുക്കിയിലെ അടിമാലിയിൽ 217 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമിച്ചു നൽകി കഴിഞ്ഞതായും മന്ത്രി പറഞ്ഞു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ലൈഫ്മിഷൻ രണ്ടാം ഘട്ട പൂർത്തീകരണവും 26 വീടുകളുടെ താക്കോ ൽ ദാനവും വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വികസന കാര്യങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് അപ്രതീക്ഷിതമായി പ്രളയമുണ്ടായത്. എങ്കിലും അത്  അതിജീവിച്ചു. കേന്ദ്രം പല ഘട്ടങ്ങളിലും നമുക്ക് ലഭിക്കേണ്ടിയിരുന്ന സഹായങ്ങൾക്ക് തടസം സൃഷ്ടിച്ചു. അതേ പോലെ പലവിധ ആക്ഷേപങ്ങൾ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെട്ടു. ചെയ്ത നല്ല കാര്യങ്ങൾ നല്ലതായി അംഗീകരിക്കാതെ അടച്ചാക്ഷേപിക്കുന്ന നിലയുണ്ടായി. ഇതൊക്കെ നാം അതിജീവിച്ചു. ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടം വിജയകരമായി പൂർത്തീകരിച്ച വില്യാപ്പള്ളി പഞ്ചായത്ത് സംസ്ഥാനത്തിനാകെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ഒന്നാം ഘട്ടത്തിൽ 12 വീടുകളും രണ്ടാം ഘട്ടത്തിൽ 26 വീടുകളുമാണ് പഞ്ചായത്തിൽ പൂർത്തീകരിച്ചത്.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുമ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ മോഹനൻ സ്വാഗതം പറഞ്ഞു.   ജില്ലാ പഞ്ചായത്ത് മെമ്പർ ആർ ബാലറാം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി റിഷ , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൊടക്കാട്ട് ബാബു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത കോളിയോട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ താളിക്കണ്ടി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

Comments

COMMENTS

error: Content is protected !!