സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജോലി വാഗ്ദാനമടക്കം നൽകി തട്ടിപ്പ് നടത്തിയയാൾ കൊച്ചിയിൽ പയ്യോളി പൊലീസിന്റെ പിടിയിലായി
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജോലി വാഗ്ദാനമടക്കം നൽകി തട്ടിപ്പ് നടത്തിയയാൾ കൊച്ചിയിൽ പയ്യോളി പൊലീസിന്റെ പിടിയിലായി. കോട്ടയം ഏറ്റുമാനൂര്‍ വല്ലയില്‍ചാലില്‍ വീട്ടില്‍ ശരത് മോഹന്‍ (39) ആണ് പിടിയിലായത്. പയ്യോളിയെ കൂടാതെ കോട്ടയം ജില്ലയിലെ കുറുവിലങ്ങാട്, ഏറ്റുമാനൂര്‍, എറണാകുളം ഗാന്ധി നഗര്‍, കണ്ണൂർ മയ്യില്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് അറിയിച്ചു. ഹൈകോടതി അസി. തസ്തികയില്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം നൽകി ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചെന്ന പരാതിയില്‍ പ്രതിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കൻമാരുമായും ഉദ്യോഗസ്ഥരുമായും സുഹൃദ്ബന്ധം പുലർത്തി തട്ടിപ്പ് നടത്തുന്നതാണ് പ്രതിയുടെ രീതി. 2013ല്‍ മാഹി മദ്യം കൈവശംവെച്ച കേസിലാണ് പയ്യോളി പൊലീസ് കൊച്ചിയിൽ പ്രതിയെ പിടികൂടിയത്. മദ്യം കടത്തിയ കേസില്‍ ജാമ്യം ലഭിച്ച ശേഷം തുടർന്ന് കോടതിയിൽ ഹാജരാകാതെ വാറണ്ട് പുറപ്പെടുവിച്ചതോടെയാണ് പയ്യോളി പൊലീസ് ഇയാളെ കൊച്ചിയിലെത്തി അറസ്റ്റ്ചെയ്തത്.
പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബുവിന്റെ നിർദേശപ്രകാരം സി.പി.ഒമാരായ രഞ്ജിത്ത്, ശ്രീജിത്ത് കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പയ്യോളി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.