സംസ്ഥാനത്തെ വിവിധ റോഡുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് മാസത്തിനിടെ നിർമ്മിച്ച വിവിധ റോഡുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. നിർമ്മാണത്തിൽ അപകാതയുള്ളതായി പരാതി ലഭിച്ച റോഡുകളിലാണ് പരിശോധനയെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. വിജിലൻസ് മേധാവി മനോജ് എബ്രഹാമിൻ്റെ നിർദേശത്തെ തുടർന്ന് റോഡിൽ പരിശോധന നടത്തുന്നത്.
പ്രത്യേക മെഷീൻ ഉപയോഗിച്ച് റോഡിൻ്റെ ചെറുഭാഗം വിജിലൻസ് സംഘം കട്ട് ചെയ്തു ശേഖരിക്കുന്നുണ്ട്. നേരത്തെയുള്ള റോഡിലെ ചളിയും മണ്ണും നീക്കി ആവശ്യത്തിന് മെറ്റലും കൃത്യമായ അളവിൽ ടാറും ഉപയോഗിച്ചാണോ റോഡ് പുനർനിർമ്മിച്ചത് എന്നറിയാനായി സാംപിൾ എടുത്ത് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. റോഡ് സാംപിളുകളുടെ ലാബ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും വിജിലൻസ് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക.
മലപ്പുറം ജില്ലയിൽ നാല് റോഡുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നുണ്ട്. ആനക്കയം തിരൂർക്കാട് റോഡ്, പാണ്ടിക്കാട് കിഴക്കേ പാണ്ടിക്കാട് റോഡ്, പുലാമന്തോൾ കുളത്തൂർ റോഡ്, തിരൂർ വെട്ടം റോഡ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്.