സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്. 47 ലക്ഷം വിദ്യാർഥികളാണ് ഒരുമിച്ചു സ്കൂളുകളിലേക്ക്
നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്. 47 ലക്ഷം വിദ്യാർഥികളാണ് ഒരുമിച്ചു സ്കൂളുകളിലേക്ക് എത്തുന്നത്. സിബിഎസ്ഇ, ഐസിഎസി സ്‌കൂളുകളും ഇന്ന് മുതൽ പ്രവർത്തിക്കും. അധ്യയന വർഷം അവസാനിക്കാൻ 40 ദിവസത്തോളം മാത്രം ബാക്കി നിൽക്കെയാണ് സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും സജീവമാകുന്നത്. ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ മുഴുവൻ വിദ്യാർഥികളെ ഉൾപ്പെടുത്തി രാവിലെ മുതൽ വൈകുന്നേരം വരെയാണ് അധ്യയനം. 10, ഹയർസെക്കൻഡറി ക്ലാസുകളും പൂർണ തോതിൽ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സ്‌കൂളുകളുടെ പ്രവർത്തനം.
പൊതു അവധി ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും പ്രവർത്തി ദിനമാണെന്ന പ്രത്യേകതയുമുണ്ട്. സമാന്തര ഓൺലൈൻ ക്ലാസുകൾ നിർബന്ധമല്ല. വിദ്യാർഥികൾക്ക് ഉച്ച ഭക്ഷണവും ലഭ്യമാക്കും. പരീക്ഷ അടുത്തിരിക്കെ പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിന്റെ പരിശ്രമത്തിലാണ് അധ്യാപകർ. പൊതു പരീക്ഷ നടക്കുന്ന 10, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഈ മാസം 28നും, ഒൻപതു വരെയുള്ള ക്ലാസ്സുകാരുടെ പാഠഭാഗങ്ങൾ മാർച്ച് 31നു മുൻപ് പൂർത്തിയാക്കാനാണ് നിർദേശം. പ്ലാൻ തയ്യാറാക്കി പാഠഭാഗങ്ങൾ പൂർത്തീകരിച്ച് അധ്യാപകർ റിപ്പോർട്ട് സമർപ്പിക്കണം. പഠന വിടവ് പരിഹരിക്കാൻ. കുട്ടികളിലെ വാക്സിനേഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കാനാണ് നിർദേശം.