സംസ്ഥാനത്ത് കോവിഡ് നിയമലംഘനത്തിന് പിഴയായി പിരിച്ചെടുത്തത് നാനൂറു കോടി രൂപ
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് കോവിഡ് നിയമ ലംഘത്തിന് പിഴ ചുമത്തിയ വകയിൽ പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്തത് നാനൂറു കോടിയോളം രൂപയാണ്. ഈയിനത്തിൽ നിയമ നടപടി നേരിട്ടത് 66 ലക്ഷത്തോളം പേരും.
കോവിഡ് വ്യാപനം തുടങ്ങിയ മാർച്ച് 2020 മുതൽ 19 മാർച്ച് 2022 വരെയുള്ള കണക്കുകളാണിത്. ഇതിൽ തന്നെ മാസ്ക് ധരിക്കാതിരുന്നതിൻ്റെ പേരിൽ മാത്രം 213 കോടി രൂപ പിഴയായി ലഭിച്ചിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് പിഴ ഒടുക്കിയത് 42,73735 പേരാണ്. കോവിഡ് നിയന്ത്രണ ലംഘനങ്ങളെത്തുടർന്ന് 500 രൂപ മുതൽ 2000 രൂപ വരെ പിഴ അടച്ചവരുണ്ട്. തുടക്കത്തിൽ മാസ്ക് ധരിച്ചില്ലെങ്കിൽ നൂറു രൂപ പിഴ ആയിരുന്നത് പിന്നീട് 500 രൂപയായി ഉയർത്തിയിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് 12,27065 കേസുകൾ രജിസ്റ്റർ ചെയ്തതിലൂടെ 5,46579 പേരെ അറസ്റ്റ് ചെയ്തു. ഇതിനൊപ്പം 5,36911 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ കണക്കുകൾ പ്രകാരമാണിത്.