CALICUTDISTRICT NEWS

സംസ്ഥാനത്ത് 56 ഫ്ലാറ്റ് സമുച്ഛയങ്ങൾ നിർമ്മിക്കും – മന്ത്രി ടി.പി രാമകൃഷ്ണൻ

ഭവനരഹിതരില്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യത്തിനായി 56 ഫ്ലാറ്റ് സമുച്ഛയങ്ങൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി സർക്കാർ തയ്യാറാക്കി വരികയാണെന്ന്  തൊഴിൽ  എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. അത്തോളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ  നാലാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 10 ജില്ലകളിൽ ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നതിനുള്ള നടപടിആരംഭിച്ചു. ഇടുക്കി ജില്ലയിലെ അടിമാലിയിൽ 217 കുടുംബങ്ങൾക്ക് ഫ്ലാറ്റ് മോഡൽ താമസ  സൗകര്യം ഏർപ്പെടുത്തിയതായും  അദ്ദേഹം അറിയിച്ചു.

നാട്ടിലെ ജനസംഖ്യ കണക്കിലെടുത്ത് 3000 പേർക്ക് ഒരു ടോയ്‌ലറ്റ് എന്ന രീതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി ടോയ്ലറ്റ് നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വഴിയാത്രക്കാർക്ക് വിശ്രമകേന്ദ്രവും നിർമ്മിക്കും. ഇവിടെ ഭക്ഷണം,  ടോയ്ലറ്റ്,  അത്യാവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള നടപടികളും സ്വീകരിക്കും. രാത്രി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പ്രധാന പട്ടണങ്ങളിൽ  സുരക്ഷിതമായി താമസിക്കാനിടവും  പ്രഭാതഭക്ഷണവും ഏർപ്പെടുത്തും.
സംസ്ഥാനത്ത് എല്ലാവർക്കും റേഷൻ കാർഡ് നൽകുമെന്നും മന്ത്രി പറഞ്ഞു. റേഷൻ കാർഡിൽ പേര് ഉൾപ്പെടാത്തവരുണ്ടെങ്കിൽ അവരെയും  പ്രവാസികളെയും റേഷൻ കാർഡിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എംസിഎഫ് കെട്ടിട ഉദ്ഘാടനവും ലൈഫ് ഭവന പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും മന്ത്രി നടത്തി. വേളൂർ ജിഎംയുപി സ്കൂളിൽ നടന്ന പരിപാടിയിൽ പുരുഷൻ കടലുണ്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. ഐഒഎസ് നേടിയ ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരസമർപ്പണം കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് നിർവഹിച്ചു.

അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂർ രവീന്ദ്രൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് ആലോക്കണ്ടി, അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വേലായുധൻ, സ്ഥിരം സമിതി അംഗങ്ങളായ എൻ വി മോഹനൻ, കെ കാർത്ത്യായനി, ജൈസൽ കമ്മോടിൽ, ജില്ലാ പഞ്ചായത്ത് അംഗം എ.എം വേലായുധൻ അത്തോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ പ്രദീപൻ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ എം പി സുനിൽകുമാർ, സിഡിഎസ് ചെയർപേഴ്സൺ വിജില സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button