‘സമഗ്രം 2050’- സമഗ്ര വികസനം ലക്ഷ്യമിട്ട് ബാലുശ്ശേരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്
ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്കർ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് ഗവ. കോളേജിന്റ സമഗ്ര വികസനം മുൻനിർത്തി ‘സമഗ്രം 2050’ എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. കെ.എം. സച്ചിൻ ദേവ് എം.എൽ.എ ശില്പശാല ഉദ്ഘാടനം ചെയ്തു. കോളേജിന്റെ അക്കാദമികവും ഭൗതികവുമായ വികസനമാണ് ശില്പശാലയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എസ്.ജെ. ഷാബു അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി മുഖ്യാതിഥിയായിരുന്നു.
2013ൽ നിലവിൽ വന്ന കോളേജിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനം ലക്ഷ്യം വെച്ച് കൊണ്ടാണ് സെമിനാറിന് തുടക്കം കുറിച്ചത്. കോളേജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.
അടിസ്ഥാന സൗകര്യങ്ങൾ, നൂതന സാങ്കേതിക വിദ്യാക്രമീകരണങ്ങൾ, സമകാല വിദ്യാഭ്യസ സമീപനങ്ങൾ, ലാബുകളും അനുബന്ധ സൗകര്യങ്ങളും, 24 മണിക്കൂർ വിദ്യാഭ്യാസപ്രക്രിയ, ഡിജിറ്റൽ യുഗത്തിലെ വിജ്ഞാനവും നൈപുണ്യവും, ആഗോള വിദ്യാഭ്യാസ ക്യാമ്പുകൾ, ഉന്നത അക്കാദമിക് വ്യക്തിത്വങ്ങളുടെ പങ്കാളിത്തം തേടൽ, ജനാധിപത്യമൂല്യ പരിശീലനം, ഉത്തരവാദിത്തം, പ്രതിബദ്ധത എന്നീ വിഷയങ്ങളാണ് വിശകലനം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ, മുൻ പ്രിൻസിപ്പൽ സി.ജെ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.