‘സമഗ്ര ആംബുലന്‍സ്’ പദ്ധതി 12 ജില്ലകളിൽ
കൊച്ചി: അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും പെടുന്നവരുടെ ജീവൻരക്ഷക്കായി ആരംഭിക്കുന്ന ‘സമഗ്ര ആംബുലന്‍സ്’ പദ്ധതി ജൂലൈ അവസാനത്തോടെ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്) കാറ്റഗറിയിൽപെട്ട 315 ആംബുലൻസുകളാണ് ഇതിലേക്കായി നിരത്തിലിറങ്ങുക. പെട്ടെന്നുതന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിക്കുന്ന ‘സമഗ്ര ട്രോമാകെയര്‍’ പദ്ധതിയുടെ ഭാഗമായാണ് ഈ ആംബുലൻസ് നെറ്റ്വർക് സംവിധാനം.
108 ആംബുലൻസുകൾ നിലവിൽ സർവിസ് നടത്തുന്ന തിരുവനന്തപുരം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളാണ് ആദ്യഘട്ട പരിഗണനയിൽ ഉൾപ്പെടുക. തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തനസജ്ജമാകുന്ന ഏകീകൃത കോൾസെൻററാവും നിയന്ത്രണ കേന്ദ്രമെന്ന് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ജനറൽ മാനേജർ ഡോ. ആർ.എസ്. ദീലീപ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ആദ്യഘട്ടം 200 ആംബുലൻസുകളും സെപ്റ്റംബറോടെ ശേഷിക്കുന്ന 115 എണ്ണവും നിരത്തിലിറങ്ങും. പദ്ധതിയുടെ സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) ആയ കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷെൻറ ഏകോപനത്തിൽ, തെലങ്കാനയിലെ ജി.വി.കെ എമര്‍ജന്‍സി മാനേജ്മെൻറ് ആൻഡ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിനാണ് നടത്തിപ്പ് ചുമതല. പുതിയ സംവിധാനം വരുന്നതോടെ 108 ആംബുലൻസുകൾ ആശുപത്രികൾക്ക് അകത്ത് രോഗികളെ മാറ്റുന്ന ഇൻറർ ഫെസിലിറ്റി ട്രാൻസ്പോർട്ടിനായി ഉപയോഗിക്കാനാണ് തീരുമാനം.
സമഗ്ര ആംബുലൻസ് പദ്ധതിക്ക് ആവശ്യമായ ഡ്രൈവർമാർ, നഴ്സുമാർ മറ്റ് സാങ്കേതിക ജീവനക്കാർ എന്നിവരുടെ നിയമനം പൂർത്തിയാവുകയാണ്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ആംബുലൻസുകളിൽ വനിത നഴ്സുമാർകൂടി സേവനത്തിന് ഉണ്ടാകും. അപകടം നടന്ന് ആദ്യത്തെ മണിക്കൂറുകളിൽ (ഗോള്‍ഡന്‍ അവര്‍) ആളിനെ വിദഗ്ധ സൗകര്യമുള്ള ആശുപത്രിയിലെത്തിച്ചാല്‍ രക്ഷപ്പെടുത്താന്‍ കഴിയും.
വിദേശ രാജ്യങ്ങളിലേതുപോലെ മികച്ച ട്രോമാകെയര്‍ സംവിധാനമാണ് ഉദ്ദേശിക്കുന്നത്. മെഡിക്കൽ കോളജുകൾ ഉൾപ്പെടെ എല്ലാ ആശുപത്രികളെയും ഉള്‍പ്പെടുത്തിയാവും ഇത് സാക്ഷാത്കരിക്കുക. സ്വകാര്യ ആശുപത്രികളിെല ആംബുലൻസുകളെയും ഈ ശൃംഖലയിലേക്ക് കെണ്ടുവരാനുള്ള ചർച്ചയും പുരോഗമിക്കുന്നുണ്ട്.