രാഷ്ട്രീയ നീരീക്ഷകനും ഏക്ടിവിസ്റ്റുമായ പി ജെ ബേബി നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുന്നു.

സംസ്ഥാന നിയമസഭയിൽ ബജറ്റ് പ്രസംഗം കേട്ടിരുന്ന ഭരണകക്ഷിക്കാർക്ക് നിർത്താതെ കൈയ്യെടിക്കാനുതകുന്ന പ്രഖ്യാപനങ്ങളുടെ ഒരു പെരുമഴ തന്നെയാണ് ബജറ്റ് പ്രസംഗത്തിൽ നടന്നത്.

ലോകസമാധാനത്തിന് രണ്ടു കോടി, സ്ത്രീ സുരക്ഷക്ക് അഞ്ചു കോടി, കടൽ സുരക്ഷക്ക് പത്തു കോടി, വയോമിത്രം പദ്ധതിക്ക് 25 കോടി. യുവാക്കൾക്ക് അഞ്ചു കൊല്ലം കൊണ്ട് എട്ടു ലക്ഷം തൊഴിൽ, കുട്ടനാട്ടിൽ നെൽകൃഷി വികസിപ്പിക്കാൻ 50 കോടി, കൃഷ്ണപിള്ള സ്മാരകത്തിന് രണ്ടു കോടി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രഖ്യാപനങ്ങളാണ് ബജറ്റിൽ. സഞ്ചരിക്കുന്ന റേഷൻ കട, അങ്കണവാടിയിൽ പാലും മുട്ടയും, മരച്ചീനി മദ്യ ഗവേഷണത്തിന് രണ്ട് കോടി, മനുഷ്യ -മൃഗ-സംരക്ഷണത്തിന് 25 കോടി എന്നിങ്ങനെ വാഗ്ദാനപ്പെരുമഴ തന്നെയാണ് ധനമന്ത്രി നടത്തിയത്.
ഒരു കിലുക്കിക്കുത്തുകാരന്റെ ചാതുര്യത്തോടെ ഈ പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ ഇവയുടെയെല്ലാം ലക്ഷ്യമെന്താണ്? നിയമസഭയിലെ കൈയ്യടി മാത്രമാണോ? വർഷാവസാനത്തിൽ മിക്ക പ്രഖ്യാപനങ്ങളും കടലാസിൽ ബാക്കിയാകും. അതാണ് പതിവ്. ചെലവാക്കിയ തുകകൾ തന്നെ നല്ല പങ്കും ചില”വായിൽ” പ്പോകും. അതു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു എന്നാണോ?
ഇതിലെ മൂന്നു പ്രഖ്യാപനങ്ങൾ മാത്രമെടുത്താൽ ഇത്തരം പ്രഖ്യാപനങ്ങളുടെ പൊള്ളത്തരം വ്യക്തമാകും.
ഒന്ന്. ലോകസമാധാനത്തിന് രണ്ടു കോടി,
രണ്ട്. കടൽ സുരക്ഷക്ക് അഞ്ചരക്കോടി.
മൂന്ന്. മനുഷ്യ – മൃഗ – സംഘർഷം പരിഹരിക്കാൻ 25 കോടി.
സമാധാനം പാലിക്കൂ, പാലിച്ചാൽ ഉക്രെയിന് ഒരു കോടിയും റഷ്യക്ക് ഒരു കോടിയും തരാം എന്നു ബാലഗോപാൽ പറഞ്ഞതായി കേട്ടില്ല. ഇനി പറഞ്ഞാൽ അവർ ഉടനെ യുദ്ധം നിർത്തുമെന്നു കരുതാനുമാവില്ല. പകരം കുറെ സെമിനാറുകൾ നടത്തി ഈ രണ്ട് കോടി, ടി എ, ഡി എ ഒക്കെയായി സാംസ്കാരിക നായകന്മാർ എന്ന വിളിപ്പേരുള്ള സർക്കാർ സ്തുതി പാടകർക്കു വിതരണം ചെയ്യൽ നടന്നേക്കും.അവർക്കൊരു പക്ഷേ കൂടുതൽ സമാധാനവും കിട്ടിയേക്കാം. അല്ലാതെ ലോകസമാധാനത്തിന് രണ്ട് കോടി കൊണ്ട് എന്ത് ചെയ്യാനാണ്?

കടൽ സുരക്ഷക്ക് അഞ്ചുകോടി എന്നു പറയുമ്പോൾ എന്തു പദ്ധതിയാണതിനായി നിർദ്ദേശിക്കുന്നത് എന്ന് പറയുന്നില്ല. മത്സ്യത്തൊഴിലാളികളുടെ ജീവസുരക്ഷയാണോ ലക്ഷ്യം?കരയിലേക്ക് കടൽ കയറുന്ന പരിപാടിയെ തടയലാണോ? ഒരു വ്യക്തതയുമില്ല. ഒരു കടൽ സുരക്ഷയും അഞ്ചു കോടി കൊണ്ട് നടക്കാൻ പോകുന്നുമില്ല.

കഴിഞ്ഞ ബജറ്റിലും മരച്ചീനി മദ്യപരിപാടിക്ക് പണം നീക്കിവെച്ചിരുന്നു. അത്  പ്രായോഗികമല്ലെന്ന കിഴങ്ങു ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടും വന്നു. എന്നിട്ടും രണ്ടു കോടി മാറ്റി വക്കുന്നതിന്റെ ഉദ്ദേശമെന്താണ്?
സയൻസ് പാർക്കുകൾ, ടൂറിസം പാർക്കുകൾ, ഐ ടി പാർക്കുകൾ, സ്കിൽ പാർക്കുകൾ എന്നിങ്ങനെ പാർക്കുകളുടെയും ഹബ്ബുകളുടെയും ഒരു ഘോഷയാത്ര തന്നെയുണ്ട് പ്രസംഗത്തിൽ. നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം ഇന്ന് ചെന്നെത്തി നില്ക്കുന്ന ഏട്ടപ്പൻ വാഴ്ചകളുടെ ദീകരാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഒന്നര ലക്ഷം വാങ്ങി ജയിപ്പിച്ച, മാർക്ക് ലിസ്റ്റ് വിൽക്കുന്ന റാക്കറ്റിൽ വരെ അതെത്തിയിരിക്കുന്നു. ഇങ്ങനെ കുറെ പാർക്കും ഹബ്ബും പ്രഖ്യാപിച്ച് ആ വിഷയത്തിലെ ചർച്ചയെ മറികടക്കൽ മാത്രമാണോ ഈ പ്രഖ്യാപനങ്ങളുടെ ലക്ഷ്യം?
കൃഷി രംഗത്ത് ഒട്ടേറെ കോടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിയിലും മൃഗഡോക്റ്ററുടെ സേവനം എന്നൊക്കെ പറയുന്നതിനപ്പുറം ക്ഷീരമേഖല നേരിടുന്ന പ്രശ്നങ്ങൾ അഡ്ഡ്രസ് ചെയ്യുന്നേയില്ല. നെൽക്കർഷകർക്ക് റോയൽറ്റി എന്നത്, എത്ര പുതിയ കർഷകരെ നെൽകൃഷിയിലേക്ക് കൊണ്ടുവരും? കുട്ടനാടിന്‍റെ കാർഷിക പ്രശ്നങ്ങൾ എന്തൊക്കെയാണ്, അതെങ്ങനെ പരിഹരിക്കും എന്ന ഒരു കാഴ്ചപ്പാടും സമീപനവും ബജറ്റിലില്ല. കുറെ കോടികൾ പ്രഖ്യാപിക്കുകയും, വർഷാവസാനം പ്രഖ്യാപനം ലാപ്സാകുകയും ചെയ്യുന്ന പതിവ് രീതി തന്നെയാണ് ബാലഗോപാലും തുടരുന്നത്.

ബജറ്റ് സമ്മേളനം ചേരുമ്പോൾ സാമ്പത്തിക സർവേ മുന്നോട്ടുവച്ചിരുന്നില്ല. പ്രതിപക്ഷം അത് പ്രശ്നമാക്കിയപ്പോൾ (അപ്പോൾ മാത്രം) അവർക്ക് അത് ലഭ്യമാക്കി. ജനങ്ങൾക്കത് ഇതുവരെ ലഭ്യമാക്കിയിട്ടുമില്ല. അതായത് ,കഴിഞ്ഞ ബജറ്റ് എത്രകണ്ട് നടപ്പാക്കപ്പെട്ടു, സംസ്ഥാനത്തിന്റെ ധനസ്ഥിതി എന്താണ് എന്നറിയണമെങ്കിൽ സാമ്പത്തിക സർവ്വേ റിപ്പോർട്ടില്ലാതെ പറ്റില്ലല്ലോ. ആ കാര്യത്തിന് ഒരു വിലയും ധനമന്ത്രി കല്പിക്കുന്നില്ല. കുറെ പദ്ധതികൾ പ്രഖ്യാപിക്കും, നിങ്ങൾ അതു കേട്ട് കൈയ്യടിച്ചാൽ മതി എന്ന സമീപനമാണതിൽ പ്രതിഫലിച്ചു കാണുന്നത് .

ഒരു പ്ലാനിംഗ് ബോർഡ് മെമ്പർ “നമ്മുടേത് ഒരു വിജ്ഞാന സമൂഹമാണ്, എന്നാൽ നമ്മുടെ എക്കോണമി ഒരു നോളജ് എക്കോണമി ആയിട്ടില്ല, അതിനാണ് ബജറ്റ്
ലക്ഷ്യം വക്കുന്നത് ” എന്ന് തള്ളി മറിക്കുന്നത് കേട്ടു. കടക്കെണിയിൽ കുടുങ്ങിയ, പ്രഖ്യാപിത വരുമാനങ്ങൾ പിരിച്ചെടുക്കുന്നതിൽ വമ്പിച്ച വീഴ്ച വരുത്തിയ, ശമ്പളം കൊടുക്കാൻ കൂടുതൽ കടം വാങ്ങുന്ന, ഒരു സർക്കാരിന്റെ മോഹന വാഗ്ദാന വിതരണം മാത്രമാണ് ബജറ്റിൽ പ്രതിഫലിച്ചത് എന്ന് പറയേണ്ടി വരും.
രണ്ടു കോടി ചെലവാക്കി പിണറായിയും ബാലഗോപാലും ചേർന്ന് ലോകസമാധാനം നേടിയെടുക്കും എന്നതുപോലുള്ള പ്രായോഗികത മാത്രമേ ബജറ്റ് പ്രഖ്യാപനങ്ങൾക്കുള്ളൂ എന്ന് വരുന്നത് സങ്കടകരമാണ്.

Comments

COMMENTS

error: Content is protected !!