CRIME

സരോവരത്ത്‌ ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി 19കാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ കോടതി വെറുതേവിട്ടു

സരോവരത്ത് ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തിനല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിനു ശ്രമിക്കുകയും ചെയ്‌തതായി പറയുന്ന കേസില്‍ നടുവണ്ണൂര്‍ കുറ്റിക്കണ്ടിയില്‍ മുഹമ്മദ് ജാസിമിനെ കോടതി വെറുതേവിട്ടു. പ്രതിക്കെതിരായ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന്  സ്‌പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി കെ. പ്രിയയുടെ പറഞ്ഞു.

കോഴിക്കോട്ടെ ഒരു പരീക്ഷാ പരിശീലനകേന്ദ്രത്തിലെ 19 വയസ്സുള്ള വിദ്യാര്‍ഥിനിയെ സഹപാഠിയായിരുന്ന ജാസിം പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2019 ജൂലായ് 25-ന് സരോവരം ബയോപാര്‍ക്കിലെത്തിച്ച് ലഹരിമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും സ്വര്‍ണവും പണവും തട്ടുകയും ചെയ്‌തെന്നാണ് കേസ്.

ക്രിസ്തുമതവിശ്വാസിയായ പെണ്‍കുട്ടിയെ തന്റെ മതത്തിലേക്ക് മാറ്റണമെന്ന് ജാസിം നിര്‍ബന്ധിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ആദ്യം കേസെടുത്ത നടക്കാവ് പോലീസ് പിന്നീട് മെഡിക്കല്‍കോളേജ് പോലീസിന് കൈമാറുകയായിരുന്നു. മെഡിക്കല്‍കോളേജ് സി ഐ  മൂസ വള്ളിക്കോടനാണ് തുടക്കത്തില്‍ കേസ് അന്വേഷിച്ചത്. പിന്നീട് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തി.

24 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. പ്രതിയും പെണ്‍കുട്ടിയും വൈകാരികമായി അടുപ്പം പുലര്‍ത്തിയിരുന്ന കമിതാക്കളായിരുന്നെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. പ്രണയത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കം നിര്‍ബന്ധിത മതപരിവര്‍ത്തനമായി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ഒന്നാം പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഷഹീര്‍ സിങ് വാദിച്ചു. സരോവരത്ത് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ അവിടെയുള്ള മുറി തുറന്നുകൊടുത്തു എന്ന് പറയുന്ന രണ്ടാം പ്രതി അലി അക്ബര്‍ എന്ന കെ പി ഹാരിസ് അവിടെയുള്ള ജീവനക്കാരനാണെന്ന് തെളിയിക്കാനും പ്രോസിക്യൂഷനു കഴിഞ്ഞില്ല.

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ മതപരിവര്‍ത്തനമടക്കമുള്ള പരാതികളുമായി മുന്നോട്ടുവന്നതോടെയാണ് കേസ് വലിയ വാര്‍ത്താപ്രാധാന്യം നേടിയത്. ദേശീയസുരക്ഷാ ഏജന്‍സിയും വിവരം ശേഖരിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസത്തിനുശേഷമാണ് മുഹമ്മദ് ജാസിമിന് ജാമ്യം കിട്ടുന്നത്. ഒന്നാം പ്രതിക്കുവേണ്ടി ഷഹീര്‍സിങ്ങിനൊപ്പം അഡ്വ. കെ എം അനിലേഷും രണ്ടാംപ്രതി ഹാരിസിനുവേണ്ടി അഡ്വ. പി  രാജീവും ഹാജരായി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എന്‍  രഞ്ജിത്ത് ഹാജരായി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button