സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോൾ എത്തുന്നു
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും. സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോള്‍ ചുമതലയേല്‍ക്കുക. നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് രാവിലെ 10.45ന് സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിന്റെ മുന്‍വശത്ത് വച്ച് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും.
ഡ്രൈവിങ് ടെസ്റ്റ് ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങളും പരിശീലനവും പൂര്‍ത്തിയാക്കിയാണ് ദീപമോള്‍ വനിതാ ദിനത്തില്‍ 108 ആംബുലന്‍സ് പദ്ധതിയുടെ ഡ്രൈവിങ് സീറ്റിലേക്ക് എത്തുന്നത്.
സ്ത്രീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങാതെ നമുക്ക് അറിയാവുന്ന തൊഴില്‍ മാന്യമായി ചെയ്യാൻ മുന്നോട്ട് വരണമെന്നാണ് ദീപമോൾക്ക് പറയാനുള്ളത്. ഏത് തൊഴിലും ചെയ്യാനുള്ള മനോധൈര്യം സ്ത്രീകള്‍ക്ക് ഉണ്ടാകണം. മറ്റാരെയും ആശ്രയിക്കാതെ സ്വന്തം നിലയില്‍ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയെടുക്കാൻ കഴിയണമെന്നും ദീപ മോള്‍ പറയുന്നു