കൊറോണ കാലത്തെ വിരുന്നുകാര്‍

കൊയിലാണ്ടി: ഈ കോവിഡ് മഹാമാരിയുടെ കാലത്ത് വീട്ടില്‍ ആരെങ്കിലും വിരുന്നെത്തിയാല്‍ അവരെ സ്വീകരിച്ചിരുത്തി സല്‍ക്കരിക്കാന്‍ ആര്‍ക്കുമുണ്ടാകും ആദ്യം ഒരു വിമ്മിഷ്ടം. അതും റെഡ് സോണില്‍ നിന്നാണോ ഓറഞ്ച് സോണില്‍ നിന്നാണോ എന്നൊന്നും ഒരു പിടിയുമില്ലെങ്കില്‍ പിന്നെ മനസ്സ് പിടച്ചത് തന്നെ. എന്നാല്‍ കഴിഞ്ഞ ദിവസം കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ അഭിലാഷ് സദനില്‍ വീട്ടുകാര്‍ നിനച്ചിരിക്കാതെ എത്തിയത് രണ്ട് അതിഥികളാണ്. ലോക് ഡൗണ്‍ വിരസത ഒന്ന് മാറിക്കിട്ടാന്‍ എന്തുണ്ട് വഴി എന്ന് ചിന്തിച്ചിരിക്കെയാണ് ഗൃഹനാഥനായ വാസുവിന്റെ വീട്ടിലേക്ക് അവര്‍ കൊറോണ കാലത്തെ വിരുന്നുകാരായി എത്തിയത്. ഒരു മടിയുമില്ലാതെ വീട്ടുകാര്‍ അവരെ സ്വീകരിച്ചു. സന്തോഷത്തോടെ വിശേഷങ്ങള്‍ ചോദിച്ചിട്ടും അവര്‍ മൗനം പാലിച്ചു. കൈനഖങ്ങള്‍ കൊണ്ട് കാട്ടുവള്ളികള്‍ പിച്ചിക്കൊണ്ട് കണ്ണുകള്‍ ഇടക്കിടെ ചിമ്മി. അവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാസ്‌ക് ധരിച്ചിരുന്നില്ല. കൂട്ടം കൂടരുതെന്നോ തുമ്മരുതെന്നോ അവര്‍ക്ക് അറിയുമായിരുന്നില്ല. എങ്കിലും എന്തോ പന്തികേടുണ്ടെന്ന് മനസ്സില്‍ തോന്നിയിരിക്കാം. അത് കൊണ്ടാവാം അപ്പോഴും അവര്‍ നിശ്ചിത അകലം പാലിച്ച് വീടിന്റ മതില്‍ക്കെട്ടിന് മീതെ അല്പം യാത്രാ ക്ഷീണം പ്രകടിപ്പിച്ച് ഒതുങ്ങി ഇരുന്നത്. വീട്ടുകാര്‍ സന്തോഷപൂര്‍വ്വം അതിഥികള്‍ക്ക് പഴവും പച്ചക്കറിയും തേങ്ങാപ്പൂളുമൊക്കെ നല്‍കാന്‍ മത്സരം തന്നെ നടത്തി. അയല്‍ക്കാരും അകലം പാലിച്ച് അതിഥികളെ കാണാനെത്തി.സമീപത്തെ കാവില്‍ നിന്നാണ് അവരെത്തിയതെന്ന് പരിചിതര്‍ പറഞ്ഞു. ഒടുവില്‍ ഏറെ നേരം നിസ്സംഗരായി ആ മതില്‍ക്കെട്ടിന് മീതെ അവര്‍ മനുഷ്യരെതന്നെ നോക്കിനിന്നു. ഒടുവില്‍ രോമാവൃതമായി നീണ്ട വാലുകള്‍ പൊക്കി മരച്ചില്ലകളിലേക്ക് ചാഞ്ചാടി മറഞ്ഞു.

Comments

COMMENTS

error: Content is protected !!