സര്‍ക്കാര്‍ സ്‌കൂള്‍ ലൈബ്രറിക്ക് ഫണ്ട് ശേഖരണം; പ്രൊഫഷണല്‍ നാടകോത്സവം സംഘടിപ്പിക്കുന്നു
പയ്യോളി: സ്‌കൂളില്‍ ലൈബ്രറി വികസന പദ്ധതിക്കുള്ള ധനശേഖരണാര്‍ത്ഥംപയ്യോളി ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ‘ധനുസ് 2022’ എന്ന പേരില്‍ അഖില കേരള പ്രൊഫഷണല്‍ നാടക വിരുന്ന് സംഘടിപ്പിക്കുന്നു.
സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ മാര്‍ച്ച് 10 മുതല്‍ മുതല്‍ 14 വരെ നാടകങ്ങള്‍ അരങ്ങേറും. 10ന് വൈകിട്ട് 6 മണിക്ക് പ്രശസ്ത സിനിമാതാരം മാമുകോയ നാടകമത്സരം ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് രാത്രി 7.30ന് അന്പലപ്പുഴ അക്ഷര ജ്വാലയുടെ സ്വര്‍ണ്ണമുഖി എന്ന നാടകം അരങ്ങേറും.
11ന് കായംകുളം സപര്യയുടെ ദൈവത്തിന്റെ പുസ്തകം എന്ന നാടകം അരങ്ങേറും. 12ന് വൈകുന്നേരം 4 മണിക്ക് ലൈബ്രറിയുടെ ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും.
കാനത്തില്‍ ജമീല എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ്, ജില്ലാ പഞ്ചായത്ത് മെമ്ബര്‍ വി പി ദുല്‍ഖിഫില്‍ തുടങ്ങിയര്‍ സംബന്ധിക്കും.
12ന് അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും നടക്കും. രാത്രി 7.30ന് തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസം എന്ന നാടകം അരങ്ങേറും. 13ന് കോഴിക്കോട് കലാഭവന്‍ ഉന്തുവണ്ടി എന്ന നാടകവും 14ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ വേനലവധി എന്ന നാടകവുമുണ്ടാവും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാനും തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ജമീല സമദ്, ഗ്രാമപഞ്ചായത്ത് മെന്പർ ബിനു കാരോളി, പി.ടി.എ പ്രസിഡണ്ട് ബിജു കളത്തില്‍, ഹെഡ് മാസ്റ്റര്‍ കെ.എന്‍ ബിനോയ് കുമാര്‍, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ സബീഷ് കുന്നങ്ങോത്ത് എന്നിവര്‍ പങ്കെടുത്തു.