SPECIAL

സാനിറ്ററി നാപ്കിനുകൾ അപകടകാരികളോ?…സുരേഷ് സി പിള്ള എഴുതുന്നു

 

സാനിറ്ററി നാപ്കിനുകളെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങളെപ്പറ്റി സുരേഷ് സി പിള്ള എഴുതുന്നു.ഫേസ് ബുക്ക്‌പോസ്റ്റില്‍ നിന്ന.സ്ലൈഗോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നാനോ ടെക്നോളജി ആന്‍ഡ് ബയോ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയും, ലീഡ് സയന്റിസ്റ്റുമായ ഡോക്ടര്‍ സുരേഷ് സി. പിള്ള അയര്‍ലണ്ടിലെ അരോഗ്യ വിദഗ്ദ്ധ  സമിതിയുടെ ചെയര്‍മാനുമാണ്.

സ്കൂൾ, കോളേജ് കുട്ടികളിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു വാർത്തയെന്നും പറഞ്ഞാണ് സുഹൃത്ത് ടോം മങ്ങാട്ട് ഈ മെസ്സേജ് ശ്രദ്ധയിൽ പെടുത്തിയത്.

 

സാനിറ്ററി നാപ്കിനുകൾ അപകടകാരികൾ ആണെന്നും “56 പെണ്കുട്ടികൾ ഇതുവരെ സാനിറ്ററി നാപ്കിനിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ (which Converts Liquid into Gel) കൊണ്ട് മരണപ്പെട്ടു” എന്നിങ്ങനെ മെസ്സേജ് പോകുന്നു.

 

ഇതൊരു HOAX (തട്ടിപ്പ്‌ മെസ്സേജ്) ആണെന്ന് ആദ്യമേ പറയട്ടെ. ഇത് ഹോക്സ് ആണെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തതും ആണ് (Relax, nobody died using a pad! ഇന്ത്യൻ എക്സ്പ്രസ്സ്, 06th March 2017) നമുക്ക് ഈ ഭീകര ‘ജെൽ’ ഉം കെമിക്കലും എന്താണ് എന്ന് ഓരോന്നായി ഇഴ കീറി നോക്കാം.

 

ഇപ്പോൾ കാണുന്ന തരം ഒട്ടിക്കുന്ന (adhesive) സാനിറ്ററി നാപ്കിനുകൾ പ്രചാരത്തിൽ ആയത് 1980 കളിൽ ആണ്.

 

എങ്ങിനെയാണ് ഇത്രയും കട്ടി കുറഞ്ഞ വസ്തു ആർത്തവ രക്തത്തെ വലിച്ചെടുക്കുന്നത്?

 

അതിനായി അൽപ്പം കെമിസ്ട്രി പറയണം.

 

എന്താണ് സാനിറ്ററി നാപ്കിന്റെ ഘടനയും കെമിസ്ട്രിയും.

 

പൊതുവായുള്ള ഘടന ഇതാണ്.

 

മേൽ ആവരണം: പോളിഒലിഫീൻ (CnH2n എന്ന പൊതുവായ ഘടനയുള്ള പോളിമർ ആയ ആൽക്കീനുകൾ; ഉദാഹരണം പോളിപ്രൊപ്പിലീൻ) കൊണ്ടുള്ള നെയ്യപ്പെട്ടത് അല്ലാത്ത (non-woven fabric) വളരെ മൃദുവായ ഒരു പാളി ആണ് ഏറ്റവും മുകളിൽ. ഇത് നല്ല രീതിയിൽ ഈർപ്പം വലിച്ചെടുക്കാൻ കഴിവുള്ള രീതിയിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്.

 

മധ്യഭാഗം: ദ്രാവകങ്ങൾ വലിച്ചെടുക്കാൻ പ്രാപ്തിയുള്ള absorbent gel ആണ് മധ്യത്തിലായി വച്ചിരിക്കുന്നത്, ഇതിന്റെ കൂടെ സെല്ലുലോസും (wood pulp), റയോൺ, പോളിഎസ്റ്റർ മിശ്രിതവും ഉണ്ടാവും. ഇതിൽ absorbent gel ഉണ്ടാക്കിയിരിക്കുന്നത് polyacrylate എന്ന acrylic പോളിമറിന്റെ സോഡിയം ലവണം ആണ്. നാപ്പികളിൽ ഇതേ പോളിമർ ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ കെമിക്കൽ ഫോർമുല [−CH2−CH(CO2Na)−]n ആണ്. ഇവയ്ക്ക്, ഇവയുടെ ഭാരത്തിന്റെ 200 മുതൽ 300 ഇരട്ടിയോളം വെള്ളം വലിച്ചെടുക്കാൻ പറ്റും.

 

താഴെയുള്ള ആവരണം: മേൽ ആവരണത്തിൽ ഉപയോഗിച്ച പോലെയുള്ള പോളിഒലിഫീനുകൾ ആണ് താഴെയുള്ള അവരണവും. ഇവയൊന്നും മാരകമായ ഒരു അസുഖവും വരുത്തുന്ന കെമിക്കലുകൾ അല്ല.

 

ചില വാട്ട്സാപ്പ് മെസ്സേജുകളിൽ സാനിറ്ററി നാപ്കിനുകളിൽ നിന്നും പുറത്തു വരുന്ന ഡയോക്‌സിന്‍  ക്യാൻസർ ഉണ്ടാക്കും എന്നൊക്കെ വായിച്ചല്ലോ? എവിടെയാണ് അപ്പോൾ ഈ ഡയോക്‌സിന്‍ ?

 

സെല്ലുലോസും (wood pulp), റയോൺ ഇവയുടെ കളർ തൂവെള്ള ആക്കുന്നതിനായി, ബ്ലീച്ച് ചെയ്യും. ബ്ലീച്ച് (രാസമിശ്രിതങ്ങൾ ഉപയോഗിച്ച് വെളുപ്പിക്കുക) ചെയ്യാൻ ഉപയോഗിക്കുന്നത് ക്ലോറിൻ സംയുക്തങ്ങൾ ആണെങ്കിൽ ചെറിയ അളവിൽ ഉപോല്പന്നമായി ഡയോക്‌സിന്‍  (2,3,7,8- tetrachlorodibenzo para dioxin (TCDD) യും polychlorinated dibenzofurans (PCDFs) എന്ന വിഷ വസ്തു ഉണ്ടാകാൻ ഉള്ള സാദ്ധ്യത ഉണ്ട്. എന്നിരുന്നാലും, പ്രധാനപ്പെട്ട കമ്പനികൾ എല്ലാം ഡയോക്‌സിന്‍  ഉണ്ടകാത്ത തരത്തിലുള്ള കെമിക്കലുകൾ ആണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് Always പാഡുകൾ അവരുടെ വെബ്‌സൈറ്റിൽ ഇത് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒരു കാര്യം ശ്രദ്ധിക്കാനുള്ളത് സാനിറ്ററി പാഡുകൾ വാങ്ങുമ്പോൾ നിലവാരം ഉള്ളത് നോക്കി വാങ്ങുക.

 

2014 ൽ ജപ്പാനിൽ നടത്തിയ ഒരു പഠനത്തിൽ (Risk assessment study of dioxins in sanitary napkins produced in Japan., Ishii S, Katagiri R, Kataoka T, Wada M, Imai S, Yamasaki K. Regulatory Toxicology and Pharmacology, 2014 Oct;70(1):357-62. doi: 10.1016/j.yrtph.2014.07.020. Epub 2014 Jul 29.

 

സാനിറ്ററി നാപ്കിനുകളിൽ ഗ്യാസ് chromatography യും മാസ് സ്പെക്ട്രോസ്കോപ്പിയും ഉപയോഗിച്ചുള്ള പഠനത്തിൽ Toxic Equivalents (വിഷലിപ്തത TEQ/g) കണ്ടെത്തിയത് ഇങ്ങനെയാണ്. “Daily exposure volumes were estimated to be 0.000024-0.00042pg TEQ/kg/d. For hazard assessment, we used 0.7pg TEQ/kg/d which was the lowest level of TDI among TDI values reported by international agencies.” അതായത് ചുരുക്കി പറഞ്ഞാൽ സാനിറ്ററി നാപ്കിനുകളിൽ നിന്നും വരുന്ന ഡയോക്‌സിന്റെ അളവ് അവഗണിക്കാവുന്ന അത്രയും ചെറുതാണ് എന്നർത്ഥം. ( കൂടുതൽ വിവരങ്ങൾ # പാഠംഒന്ന്   പുസ്തകത്തിൽ, ഇന്ദുലേഖ.കോം, ആമസോൺ എന്നിവയിൽ വാങ്ങാം).

 

അന്ത്രരാക്ഷ്ട്ര കമ്പനികൾ ഗുണനിലവാരം ഉറപ്പാക്കിയേ സാധാരണ അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാറുള്ളൂ. മുകളിൽ പറഞ്ഞ ഉദാഹരണം ശ്രദ്ധിക്കുക.

 

അത് കൊണ്ട് ഗുണനിലവാരം ഉള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക. ലോക്കൽ ബ്രാൻഡുകൾ കഴിവതും ഒഴിവാക്കുക.

 

ചുരുക്കത്തിൽ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഒരു അപകടവും സാനിറ്ററി നാപ്കിനുകളിൽ ഇല്ല.

 

ഒരു പാഡ് കഴിവതും 3 അല്ലെങ്കിൽ 4 മണിക്കൂറേ ഉപയോഗിക്കാൻ പാടുളളൂ. Menstrual hygiene വളരെ പ്രധാനപ്പെട്ടതാണ്. ഹോക്സ് മെസ്സേജിൽ പറയുന്ന പോലെ ഫങ്കൽ/ ബാക്റ്റീരിയൽ ഇൻഫെക്ഷൻ ഒക്കെ ഉണ്ടാവുന്നത് സാനിറ്ററി നാപ്കിനുകളിൽ ഉള്ള കെമിക്കൽ കൊണ്ടല്ല. അത് Menstrual hygiene ന്റെ പ്രശ്നമാണ്. അതിനെ പ്പറ്റി ഒരു മോഡേൺ മെഡിസിൻ ഡോക്ടറെ കണ്ട്‌ ഉപദേശങ്ങൾ തേടുക.

 

മെൻസ്റ്ററൽ കപ്പുകൾ ഇപ്പോൾ ധാരാളം പ്രചാരത്തിൽ ഉണ്ട്. സാമ്പത്തിക ലാഭം ഉൾപ്പെടെ ധാരാളം പ്രായോഗിക ഉപയോഗങ്ങൾ ഉള്ള മെൻസ്റ്ററൽ കപ്പുകൾ ആയിരിക്കും ഇനി പുതു തലമുറ കൂടുതലായി ഉപയോഗിക്കാൻ പോകുന്നത്. ഇതേപ്പറ്റി ഇൻഫോ ക്ലിനിക്കിൽ ഡോ. ദീപു സദാശിവൻ വളരെ വിശദമായി ഒരു ലേഖനം എഴുതിയിട്ടുണ്ട്, പെൺകുട്ടികൾ തീർച്ചയായും വായിക്കണം. അത് ഒന്നാമത്തെ കംമെന്റിൽ ഉൾപ്പെടുത്തുന്നു.

 

സാനിട്ടറി നാപ്കിനുകൾ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഒരു അടയാളമാണ്. അതൊരു വലിയ സൗകര്യം ആണ്. ആർത്തവ സമയങ്ങളിൽ ആത്മ വിശ്വാസത്തോടെ പുറത്തിറങ്ങാനുള്ള ഒരു ധൈര്യമാണ്. പഴയ തുണിക്കെട്ടിലേക്കു പോകണം എന്നൊക്കെ പറയുന്നവരുടെ യഥാർത്ഥ ഉദ്ദേശ്യം സ്ത്രീയെ വീട്ടിൽ അടച്ചിടുക എന്നതു തന്നെ.

 

കോയമ്പത്തൂരിൽ സാനിറ്ററി നാപ്കിനുകൾ ഉണ്ടാക്കി ഗ്രാമീണരുടെ ഇടയിൽ വിപണനം നടത്തുന്ന Arunachalam Muruganantham പറഞ്ഞത് പറഞ്ഞു നിർത്താം.

 

My plea is that don’t wait for a girl to become a woman to empower them. Empower a girl’s life by giving sanitary pads to them. With pads, we give them wings. അതായത് ” “സ്ത്രീ ശാക്തീകരണത്തിന് ഒരു പെൺകുട്ടി സ്ത്രീയാകുന്നിടം വരെ കാത്തിരിക്കരുത് എന്നതാണ് എന്റെ അപേക്ഷ. സാനിറ്ററി പാഡുകൾ വാങ്ങി നൽകി അവരുടെ ജീവിതം ശാക്തീകരിക്കുക. പാഡുകൾ അവർക്ക് ചിറകുകൾ നൽകുന്നു.”

 

അതാണ് ഇതുപോലെയുള്ള മെസ്സേജുകൾ പ്രചരിപ്പിക്കുന്നവരോടും പറയാനുള്ളത്. പാഡുകൾ (അല്ലെങ്കിൽ മെൻസ്റ്ററൽ കപ്പുകൾ) പെൺകുട്ടികൾക്ക് ചിറകുകൾ (Wings) നൽകുന്നു. സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ. ആത്മവിശ്വാസത്തിന്റെ ചിറകുകൾ.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button