‘സുമോ’ ഇനം കപ്പ കൃഷിയിൽ യുവകർഷകൻ്റെ വിജയഗാഥ
അരിക്കുളം: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ സാജിദ് അഹമ്മദ് ആണ് അരിക്കുളം ഏക്കാട്ടൂർ പുതിയേടത്ത് വീട്ടു പറമ്പിൽ സുമോ ഇനം കപ്പ കൃഷി ചെയ്തത്. മലബാർ മേഖലയിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന സുമോ 3 അത്യുൽപാദന ശേഷിയുള്ള കപ്പയാണ്. ഏക്കാട്ടൂർ ജവഹർലാൽ നെഹ്റു കൾച്ചറൽ സെൻ്റർ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായാണ് കൃഷി. ഒരു തടത്തിൽ നിന്ന് 50 കിലോ വരെ തൂക്കം ലഭിക്കുന്ന കപ്പ കിട്ടും
പൂർണമായും ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷി. കൃഷിക്കാവശ്യമായ തടമൊരുക്കലും സമയാസമയം വളങ്ങൾ ചേർക്കലും മറ്റു പരിചരണങ്ങളും സ്വന്തമായി ചെയ്തു. പച്ചില, ചാരം, ചാണകപ്പൊടി എന്നീ വളങ്ങൾ പ്രധാനമായും ഉപയോഗിച്ച് ചെലവ് കുറച്ച് കൃഷി ലാഭകരമാക്കി. കപ്പക്ക് വിപണിയിൽ നല്ല ഡിമാൻറും വിലയും ഉള്ളതിനാൽ നിലവിൽ ലാഭകരമാണെന്നും കൃഷി കൂടുതൽ വ്യാപിപ്പിക്കുമെന്നും സാജിദ് അഹമ്മദ് പറഞ്ഞു.
കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലാണ് സുമോ ഒന്ന്, രണ്ട്, മൂന്ന് ഇനം കപ്പകൾ വ്യാപകമായി കൃഷി ചെയ്യുന്നത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കൊല്ലം ജില്ലക്കാരനായ കർഷകനിൽ നിന്നാണ് കൃഷിക്കാവശ്യമായ കപ്പ തണ്ടുകൾ ശേഖരിച്ചത്.
സാമോ 1, ആമ്പക്കാടൻ, മലയൻ, ക്വിൻ്റൽ എന്നീ ഇനം കപ്പകളും വാഴ, ചേന, മഞ്ഞൾ, റമ്പുട്ടൻ, മാങ്കോസ്റ്റിൻ എന്നിവയും വീട്ടുപറമ്പിൽ സാജിദ് അഹമ്മദ് കൃഷി ചെയ്യുന്നുണ്ട്. സർക്കാർ ജീവനക്കാരിയായ ഭാര്യ ഹാമിദയും മക്കളായ ഇഷാൻ അഹമ്മദ്, മിഷ ലിയാന എന്നിവരും കൃഷിയിൽ സഹായിക്കുന്നു.
കപ്പ വിളവെടുപ്പ് ഉദ്ഘാടനം കാവിൽ പി മാധവൻ നിർവ്വഹിച്ചു. ബിജു കാവിൽ, ജെ എൻ സി സി ട്രഷറർ നവീൻ ചാത്തോത്ത്, കെ കെ കോയക്കുട്ടി, സി അമ്മദ്, പി എം മോഹനൻ, പുനത്തിൽ മീത്തൽ പുരുഷോത്തമൻ, വി പി അശ്വതി, മിഷ ലിയാന എന്നിവർ പങ്കെടുത്തു.