CALICUTLOCAL NEWS

സുരക്ഷാ വീഴ്ച തുടരുന്നു; കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി

സുരക്ഷാ വീഴ്ച തുടരുന്നു, കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി . ഇന്ന് രാവിലെയാണ് 24 വയസ്സുള്ള യുവാവ് ചാടിപ്പോയത്. സ്ഥലത്ത് മുഴുവൻ പരിശോധന നടത്തിയപ്പോഴാണ് യുവാവ് പുറത്തേക്ക് പോയെന്ന് കണ്ടെത്തിയത്.  മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി. അതിനിടയിലാണ് മടവൂരിൽ നി്ന്നും ആളെക്കുറിച്ച് വിവരം ലഭിക്കുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തുകയും ആളെ തിരിച്ചറിയുകയും ചെയ്തു. തിരികെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് തന്നെ കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ എട്ടുമുതൽ ഇതുവരെ അഞ്ചുപേരാണ് ഇവിടെ നിന്നും ചാടിപ്പോയത്. ഇതിൽ ഒരാളെ ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സെല്ലിനുള്ളില്‍ ഒരു കൊലപാതകവും നടന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി സെല്ലിലുണ്ടായ അടിപിടിക്കിടെ മഹാരാഷ്ട്ര സ്വദേശിനി ജിയോ റാം ലോട്ട് കൊല്ലപ്പെട്ടിരുന്നു. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായിരുന്നു.

മാനസികാരോഗ്യ കേന്ദത്തിലെ സുരക്ഷാ വീഴ്ചയില്‍ ഹൈക്കോടതിയുടെ ഇടപെട്ടിരുന്നു. മാനസികാരോഗ്യ കേന്ദത്തിൽ എട്ട് സെക്യൂരിറ്റി ജീവനക്കാരെയെങ്കിലും അടിയന്തരമായി നിയമിക്കണമെന്നും 23 ന് മുന്‍പ് നിയമനത്തിലെ പുരോഗതി അറിയിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

നിലവില്‍ നാല് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയിലുളളത്. ഓരോ വാര്‍ഡിലും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടതാണെങ്കിലും 11 വാര്‍ഡുകളുളളതില്‍ ഒരിടത്തു പോലും നിലവില്‍ സുരക്ഷാ ജീവനക്കാരില്ല. 474 അന്തേവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമുളള ഇവിടെ  480 പേരാണ് കഴിയുന്നത്. ഫണ്ടില്ലാത്തതിനാല്‍ സുരക്ഷാ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കാന്‍ പോലും ആശുപത്രി മാനേജ്മെന്റിന് കഴിയാത്ത സ്‌ഥിതിയാണുള്ളത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button