അടിയന്തര ചികിത്സ സഹായവുമായി ജാഗ്രതാ മൊബൈല്‍ യൂണിറ്റുകൾ



ഗാര്‍ഹിക സമ്പര്‍ക്ക വിലക്കില്‍ (ഹോം ക്വാറന്റൈന്‍) കഴിയുന്നവരുടെയും ആശുപത്രിയില്‍ എത്താന്‍ കഴിയാത്ത കോവിഡ് ഇതര രോഗികളുടെയും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് ജില്ലയില്‍ ‘ജാഗ്രത കോവിഡ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍’  പ്രവര്‍ത്തനമാരംഭിച്ചു.  ഇത്തരത്തില്‍ സംസ്ഥാനത്തെ ആദ്യ സംരംഭമാണിത്.   നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി ആവിഷ്‌കരിച്ചത്.    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) കൂടുതലുള്ള പഞ്ചായത്തുകളില്‍ ആവശ്യാനുസരണം കൂടുതല്‍ മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. തദ്ദേശ തല കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിക്കുന്ന മുന്‍ഗണനക്രമമനുസരിച്ചായിരിക്കും രോഗീപരിചരണം.

കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തലങ്ങളിലാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുക.  മെഡിക്കല്‍ ഓഫീസറും സ്റ്റാഫ് നേഴ്‌സും ആരോഗ്യപ്രവര്‍ത്തകയുമാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഉണ്ടാവുക.
ജീവനക്കാരുടെ ലഭ്യത നാഷണല്‍ ഹെല്‍ത്ത് മിഷനും വാഹന സൗകര്യം ബ്ലോക്ക്
പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഉറപ്പ് വരുത്തും. പഞ്ചായത്ത് തലത്തിലുള്ള കോവിഡ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ സ്റ്റാഫ് നേഴ്‌സും ആരോഗ്യപ്രവര്‍ത്തകയുമാണ് ഉണ്ടാവുക.  ഇവരെ പഞ്ചായത്ത് നിയമിക്കും.  ടെലി മെഡിസിന്‍ സൗകര്യം പ്രയോജനപെടുത്തി ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനവും ലഭ്യമാക്കും.  സുഗമമായ പ്രവര്‍ത്തനം അതാത് തദ്ദേശ സ്ഥാപനങ്ങളും മെഡിക്കല്‍ ഓഫീസര്‍മാരും ഉറപ്പുവരുത്തും.
ജില്ലയില്‍ 82 മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് ടെസ്റ്റിനും ചികിത്സക്കുമായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 14 മൊബൈല്‍ യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.  ഇവ കൂടിയാകുമ്പോള്‍ 96 കോവിഡ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളാണ് ജില്ലയില്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്.  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും നാഷണല്‍ ഹെല്‍ത്ത് മിഷനുമാണ്  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.   കോവിഡ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ സേവനവും ടെലി മെഡിസിന്‍ സംവിധാനവും  പ്രയോജനപെടുത്തി പൊതുജനങ്ങള്‍
ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ത്ഥിച്ചു.

Comments

COMMENTS

error: Content is protected !!