സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ പ്രസിഡണ്ട്

പയ്യോളി: സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ഇന്ന് (ബുധൻ) സത്യപ്രതിജ്ഞ ചെയ്യും. കാലത്ത് 11 മണിക്ക് നടക്കുന്ന മേലടി ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ഔപചാരികമായ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും. മൂന്ന് ദിവസം മുമ്പ് ചേർന്ന ജില്ലാകമ്മറ്റി യോഗം സുരേഷ് ചങ്ങാടത്തിനെ പ്രസിസണ്ട് സ്ഥാനത്തേക്ക് തീരുമാനിച്ചിരുന്നു. ജില്ലാ കമ്മറ്റി തീരുമാനം കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര ഏരിയാകമ്മറ്റി യോഗങ്ങളിൽ തുടർന്ന് റിപ്പോർട്ട് ചെയ്തു. ബ്ലോക് സബ് കമിറ്റിയിലും അംഗങ്ങളുടെ ഫ്രാക്ഷനിലും തീരുമാനം റിപ്പോർട്ട് ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജില്ലാക്കമ്മറ്റിയേയും തീരുമാനം അറിയിച്ചു. ബ്ലോക് പഞ്ചായത്തിലെ പാർട്ടി ഫ്രാക്ഷൻ ചേർന്ന നോമിനേഷൻ, പിന്താങ്ങൽ, തെരഞ്ഞെടുപ്പു രീതികൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ അംഗങ്ങളെ പഠിപ്പിച്ചു.
നിലവിൽ സി പി ഐ (എം) പയ്യോളി ഏരിയാ കമ്മറ്റി അംഗമാണ് സുരേഷ് ചങ്ങാടത്ത്. കർഷക സംഘം പയ്യോളി ഏരിയാ സെകട്ടറിയും ജില്ലാകമ്മറ്റി അംഗവുമാണ്. എസ് എഫ് ഐ യിലൂടെയാണ് സി പി എമ്മിലേക്കെത്തിയത്. എസ് എഫ് ഐ ജില്ലാ ജോയിന്റ് സെകട്ടറിയായും പിന്നീട് ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥി യുവജന രംഗങ്ങളിൽ പ്രവർത്തിക്കുന്ന കാലത്ത് ശ്രദ്ധേയനായ ഒരു പ്രക്ഷോഭകാരിയായിരുന്നു. പലതവണ ജയിൽവാസമനുഭവിച്ചിട്ടുണ്ട്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാണ്. ഭാര്യ ടി ഷീബ, സഹകരണ ജീവനക്കാരിയാണ്. സി പി എം പയ്യോളി ഏരിയാ കമ്മറ്റി അംഗമായും  ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗമായും പ്രവർത്തിക്കുന്നു. ഏക മകൻ സരോദ് ചങ്ങാടത്ത് ബാലസംഘം സംസ്ഥാന സെക്രട്ടറിയാണ്. എസ് എഫ് ഐ സംസ്ഥാന സമിതി അംഗവുമാണ്.
13 അംഗ ബ്ലോക് പഞ്ചായത്തിൽ ഇടതുമുന്നണിക്ക് ഒമ്പത് അംഗങ്ങളാണുണ്ടായിരുന്നത്. സി പി എം ഏഴ്. ജനതാദൾ ഒന്ന്, സി പി ഐ ഒന്ന്, യു ഡി എഫിന് നലംഗങ്ങളുണ്ട്. ഇതിൽ കീഴരിയൂരിൽ നിന്നുള്ള അംഗവും പഞ്ചായത്ത് പ്രസിഡണ്ടുമായ കെ പി ഗോപാലൻ നായർ ജൂൺ പത്തിന് പാർട്ടിയെ ഞെട്ടിച്ചു കൊണ്ട് രാജിവെച്ചതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് അനിവാര്യമായത്.

Comments
error: Content is protected !!