CALICUTDISTRICT NEWS

സൃഷ്ടിപരമായ ക്ലാസ് മുറികളും സൃഷ്ടിപരതയുള്ള അധ്യാപകരെയും ആണ് ഇന്നത്തെ വിദ്യാഭ്യാസരംഗം ആവശ്യപ്പെടുന്നത്: എസ്സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ്


കോഴിക്കോട്: സൃഷ്ടിപരമായ ക്ലാസ് മുറികളും സൃഷ്ടിപരതയുള്ള അധ്യാപകരെയും ആണ് ഇന്നത്തെ വിദ്യാഭ്യാസരംഗം ആവശ്യപ്പെടുന്നത് എന്ന് എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് പറഞ്ഞു. 80 ആഴ്ചകൾ പിന്നിട്ട ‘ലാപ്’ (ലാംഗ്വേജ് എക്വിസിഷൻ പ്രോഗ്രാം) എന്ന ശില്പശാല പരമ്പര നടത്തുന്ന ഇംഗ്ലീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ ‘പാഠ്യപദ്ധതി ചട്ടക്കൂട് ചർച്ച’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ചർച്ചയിൽ വ്യത്യസ്തവും നൂതനവുമായ നിർദ്ദേശങ്ങൾ ആണ് മുന്നോട്ടുവെക്കപ്പെട്ടത്. ഫ്യൂഡലിസ്റ്റ് ക്ലാസ് മുറികൾ വേണ്ട, മനസ്സ് തുറന്നു സഹകരിക്കുന്ന സുഹൃത്തുക്കളെ പോലെയുള്ള അധ്യാപകരെയാണ് ഞങ്ങൾക്ക് ആവശ്യം, ഫിൻലാൻഡിലെ പോലെ ‘സിമ്പിൾ’ സമീപനം ഇവിടെയും വേണം, വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണം, പരീക്ഷാ സമയത്ത് പോലും അധ്യാപകർ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിർത്തണം, ഹോംവർക്ക് വേണ്ട, മനപാഠം വേണ്ട, ഓരോ വിദ്യാർത്ഥിക്കും ടാബ്ലറ്റ് നൽകണം തുടങ്ങി വിവിധ നിർദ്ദേശങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്.

ലാപ്പ് കോഡിനേറ്റർ വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാതല റിസോഴ്സ് അധ്യാപിക ഇ സിമ്മി മോഡറേറ്റർ ആയി. ദീപക് അരുൺ കൊല്ലം, നിരഞ്ജന ഹരി തിരുവനന്തപുരം, മീനാക്ഷി അനിൽ കോഴിക്കോട്, പൗർണമി കാസർഗോഡ്, അർച്ചന പ്രദീപ് വെഞ്ഞാറമൂട്, എ എസ് നന്ദന ചടയമംഗലം,മിന ഭരതന്നൂർ, നിയ മോഹൻലാൽ ഞെക്കാട്, ശ്രിയ സത്യജിത്ത് മടപ്പള്ളി, ദേവിക ചിങ്ങപുരം, ആദിത്യ അനിൽകുമാർ ശാസ്താംകോട്ട, ഋതുവർണ കുറ്റ്യാടി അവർണ്ണകൃഷ്ണ, ദേവനന്ദ, ഹാരുൺ റഷീദ്, വി ഡി ദേവനന്ദ,അബി ലക്ഷ്മെ തുടങ്ങിയവർ തങ്ങളുടെ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. കാസർഗോഡ് തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മുതൽ തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ ബിടെക് വിദ്യാർഥിനി ഉൾപ്പെടെ ഉള്ള വ്യത്യസ്തമായ വിദ്യാർത്ഥി സമൂഹത്തെ പ്രതിനിധീകരിക്കുന്നതായിരുന്നു ചർച്ച.
ഗാർഗീ നന്ദ, അമാന ഫിർദൗസ്, അൻസിക എന്നിവർ പരിപാടിയുടെ അവതാരകരായി.


“സുരക്ഷിതരായിരിക്കാം, സുരക്ഷിതരായി പഠിക്കാം” എന്ന മുദ്രാവാക്യവുമായി ഇംഗ്ലീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ആരംഭിച്ച ‘ലാംഗ്വേജ് എക്യുസിഷൻ പ്രോഗ്രാം (ലാപ്)’ ശില്പശാല പരമ്പര ആണ് 81 ആഴ്ച പൂർത്തിയാക്കിയത്.
സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷ് ബിരുദധാരികളായ അധ്യാപകരെ നിയമിക്കണം എന്ന 2002 ലെ സർക്കാർ ഉത്തരവിന് വേണ്ടി പ്രവർത്തിച്ചത് ഉൾപ്പെടെ കേരളത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസരംഗത്ത് വ്യക്തമായ ഇടപെടലുകൾ നടത്തിയിട്ടുള്ള സംഘടനയാണ് ഇംഗ്ലീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ. ഞായറാഴ്ചകളിൽ രാത്രി 7.30 മുതൽ 9.30 വരെയാണ് ശില്പശാല നടത്താറ്.

2021 ഏപ്രിൽ 25ന് നടന്ന ആദ്യ ശില്പശാല പ്രശസ്ത ഇംഗ്ലീഷ് അധ്യാപിക കൂടിയായ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്, വിവിധ എംഎൽഎമാർ, ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ ഡോ. ജീവൻ ബാബു ഐഎഎസ്, കൈറ്റ് സിഇഒ അൻവർ സാദത്ത്, എസ് എസ് കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ സി രാധാകൃഷ്ണൻ, സംസ്ഥാന, ജില്ലാതല വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവർ ശില്പശാലകൾ ഉദ്ഘാടനം ചെയ്തു. ബംഗളൂർ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ പി കെ ജയരാജ്, പൂജ ഗിരി, സുമൻ ബണ്ടി ഡൽഹിയിൽ നിന്നുള്ള രചന ബാബേൽ, തെലങ്കാനയിൽ നിന്നുള്ള കല്യാണി രചകൊണ്ട, യു എ ഇ യിൽ നിന്ന് കെ പി ലിബീഷ് തുടങ്ങിയവർ വിവിധ ശില്പശാലകൾ നയിച്ചത് ശ്രദ്ധേയമായി.

ശ്രീജിത്ത് വിയ്യൂർ മാജിക്കിലൂടെയും ജീവ് മാത്യു സംഗീതത്തിലൂടെയും ഇംഗ്ലീഷ് അധ്യാപനം നടത്തിയത് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി. ഒരു ശിൽപശാലയുടെ ഉദ്ഘാടനത്തിന് സ്വീഡനിൽ നിന്നുള്ള ധന ഗിബ്സ് എത്തിച്ചേർന്നത് വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി. 75 ആമത് ശില്പശാല ഉദ്ഘാടനം ചെയ്തത് ലണ്ടനിൽ നിന്നുള്ള നവോമി ക്ലാർക്ക് ദീജ് ഫിലിപ്സ് എന്നിവർ ചേർന്നായിരുന്നു. പരിപാടിയുടെ അവതരണം, അധ്യക്ഷത, സ്വാഗതം, പ്രാർത്ഥന, നന്ദി തുടങ്ങിയവ ഒക്കെ വിദ്യാർത്ഥികൾ തന്നെയാണ് കൈകാര്യം ചെയ്യാറ്. അധ്യാപക ദിനത്തിലും ശിശുദിനത്തിലും വിദ്യാർഥികളായ ദീപക് അരുൺ, ഹരിപ്രിയ ഹേമന്ദ്, ആൻ മേരി അഗസ്റ്റിൻ, ആബേൽ ബിജു, ഗാർഗീ നന്ദ, അമാന ഫിർദൗസ്, അർച്ചന പ്രദീപ്, മീനാക്ഷി അനിൽ എന്നിവർ ശില്പശാല നയിച്ചു.100 ശില്പശാലകൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം എന്ന് കോർഡിനേറ്റർ വടയക്കണ്ടി നാരായണൻ പറഞ്ഞു.സുനൈന മേനോൻ, ഇന്ദു തേവന്നൂർ, ടിപി ജോൺസൺ, സി ബൈജു, സ്നേഹ വിക്ടർ, ആശാലത തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ജി എച്ച് എസ് എസ് തേവന്നൂർ, ജി എം ജി എച്ച് എസ് എസ് ചടയമംഗലം, ജി എം എച്ച് എസ് എസ് വെഞ്ഞാറമൂട്, ജി വി എച്ച് എസ് എസ് തിരുവില്വാമല, സി കെ ജി എം എച്ച് എസ് എസ് ചിങ്ങപുരം, ജിഎച്ച്എസ് തച്ചങ്ങാട് തുടങ്ങിയ വിദ്യാലയങ്ങളാണ് കൂടുതൽ അവതാരകരും പങ്കാളികളും ആയ വിദ്യാർത്ഥികളെ സംഭാവന ചെയ്തത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button