DISTRICT NEWS
സേവിന് ഇനി ഔദ്യോഗികമായി പ്രവർത്തിക്കാം In

കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളിൽ 2014 മുതൽ അനൗപചാരികമായി പ്രവർത്തിച്ചുവരികയായിരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന് സ്കൂളുകളിൽ ഔപചാരികമായി പ്രവർത്തിക്കുവാനുള്ള ഔദ്യോഗിക അനുമതി ലഭിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ടി ഷാജഹാന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത്. ഇതുപ്രകാരം സേവിന് ജില്ലയിലെ എൽപി, യുപി, ഹൈസ്കൂളുകളിൽ പ്രവർത്തിക്കാനും അധ്യാപകർക്ക് സേവിന്റെ യോഗങ്ങളിൽ പങ്കെടുക്കാനും ഔദ്യോഗിക അനുമതി ലഭിച്ചു. ഈ ഉത്തരവ് പ്രകാരം ജില്ലയിലെ മുഴുവൻ എൽപി, യുപി, ഹൈസ്കൂളുകളിലും സേവിന്റെ യൂണിറ്റ് രൂപീകരിക്കാനും സബ്ജില്ലാതല സമിതികളുടെ രൂപീകരണം 20നകം പൂർത്തിയാക്കാനും കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത എ ഇ ഒ മാരുടെയും പ്രധാനാധ്യാപകരുടെയും യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ നിർദ്ദേശം നൽകി.
ഇരുപതിലേറെ ഇനങ്ങളുള്ള പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയാണ് സേവ്. വിദ്യാർത്ഥികൾ നിത്യേന കഴുകി ഉണക്കി വീടുകളിൽ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം മൂന്നു മാസത്തിലൊരിക്കൽ സ്കൂളുകളിൽ കൊണ്ടു വന്നു ശേഖരിച്ച് സംസ്കരണത്തിന് അയക്കുന്ന “ചെലവ് രഹിത പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതി”, കുന്നിൻ മുകളിൽ നിന്നും മഴ ആസ്വദിച്ചുകൊണ്ട് താഴേക്ക് നടക്കുന്ന “മഴയാത്ര”, വേനലിൽ വലയുന്ന പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കും കുടിനീർ നൽകുന്ന “പക്ഷിക്ക് കുടിനീർ”, ഓരോ വിദ്യാലയവും ഓരോ ജലാശയം തിരഞ്ഞെടുത്ത് ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ച് സംരക്ഷിക്കുന്ന “ജീവജലം”, പാതയ്ക്കിരുവശവും തണൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്ന “തണൽ വഴികൾ”, ക്യാമ്പസുകളിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്ന “ഔഷധസസ്യ പൂങ്കാവനം”, പൂച്ചെടികൾ വെച്ചുപിടിപ്പിക്കുന്ന “പൂമ്പാറ്റ പൂങ്കാവനം”, പ്ലാസ്റ്റിക് ബോട്ടിലുകൾ ഒഴിവാക്കി സ്റ്റീൽ വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന “നല്ല വെള്ളം നല്ല പാത്രം”, ബോൾ പേനകൾ ഒഴിവാക്കി മഷി പേനകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന “മഷിപ്പേനയിലേക്ക് മടക്കം” തുടങ്ങിയവയായിരുന്നു സേവിന്റെപ്രധാന ഇനങ്ങൾ.
ആരിൽ നിന്നും ഫണ്ടുകൾ സ്വീകരിക്കാതെ, കുട്ടികളുടെ പഠന സമയം നഷ്ടപ്പെടുത്താതെ അനൗപചാരികമായി ആയിരുന്നു സേവ് ഇത്രയും കാലം പ്രവർത്തിച്ചിരുന്നത്. ഇപ്പോഴാണ് ഔപചാരികമായി പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കുന്നത്.
പ്രവർത്തന സൗകര്യത്തിനായി വനം വന്യജീവി ബോർഡ് അംഗം പ്രൊഫ. ശോഭീന്ദ്രൻ പ്രസിഡണ്ടും വിദ്യാഭ്യാസ ഉപഡയറക്ടർ ഇ കെ സുരേഷ് കുമാർ സെക്രട്ടറിയും അബ്ദുള്ള സൽമാൻ ഖജാൻജിയും ആയി സോസൈറ്റി നിയമ പ്രകാരം സേവ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
Comments