പേവിഷ ബാധക്കെതിരെ ജാഗ്രത പാലിക്കുക

രോഗലക്ഷണങ്ങൾ പ്രകടമായാൽ മരണം ഉറപ്പായ അതിഭീകരമായ പകർച്ച വ്യാധിയായതിനാൽ പേ വിഷബാധ അഥവാ റാബീസിനെതിരെ എല്ലാവരും അതീവ കരുതലും ജാഗ്രതയും പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. വി. ഉമ്മർ ഫാറൂഖ് അറിയിച്ചു. ചെറിയ അശ്രദ്ധ പോലും ദാരുണമായ മരണത്തിന്‌ കാരണമായേക്കും.

ഉഷ്ണരക്തം ശരീരത്തിലോടുന്ന ഏത് മൃഗങ്ങളെയും രോഗബാധിതരാക്കാനുള്ള ശേഷി റാബീസ് വൈറസിനുണ്ട്. മൃഗങ്ങളിൽ നിന്നാണ്‌ മനുഷ്യരിലേക്ക് പകരുന്നത്. വളർത്തു മൃഗങ്ങൾ ഉൾപ്പെടെ വൈറസ് ബാധിച്ച നായ, പൂച്ച, കുറുക്കൻ, ചെന്നായ, കീരി, മറ്റു വന്യമൃഗങ്ങൾ തുടങ്ങിയവയുടെ കടിയോ മാന്തലോ അല്ലെങ്കിൽ അവയുടെ ഉമിനീർ നമ്മുടെ ശരീരത്തിലെ മുറിവുകളിൽ പുരളുകയോ ചെയ്യുന്ന സാഹചര്യങ്ങളിലാണ് റാബീസ് നമ്മുടെ ശരീരത്തിൽ കയറിക്കൂടുന്നത്. അടിയന്തര ചികിത്സയും കൃത്യമായ ഇടവേളകളിലുള്ള പ്രതിരോധ കുത്തി വെപ്പുകളും ലഭിച്ചാൽ നാഡീ വ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിക്കാൻ ഇടയുള്ള റാബീസ് വൈറസുകളെ പ്രതിരോധിക്കാനും മരണം സംഭവിക്കുന്നത് പൂർണ്ണമായും ഒഴിവാക്കാനും സാധിക്കും.

പേ വിഷബാധയേറ്റ മൃഗങ്ങളുടെ ഉമിനീര്‍ഗ്രന്ഥികളും, ഉമിനീരുമാണ് വൈറസിന്റെ സംഭരണ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍. കടിക്കുകയോ, അവയുടെ ഉമിനീര്‍ പുരണ്ട നഖം കൊണ്ട് മാന്തുകയോ  മുറിവിലോ ശരീരത്തിലേറ്റ ചെറുപോറലുകളിലോ വായിലെയോ കണ്ണിലേയോ ശ്ലേഷ്മസ്തരങ്ങളിലോ ഉമിനീര്‍ പുരളുകയോ ചെയ്യുമ്പോള്‍  വൈറസ്  മുറിവില്‍ നിക്ഷേപിക്കപ്പെടുന്നു. വൈറസ് ശരീരത്തിൽ എത്തി രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വരെയുള്ള ഇടവേള ഒരാഴ്ച മുതല്‍ മൂന്ന് മാസം വരെ നീളും. എന്നാല്‍ ഒരു വര്‍ഷം വരെയും അതിലധികവും നീണ്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. അതിനാല്‍ കടിയേറ്റ ഉടനെയുള്ള പ്രഥമശുശ്രൂഷയും രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുമ്പ്‌ കൃത്യമായ  ഇടവേളയില്‍ എടുക്കുന്ന പ്രതിരോധ കുത്തിവെപ്പുകളും നമ്മെ മരണത്തിൽ നിന്നും കാത്ത് രക്ഷിക്കുന്നു. മൃഗങ്ങളിൽ നിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ വളരെ പ്രധാനപ്പെട്ടതാണ്.

ആദ്യം മുറിവേറ്റ ഭാഗം ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കുക. മുറിവില്‍ നിന്നും ഉമിനീരിന്‍റെ അംശം പൂർണമായും നീക്കിയ ശേഷം മുറിവിൽ സോപ്പ് പതപ്പിച്ച് വീണ്ടും പതിനഞ്ചു മിനിറ്റ് സമയമെടുത്ത് കഴുകി വൃത്തിയാക്കണം. റാബീസ് വൈറസിന്റെ പുറത്തുള്ള ലിപിഡ് തന്മാത്രകൾ ചേര്‍ന്ന ഇരട്ട സ്ഥരത്തെ അലിയിപ്പിച്ച് കളഞ്ഞ് വൈറസിനെ നിര്‍വീര്യമാക്കാൻ സോപ്പിന് കഴിയും. മുറിവ് വൃത്തിയാക്കുമ്പോൾ കൈകളില്‍ ഗ്ലൗസ് ഉപയോഗിക്കണം. ശേഷം മുറിവില്‍ നിന്ന് നനവ് ഒപ്പിയെടുത്ത ശേഷം പോവിഡോൺ അയഡിൻ പോലുള്ള ലേപനങ്ങൾ പുരട്ടുകയും  ഉടനടി വൈദ്യസഹായം തേടുകയും വേണം. വീട്ടിൽ വളർത്തുന്ന, വിശ്വാസമുള്ള മൃഗങ്ങളാണെങ്കിൽ പോലും നിർബന്ധമായും കുത്തിവെപ്പെടുക്കണം.

പ്രതിരോധ കുത്തിവെപ്പ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കും

റാബീസ് വാക്സീൻ, ഇമ്മ്യൂണോഗ്ളോബുലിൻ എന്നീ രണ്ട് പ്രതിരോധ മരുന്നുകളാണ് പ്രധാനമായും പേ വിഷബാധക്കെതിരെ ഉപയോഗിക്കുന്നത്. മുറിവിന്റെ സ്വഭാവമനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ് തിരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നെല്ലാം സൗജന്യമായി ലഭിക്കുന്നതാണ്. ആന്റി റാബീസ് സിറമായ ഇമ്മ്യൂണോ ഗ്ലോബുലിൻ സർക്കാർ മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിലും ലഭ്യമാണ്.

ഒരിക്കൽ കടിയേറ്റതിന് ശേഷമുള്ള മുഴുവന്‍ കുത്തിവയ്പുകളോ പൂര്‍ണ്ണമായ മുന്‍കൂര്‍ പ്രതിരോധകുത്തിവയ്പുകളോ എടുത്ത ഒരാള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും കടിയോ, മാന്തോ ഏറ്റാൽ  മുറിവുകളുടെ പരിചരണം മാത്രമേ ആവശ്യമുള്ളൂ. പ്രതിരോധ കുത്തിവയ്പ്പുകൾ മുഴുവൻ ഡോസുകളും ഒരിക്കൽ എടുത്താൽ, വ്യക്തിയുടെ ശരീരത്തിൽ വർഷങ്ങളോളം പ്രതിരോധശേഷി  നിലനിൽക്കുമെങ്കിലും മൂന്ന് മാസത്തിന്  ശേഷമാണ് കടിയേല്‍ക്കുന്നതെങ്കില്‍ പ്രതിരോധ ശേഷിയെ ഉണർത്തുന്നതിനായി കടിയേറ്റ ദിവസവും മൂന്നാം ദിവസവും രണ്ട് തവണകളായി  വാക്‌സിൻ എടുക്കണം. കുത്തിവയ്പ്പ് വിവരങ്ങൾ കൃത്യമായി ഓർക്കാത്തവരും മുൻപ് മുഴുവൻ കുത്തിവയ്പ്പും എടുക്കാത്തവരും വീണ്ടും ക്രമപ്രകാരമുള്ള മുഴുവൻ കോഴ്സ് വാക്സിൻ എടുക്കണം.

നായ, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർ, പെറ്റ് ഷോപ്പുകളിലെയും കെന്നലുകളിലെയും കാറ്ററികളിലെയും ജീവനക്കാർ, മൃഗശാല ജീവനക്കാര്‍, വനം വകുപ്പ് ജീവനക്കാർ ഉൾപ്പെടെ  വന്യമൃഗങ്ങളുമായി ഇടപഴുകുന്നവർ, വെറ്ററിനറി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവർ മുൻകൂറായി 0, 7, 28  ദിവസങ്ങളിലെന്ന ക്രമത്തിൽ പേ വിഷ പ്രതിരോധ  കുത്തിവയ്പ്പ് എടുക്കുകയും വർഷാവർഷം ആവശ്യമെങ്കിൽ ബൂസ്റ്റർ ഡോസ് കൂടി എടുക്കുകയും വേണം. മുൻകൂറായി 0, 7, 28  ദിവസങ്ങളിൽ പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ 0, 3 ദിവസക്രമത്തിൽ പ്രതിരോധശേഷിയെ ഉണർത്തുന്നതിനായി രണ്ട് കുത്തിവയ്പ്പുകൾ മാത്രം എടുത്താൽ മതി. വളർത്തുമൃഗങ്ങൾക്ക് റാബിസിനെതിരെയുള്ള കുത്തിവയ്പ്പ് കൃത്യമായി എടുക്കുകയും വർഷാവർഷം ബൂസ്റ്റർ ഡോസ് നൽകുകയും ചെയ്യണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

Comments

COMMENTS

error: Content is protected !!