ചേമഞ്ചേരി യു പി സ്കൂൾ അവധിക്കാലം അറിവുത്സവമാക്കമാന്‍ വിദ്യാർത്ഥികള്‍ക്ക് പൊതു വിജ്ഞാന പുസ്തകം തയ്യാറാക്കി


വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികള്‍ക്കായി തയ്യാറാക്കിയ QUEST 2023
പൊതു വിജ്ഞാനമാലികയാണ് ചേമഞ്ചേരി യു പി സ്കൂൾ പ്രകാശനം ചെയ്തത്. 600 ലധികം ചോദ്യോത്തരങ്ങൾ അടങ്ങിയ വളരെ ആകർഷകമായ രൂപത്തിൽ തയ്യാറാക്കിയ പൊതു വിജ്ഞാന പുസ്തകമാണ് QUEST. ഇതിലൂടെ അറിവിന്റെ വ്യത്യസ്തമായ തലങ്ങളിലൂടെ സഞ്ചരിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുകയാണ് .

ഒന്നു മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന ചേമഞ്ചേരി യു  പി സ്കൂളിലെ എല്ലാ കുട്ടികൾക്കും ഈ പൊതു വിജ്ഞാന മാലിക നൽകും. ഓരോ ദിവസവും പഠിക്കാനുള്ള ഭാഗങ്ങൾ മുൻകൂട്ടി അറിയിക്കുകയും അതിനെ ആസ്പദമാക്കി ക്ലാസ് തലത്തിൽ ക്വിസ് മത്സരവും സംഘടിപ്പിക്കും.തുടർന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കും മെഗാ ക്വിസ് മത്സരവും പ്രത്യേക പരീക്ഷയും നടത്തി വിജയികളെ കണ്ടെത്തും.

എല്ലാ കുട്ടികളെയും പൊതു വിജ്ഞാനത്തിന്റെ വിവിധ തലങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് പുസ്തകം പ്രകാശനം ചെയ്തു.വിദ്യാരംഗം ജില്ല കോർഡിനേറ്റർ ബിജു കാവിൽ പുസ്തകം പരിചയപ്പെടുത്തി. പി ടി എ പ്രസിഡണ്ട് വി സുബൈർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി കെ സജിത ആമുഖ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൊയ്‌തീൻ കോയ, ഗ്രാമ പഞ്ചായത്ത് മെമ്പർ വത്സല പുല്യത്ത്, സ്കൂൾ ലീഡർ മുഹമ്മദ് യാമിൻ ഹസ്സൻ, സ്റ്റാഫ് സെക്രട്ടറി കെ കെ ശ്രീഷു എന്നിവർ സംസാരിച്ചു. ലോകകപ്പ് പ്രവചന മത്സരത്തിൽ വിജയിയായ നാലാം ക്ലാസ് വിദ്യാർത്ഥി ആഹിലിന് ചടങ്ങിൽ ഉപഹാരം നൽകി.

Comments
error: Content is protected !!