KERALA

സോണിയ തുടരും; രാഹുലിന് മടി

വീണ്ടും കോൺഗ്രസ്‌ അധ്യക്ഷനാകാന്‍ രാഹുൽ ഗാന്ധി വിമുഖനായതിനാല്‍ ഒരു വര്‍ഷത്തേക്കുകൂടി സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷപദവിയിൽ തുടരും. വീണ്ടും കോണ്‍​ഗ്രസിനെ നയിക്കണമെന്ന് പ്രവർത്തകസമിതി യോഗത്തില്‍ ഒരുവിഭാ​ഗം അഭ്യര്‍ഥിച്ചെങ്കിലും രാഹുൽ താല്പര്യം കാണിച്ചില്ല. ഇതോടെ, 2022 ആഗസ്‌ത്‌ 21നും സെപ്‌തംബർ 20നും ഇടയിൽ പുതിയ അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ്‌ നടത്താൻ യോഗം തീരുമാനിച്ചു.

കോൺഗ്രസ്‌ മുഖ്യമന്ത്രിമാരും എ കെ ആന്റണി, അംബിക സോണി തുടങ്ങിയവരുമാണ് രാഹുലിനോട് പദവിയേറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചത്.  പരിഗണിക്കാമെന്നുമാത്രം പറഞ്ഞ രാഹുൽ നേതാക്കളുടെ നിലപാടുകളില്‍ കൂടുതൽ വ്യക്തത വേണമെന്നും പറ‍ഞ്ഞു. മോദി സർക്കാരിനെതിരെ കൈക്കോർക്കാൻ എല്ലാ ജനാധിപത്യ പാർടികളും ശക്തികളും തയ്യാറാകണമെന്ന്‌ രാഷ്ട്രീയപ്രമേയം പാസാക്കി.

എഐസിസി ആസ്ഥാനത്ത്‌ പ്രവർത്തകസമിതി യോഗത്തിൽ മുഖ്യമന്ത്രിമാരടക്കം 57 പേർ പങ്കെടുത്തു. നേരിട്ടുള്ള പ്രവര്‍ത്തകസമിതി യോ​ഗം ചേരുന്നത് 18 മാസത്തിനുശേഷം. യുപി, പഞ്ചാബ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒരുക്കം വിലയിരുത്തി. കോൺഗ്രസ്‌ അംഗങ്ങൾക്ക്‌ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന്‌ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button