സ്കൂൾ തുറക്കുന്നത് പ്ലസ് വൺ കേസിലെ കോടിതി വിധിക്ക് ശേഷം തീരുമാനിക്കും
സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം പ്ലസ് വൺ കേസിലെ സുപ്രീം കോടതി വിധി അറിഞ്ഞശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സർക്കാരിനെ രേഖാമൂലം നിലപാട് അറിയിക്കും. സംസ്ഥാനത്ത് അധ്യാപകരുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏത് സാഹചര്യത്തിലാണ് പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതിയിൽനിന്ന് ഉത്തരവുണ്ടായതെന്ന് അറിയില്ല. പരീക്ഷ നടത്താൻ സംസ്ഥാന സർക്കാർ സജ്ജമാണെന്ന് കോടതിയെ അറിയിക്കും. കോവിഡ് കാലത്ത് പരീക്ഷ നടത്തി സംസ്ഥാനത്തിന് പരിചയമുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഈ മാസം 13 വരെ പ്ലസ് വൺ പരീക്ഷ നടത്തരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. പ്ലസ് വൺ പരീക്ഷ ഓഫ്‌ലൈനായി നടത്താനായിരുന്നു സർക്കാർ തീരുമാനം.
അഭിഭാഷകനും കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റുമായ റസൂൽ ഷാനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.