സ്വകാര്യ ബസില്‍ ചില്ലറ നാണയത്തിനൊപ്പം കൈമാറിയ സ്വര്‍ണ്ണ നാണയം അഞ്ചുമാസങ്ങള്‍ക്ക് ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു

ചില്ലറ നാണയത്തിനൊപ്പം സ്വകാര്യ ബസില്‍  കൈമാറിയ സ്വര്‍ണ്ണ നാണയം അഞ്ചുമാസങ്ങള്‍ക്ക് ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. കാവിലുമ്പാറ ആക്കല്‍ മുട്ടിയോട്ട് തെങ്ങുംതറോല്‍ രാജീവനാണ് നഷ്ടമായ നാണയം മാസങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചത്. കോഴിക്കോട് ഏവിയേഷന്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഷഹ്ദാദാണ് സ്വര്‍ണ്ണ നാണയം രാജീവന് തിരികെ നല്‍കിയത്.

ജൂണ്‍ 19നാണ് രാജീവന് നാണയം നഷ്ടമായത്. കോഴിക്കോട് കുറ്റ്യാടി തൊട്ടില്‍പ്പാലം റൂട്ടിലോടുന്ന കെസിആര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്നു രാജീവ് ടിക്കറ്റ് ചാര്‍ജായ 13 രൂപ നല്‍കിയ കൂട്ടത്തില്‍ അഞ്ച്, രണ്ട്, ഒരു രൂപ നാണയത്തിനൊപ്പം സ്വര്‍ണ നാണയവും കണ്ടക്ടറക്ക് അറിയാതെ നല്‍കുകയായിരുന്നു. ബസില്‍ നിന്ന് ഇറങ്ങിയതിനു ശേഷമാണ് സ്വര്‍ണ നാണയം നഷ്ടപ്പെട്ട വിവരം രാജീവന്‍ അറിയുന്നത്. ഉടന്‍ തന്നെ സ്റ്റാന്‍ഡിലെത്തി അന്വേഷിച്ചെങ്കിലും ബസ് കടന്നുപോയിരുന്നു. തുടര്‍ന്ന് കണ്ടക്ടറെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് നാണയം കൈമാറി പോയി എന്ന വിവരം അറിയുന്നത്. തുടര്‍ന്ന് രാജീവ് പൊലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ലഭിച്ചത് സ്വര്‍ണനാണയമാണെന്ന് അറിയാതെ ഷഹ്ദാദ് അത് തന്റെ സമ്പാദ്യ പെട്ടിയില്‍ ഇടുകയായിരുന്നു. കഴിഞ്ഞ ദിവസം സമ്പാദ്യ പെട്ടി പൊളിച്ചപ്പോഴാണ് സ്വര്‍ണ നാണയം ഷഹ്ദാദ് കാണുന്നത്. ഇതിനിടെ നാണയം നഷ്ടപ്പെട്ട രാജീവിനെക്കുറിച്ചുള്ള പത്രവാര്‍ത്ത ഓര്‍മ വരുകയായിരുന്നു. ഇതോടെ പിതാവുമായി കുറ്റ്യാടി സിഐയെ കണ്ട് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടില്‍പ്പാലം സ്റ്റേഷനിലെത്തി ഷഹ്ദാദ് രാജീവന് സ്വര്‍ണ നാണയം കൈമാറി.

കളഞ്ഞു പോയ സ്വര്‍ണനാണയം തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് രാജീവന്‍ പറഞ്ഞു. നാണയം തിരികെ നല്‍കിയതിന് ഷഹ്ദാദിനോട് രാജീവന്‍ നന്ദി അറിയിക്കുകയും ചെയ്തു.

Comments

COMMENTS

error: Content is protected !!